കൊള്ള മുതലിൽ നിന്നു 2.94 ലക്ഷം എടുത്ത് റിജോ സഹപാഠിയുടെ കടം വീട്ടി; പണവുമായി സുഹൃത്ത് പൊലീസ് സ്റ്റേഷനിൽ

ചാലക്കുടി പോട്ടയിലെ ബാങ്കിൽ നിന്നു 15 ലക്ഷം കവർന്ന പ്രതി റിജോ ആന്റണി ഇതിൽ 2.94 ലക്ഷം നൽകിയത് അന്നനാട് സ്വദേശിയായ സഹപാഠിക്ക്. ഇയാളിൽ നിന്നു കടം വാങ്ങിയ പണമാണ് റിജോ തിരികെ നൽകിയത് എന്നാണ് വിവരം. എന്നാൽ റിജോ പിടിയിലായതു കണ്ട് ഇയാൾ ഞെട്ടി. പിന്നാലെ പണവുമായി പൊലീസ് സ്റ്റേഷനിലെത്തിയ ഇയാൾ അതു തിരികെ പൊലീസിനെ എൽപ്പിച്ചു. മോഷണ മുതലാണ് റിജോ തനിക്കു തന്നതെന്നു സഹപാഠിക്ക് അറിയില്ലായിരുന്നു.
റിജോ ചോദ്യങ്ങൾക്കെല്ലാം പലവിധ മറുപടികൾ പറയുന്നത് പൊലീസിനെ കുഴപ്പിക്കുന്നുണ്ട്. വിശദമായി ഇയാളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു.
49 ലക്ഷം രൂപ തനിക്ക് കടമുണ്ടെന്നും ഇതു വീട്ടാൻ വേണ്ടിയാണ് കവർച്ച നടത്തിയതെന്നുമാണ് പ്രതി പൊലീസിനു നൽകിയ മൊഴി. മോഷ്ടിച്ച പണത്തിൽ നിന്നു 2.94 ലക്ഷം രൂപയെടുത്തു കടം വീട്ടിയെന്നു റിജോ മൊഴി നൽകിയിരുന്നു. ഈ പണമാണ് സഹപാഠി പൊലീസിനെ തിരിച്ചേൽപ്പിച്ചിരിക്കുന്നത്.