നാടിനെ നടുക്കിയ ആലുവ കൂട്ടകൊലപാതകം പലതും ഇന്നും ദുരൂഹം

കേരള ചരിത്രത്തിൽ തന്നെ ഏറ്റവും ഭയാനകമായ പൈശാചികമായ കൂട്ടക്കൊലയായിരിക്കും ആലുവ കൂട്ടക്കൊല.
2001 ജനുവരി 6ന് ആലുവ ടൗണിലെ മാഞ്ഞൂരാൻ വീട്ടിലാണ് ഈ ദാരുണ സംഭവം നടന്നത്.
ആലുവ ടൗണിൽ ഇലക്ട്രോണിക് & ഹാർഡ്വെയർ കട ഉടമ മാഞ്ഞൂരാൻ അഗസ്റ്റിൻ(47),ഭാര്യ ബേബി(42), അവരുടെ പന്ത്രണ്ടും പതിനാലും വയസുള്ള മക്കളായ ദിവ്യ,ജയ്മോൻ,അഗസ്റ്റിൻ്റെ അമ്മ ക്ലാര(74),സഹോദരി കൊച്ചുറാണി(42) എന്നിവർ ആണ് കൂട്ടക്കൊലക്ക് ഇരയായത്.
കൊലപാതകം നടത്തിയ പ്രതി ആൻ്റണിയെ ആഴ്ചകൾക്ക് ഉള്ളിൽ കേരള പോലിസ് തന്ത്രപൂർവ്വം കുടുക്കി.
ആലുവ കൂട്ടക്കൊലയും, അതിലെ ദുരൂഹതയും, അന്ന് നാട്ടിൽ പടർന്ന ഭീതിയും,തുടർ അന്വേഷണവും ഒക്കെയാണ് ഇന്ന് പറയുന്നത്.
കൊല്ലപ്പെട്ട അഗസ്റ്റിൻ്റെ കുടുംബ സുഹൃത്തായിരുന്നു പ്രതി ആൻ്റണി. ആൻ്റണിക്ക് അഗസ്റ്റിൻ്റെ സഹോദരി കൊച്ചുറാണിയുമായി പ്രത്യേക അടുപ്പം ഉണ്ടായിരുന്നു. ഗൾഫിൽ പോകുവാൻ തയ്യാർ എടുത്ത് നിൽക്കുന്ന ആൻ്റണിക്ക് ഒന്നര ലക്ഷത്തോളം രൂപ കൊടുക്കാം എന്ന് കൊച്ചുറാണി ഏറ്റിരുന്നു.
ആൻ്റണി ഗൾഫിലേക്ക് പോകുന്നതിൻ്റെ തലേ ദിവസം രാത്രി,അതായത് കൊലപാതകം നടന്ന അന്ന് രാത്രി രൂപ മേടിക്കാൻ ആൻ്റണി മാഞ്ഞൂരാൻ വീട്ടിൽ എത്തി. ആ സമയം അഗസ്റ്റിനും ഭാര്യ ബേബിയും മക്കളും തിയറ്ററിൽ ദിലീപിൻ്റെ ജോക്കർ സിനിമ കാണുവാൻ ഇറങ്ങാൻ തുടങ്ങുകയായിരുന്നു. അവർ ആൻ്റണിയെ കണ്ടൂ,ഗൾഫിലെക്ക് ഉള്ള യാത്രയുടെ വിവരങ്ങൾ ഒക്കെ ആൻ്റ്ണിയോട് ചോദിച്ച് അറിഞ്ഞേ ശേഷമാണ് അവർ സിനിമക്ക് പോയത്. മാഞ്ഞൂരാൻ വീട്ടിൽ അമ്മ ക്ലാരയും സഹോദരി കൊച്ചുറാണിയും മാത്രമായി.
ആൻ്റണിക്ക് എല്ലാ വിധ സ്വതന്ത്രവും ആ വീട്ടിൽ പണ്ട് തൊട്ടേ ഉണ്ടായിരുന്നു. അങ്ങനെ കുറെ നേരം ആൻ്റണി ആ വീട്ടിൽ ഇരുന്ന ശേഷം പോകുവാൻ ഇറങ്ങുന്നതിന് മുമ്പ് കൊച്ചു റാണിയോട് അവർ ആൻ്റണിക്ക് കൊടുക്കാം എന്ന് ഏറ്റിരുന്ന രൂപ ചോദിച്ചു.
ഉടനെ കൊച്ചുറാണി കൈ മലർത്തി.
കൊച്ചുറാണിയുടെ ആ പ്രതികരണം ആൻ്റണിയെ ഒരു മൃഗം ആക്കി മാറ്റി,ഉടനെ അയാൾ കൊച്ചുറാണിയെ കഴുത്തിന് പിടിച്ച് ഭിത്തിയിൽ തല ഇടുപ്പിച്ചു. ശബ്ദം കേട്ട് വന്ന അമ്മ ക്ലാരയെ ഇരുമ്പ് സ്റ്റൂൾ കൊണ്ട് തലക്ക് അടിച്ച് വീഴ്ത്തി.രണ്ട് പേരുടെയും ബോധം പോയി മരിച്ചു എന്ന് ആൻ്റണി കരുതി.
മരണം 100% ഉറപ്പിക്കാൻ അയാൾ ക്ലാരയുടെയും കൊച്ചുറാണിയുടെയും ശരീരത്തിൽ കത്തി കൊണ്ടും കോടാലി കൊണ്ടും തുടരെ തുടരെ വെട്ടി,ഒപ്പം അവരുടെ കൈത്തണ്ട കത്തി കൊണ്ട് അറത്ത് മുറിച്ചു. ആൻ്റണി വീട്ടിൽ വന്നത് അഗസ്റ്റിനും മറ്റുള്ളവരും കണ്ടത് കൊണ്ട് അവരെയും വക വരുത്തുവാൻ അയാൾ തീരുമാനിച്ചു.
അങ്ങനെ അവർ സിനിമ കഴിഞ്ഞ് വരുന്നത് വരെ വീട്ടിൽ കാത്ത് ഇരിക്കുവാൻ അയാൾ തീരുമാനിച്ചു.സിനിമ കഴിഞ്ഞ് അഗസ്റ്റിനും കുടുംബവും എത്തിയപ്പോൾ ആൻ്റണി വർക്ക് ഏരിയയിൽ പതുങ്ങി ഇരുന്നു.അമ്മ ക്ലാരയെ അന്വേഷിച്ച് അഗസ്റ്റിൻ ആ വഴി വന്നപ്പോൾ തന്നെ ആൻ്റണി പിന്നിൽ നിന്ന് കോടാലി കൊണ്ട് അഗസ്റ്റിൻ്റെ തലക്ക് വെട്ടി. ശബ്ദം കേട്ട് ഓടി എത്തിയ ബേബിയെയും ആൻ്റണി ഒളിച്ചിരുന്നു കോടാലി മൂട് കൊണ്ട് തലക്ക് അടിച്ച് വീഴ്ത്തി.
ബേബിക്ക് പുറകെ വന്ന മകൾ ദിവ്യ ഈ ദാരുണ സംഭവം കണ്ട് നിലവിളിച്ച് ഓടാൻ നോക്കി ആ പെൺകുട്ടിയെയും ആൻ്റണി തലക്ക് അടിച്ച് വെട്ടി വീഴ്ത്തി. ശബ്ദം കേട്ട് ഓടി എത്തിയ മകൻ ജയ്മോൻ ഓടി രക്ഷപെടാൻ ശ്രമിക്കാതെ ആൻ്റണിയെ ഓടി കെട്ടിപിടിച്ചു എന്നെ ഒന്നും ചെയ്യല്ലേ അങ്കിളെ എന്ന് പറഞ്ഞു, പക്ഷേ മൃഗമായി മാറിയ അയാൾ ഇതൊന്നും ചെവി കൊണ്ടില്ല, ആ കുഞ്ഞ് പയ്യനെയും ഒരു ദയയും ഇല്ലാതെ ആൻ്റണി തലക്ക് വെട്ടി.
ഒന്നുംകൂടെ തലങ്ങും വിലങ്ങും അടിച്ചും വെട്ടിനുറുക്കിയും ഞരമ്പ് മുറിച്ചും എല്ലാവരുടെയും മരണം ഉറപ്പാക്കി .
പോസ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം അതിമാരക മുറിവുകൾ ആയിരുന്നു കൊല്ലപ്പെട്ടവരുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. ജയ്മോൻ്റെ തലയോട്ടി വെട്ടി പിളർന്നു നാലായി തലച്ചോർ പുറത്ത് വന്ന അവസ്ഥയിൽ ആയിരുന്നു. അന്വേഷണസംഘത്തിനെ തെറ്റ്ധരിപ്പിക്കാൻ വേണ്ടി പല കാട്ടികൂട്ടലുകളും ആൻ്റണി ആ വീട്ടിൽ നടത്തി,ചുമരിൽ രക്തം കൊണ്ട് അമ്പും വില്ലും വരച്ചു വെച്ചു…
പിറ്റെ ദിവസം വെളുപ്പിനാണ് ആൻ്റണി ആ കൊലപാതകം നടന്ന മാഞ്ഞൂരാൻ വീട്ടിൽ നിന്ന് ഇറങ്ങിയത്…കൊലപാതകം നടന്ന പിറ്റെ ദിവസം അഗസ്റ്റിനും കുടുംബവും ഭാര്യ ബേബിയുടെ തറവാട് വീട്ടിൽ എത്താം എന്ന് ഏറ്റായിരുന്നു.നേരം ഉച്ച ആയിട്ടും അവർ തറവാട്ടിൽ എത്താത്തതിനെ തുടർന്ന് അവർ തുടരെ തുടരെ മാഞ്ഞൂരാൻ വീട്ടിലേക്ക് ഫോൺ വിളിക്കുകയുണ്ടായി. പക്ഷേ ആരും ഫോൺ എടുത്തില്ല.
ഒടുവിൽ അന്ന് സമയം അർദ്ധരാത്രിയോട് അടുത്തപ്പോൾ അടുത്തുള്ള ബന്ധുക്കൾ മാഞ്ഞൂരാൻ വീട്ടിൽ വന്ന് അന്വേഷിച്ചു .
വീടിൻ്റെ കതക് ചാരി കിടക്കുന്നത് കണ്ട അവർ ആകാത്ത കയറിയപ്പോൾ തന്നെ ദുർഗന്ധം പരന്നു, അകത്ത് കേറി ടോർച്ച് അടിച്ചവർ ഞെട്ടിത്തരിച്ചു പോയി. വീട് മുഴുവൻ ചോരക്കളം ആയിരുന്നു. ആ കാഴ്ച സഹിക്കാൻ കഴിയാതെ ഉടനെ അവർ പുറത്ത് ഇറങ്ങി പോലിസിനെ വിളിച്ചു വരുത്തി. പിറ്റെ ദിവസം വെളുപ്പിന് തന്നെ ഈ വാർത്ത കാട്ടൂതീ പോലെ പടർന്നു.
കൊലപാതകം നടത്തിയതിനു ശേഷം ആന്റണി മുംബൈക്ക് പോവുകയും ആ വഴി ഗൾഫിലേക്ക് പറക്കുകയും ചെയ്തു. ക്രിമിനൽ പുള്ളികളെ കൈമാറുന്നതിനുള്ള ധാരണയൊന്നും ഇന്ത്യയുമായി സൗദി അറേബ്യക്ക് അന്ന് ഇല്ലാതിരുന്നതിനാൽ ആന്റണിയെ നിയമാനുസൃതം ഇന്ത്യയിലെത്തിക്കുകയെന്നത് എളുപ്പം നടക്കാവുന്ന കാര്യമായിരുന്നില്ല. പൊലീസ് തന്ത്രപൂർവമായ നീക്കമാരംഭിച്ചു. ആലുവയിലെ ഒരു ഷോപ്പിങ് കോംപ്ലക്സിൽ ഒരു മിനി ടെലിഫോൺ എക്സ്ചേഞ്ച് സജ്ജീകരിച്ചു.
ആന്റണിയുടെ ഭാര്യ ജമ്മയെ ഇവിടെ കൊണ്ടുവന്ന് ആന്റണിയുമായി ടെലിഫോണിലൂടെ പൊലീസ് എഴുതിക്കൊടുത്ത വാചകങ്ങൾ മാത്രം പറയിപ്പിച്ചു. തുടർന്ന്, ആന്റണി ജമ്മയുമായി മറ്റു ഫോണുകളിലൂടെ സംസാരിക്കാതിരിക്കാൻ ജമ്മയെ പൊലീസ് നിരീക്ഷണത്തിലാക്കി. ജമ്മ താമസിക്കുന്ന വീടിനു സമീപമുള്ള എല്ലാ ഫോണുകളും ഡിസ്കണക്ട് ചെയ്തു. കേസ് അന്വേഷണ ചുമതല ഉണ്ടായിരുന്ന സിഐ ബി.ശശിധരനും ഡിവൈഎസ്പി ഏബ്രഹാം ചെറിയാനും മുംബൈയിലെത്തി ആന്റണിയെ സൗദിക്കു കയറ്റിവിട്ട കോസ്മോസ് ട്രാവൽ ഉടമ അരുൺ മേമനുമായി കണ്ട് കാര്യങ്ങൾ മനസിലാക്കി.
ആന്റണി പോയതിൽ പിന്നെ വീട്ടിൽ പ്രശ്നങ്ങളാണെന്നും ആന്റണിയെ തിരികെ കൊണ്ടു വരണമെന്നാവശ്യപ്പെട്ടു ഭാര്യ മുംബൈയിലെ ഓഫിസിലെത്തിയിരിക്കുകയാണെന്നും ഇതിനുള്ള ചെലവു വഹിച്ചുകൊള്ളാമെന്നും അരുൺ മേമൻ സന്ദേശമയച്ചതിന്റെ അടിസ്ഥാനത്തിൽ സൗദിയിലെ സ്പോൺസർ ആന്റണിയെ കയറ്റി വിടാൻ തയാറാകുകയായിരുന്നു. തുടർന്നു സാഹർ എയർപോർട്ടിൽ ട്രാൻസിറ്റ് ലോഞ്ചിൽ വച്ച് ആന്റണിയെ പൊലീസ് പിടികൂടി.
പൊലീസ് സംഘം ആന്റണിയുമായി ഇന്ത്യൻ എയർലൈൻസിന്റെ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തി. പൊലീസിന്റെ ചോദ്യം ചെയ്യലിനോട് ആന്റണി ആദ്യം സഹകരിച്ചില്ല. പലകള്ളങ്ങൾ പറഞ്ഞെങ്കിലും പൊലീസ് തെളിവുകൾ നിരത്തിയതോടെ ആന്റണി കുറ്റം ഏറ്റുപറഞ്ഞു.ആന്റണി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും വധശിക്ഷ വിധിക്കുകയും ചെയ്തു. വിചാരണകോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും മാറ്റമുണ്ടായില്ല.
എല്ലാ കോടതികളും വധശിക്ഷ ശരിവച്ചു. രാഷ്ട്രപതിക്ക് 2010-ല്‍ ദയാഹര്‍ജി നല്‍കിയെങ്കിലും അഞ്ചുവര്‍ഷത്തിനുശേഷം ഹര്‍ജി തള്ളി. സുപ്രീംകോടതിയില്‍ ആദ്യംനല്‍കിയ പുന:പരിശോധന ഹര്‍ജിയും പിന്നീട് തള്ളിയതോടെ ആന്റണിക്ക് തൂക്കുമരം ഉറപ്പായി. മേല്‍ക്കോടതികള്‍ വധശിക്ഷ ശരിവയ്ക്കുകയും ദയാഹര്‍ജി തള്ളുകയും ചെയ്ത സാഹചര്യത്തില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആന്റണിക്കായി കഴുമരം തയ്യാറാക്കുന്ന ജോലികള്‍ തുടങ്ങിയിരുന്നു. ശിക്ഷ നടപ്പിലാക്കാനായി ആരാച്ചാര്‍മാരെ കണ്ടെത്തുകയും ഇവരെ പരിശീലനത്തിനായി തമിഴ്നാട്ടിലേക്ക്അയക്കുകയും ചെയ്തു.
എന്നാല്‍ 2014-ല്‍ അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ആര്.എം. ലോധയുടെ നിര്‍ണായക ഉത്തരവ് ആലുവ കൂട്ടക്കൊലക്കേസിലും വഴിത്തിരിവായി. വധശിക്ഷയ്ക്കെതിരായ പുന:പരിശോധന ഹര്‍ജി തുറന്നകോടതിയില്‍ വാദം കേള്‍ക്കണമെന്നായിരുന്നു അന്നത്തെ ഉത്തരവ്. ഇതോടെ 2014-ലെ ഉത്തരവിന്റെ ആനുകൂല്യം ആന്റണിക്കും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വധശിക്ഷക്കെതിരെ നിലകൊള്ളുന്ന കൂട്ടായ്മകളും ചില അഭിഭാഷകരും വീണ്ടും സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി.
2016-ല്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആന്റണിയുടെ വധശിക്ഷ സ്റ്റേ ചെയ്തു. തുടര്‍ന്ന് പുന:പരിശോധന ഹര്‍ജിയില്‍ വാദം തുടരുകയും ജസ്റ്റിസ് മദന്‍ ബി. ലാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് 2018-ല്‍ വധശിക്ഷ ജീവപര്യന്തമായി ലഘൂകരിക്കുകയുമായിരുന്നു.
കൂട്ടക്കൊലയ്ക്കു ശേഷം പൈപ്പ് ലൈന്‍ റോഡിലെ വലിയ വീട്ടില്‍ ആരും താമസിക്കാനെത്തിയില്ല. വര്‍ഷങ്ങളോളം വീടും സ്ഥലവും അനാഥമായി കിടന്നിരുന്നു. പ്രദേശം കാടു പിടിച്ചതോടെ രാത്രികാലങ്ങളില്‍ അതുവഴി സഞ്ചരിക്കുന്നവര്‍ പോലും ഏറെ ഭയന്നു. കൊലപാതകത്തിന് പത്തു വർഷം പിന്നിട്ടപ്പോൾ മാഞ്ഞൂരാൻ വീട് പൊളിച്ചുനീക്കി. തുരുമ്പെടുത്ത ഗേറ്റും തൂണുകളും മാത്രമാണ് അവിടെയിപ്പോഴുള്ളത്. ഏതാനും വര്‍ഷം മുന്‍പ് ഇവിടെ പുതിയൊരു വീട് ഉയരുകയും ചെയ്തു.
ഈ സംഭവം നടന്ന് ഇത്ര വർഷം ആയിട്ടും അതിന് പിന്നിലെ പല ദുരൂഹതയും സംശയങ്ങളും ഇന്നും ഒഴിയുന്നില്ല.