അഞ്ചാം വരവില് നിറം മങ്ങി സിബിഐ
മമ്മുട്ടി, കെ മധു, എസ് എൻ സ്വാമി കൂട്ടു കെട്ടിൽ ഉടലെടുത്ത സേതുരാമയ്യർ സിബിഐ എന്ന കഥാപാത്രത്തിന്റെ അഞ്ചാം വരവ് ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്.സ്വർഗചിത്രയുടെ ബാനറിൽ അപ്പച്ചൻ നിർമാണം നിർവഹിച്ച ചിത്രം മെയ് ഒന്നിനാണ് തിയറ്ററിലെത്തിയത്.
ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരേ നടനും, സംവിധായകനും, തിരക്കഥാകൃത്തും ഒരേ കഥാപാത്ര സൃഷ്ടിക്ക് വേണ്ടി അഞ്ചു തവണ ഒന്നിക്കുന്നത്, ചിത്രത്തിന്റെ ആദ്യ ഭാഗവും അഞ്ചാം ഭാഗവും തമ്മിൽ 34 വർഷത്തിന്റെ ഇടവേളയുണ്ട്. ഈ കൗതുകം തന്നെയാണ് സിനിമ പ്രേക്ഷകരെ തിയറ്ററിലേക്ക് അടുപ്പിക്കുന്നത്. മമ്മുട്ടി എന്ന നടന്റെ അസാമാന്യ ലുക്കിന് മൂന്നരപ്പതിറ്റാണ്ടെന്ന കാലം ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പരസ്യവും ടാഗ്ലൈനും എല്ലാം. സമൂഹ മാധ്യമങ്ങളിലെല്ലാം സി ബി ഐ ഡയറിക്കുറിപ്പിലെയും ജാഗ്രതയിലെയും പോസ്റ്ററിനൊപ്പം സി ബി ഐ -5 ദി ബ്രെയിനിന്റെ പോസ്റ്ററും ചേർത്തുവെച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്.
മധു, അനൂപ് മേനോൻ, സൗബിൻ ഷാഹിർ, സായികുമാർ, ആശ ശരത്, രഞ്ജി പണിക്കർ, രമേശ് പിഷാരടി, സുദേവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേയതാക്കൾ. ജഗതി ശ്രീകുമാറും അനൂപ് മേനോനും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.
കള, പ്രീസ്റ്റ് എന്നി സിനിമകളിൽ പ്രവർത്തിച്ച അഖിൽ ജോർജാണ് സിനിമയുടെ ഛായാഗ്രാഹകൻ. എ. ശ്രീകർ പ്രസാദാണ് ചിത്രസംയോജനം കാലങ്ങളായി സിബിഐ പതിപ്പുകളിലെ ഐകോണിക് ബിജിഎം ഒരുക്കിയ സംഗീത സംവിധായകൻ ശ്യാമിന്റെ അനുഗ്രഹത്തോടെ ജേക്സ് ബിജോയിയാണ് സിബിഐ 5ന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
സിബിഐയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തിയ കേസാണ് ഈ സിനിമയുടെ കഥാതന്തു. സ്മാർട്ട് ഫോണുകൾ സുലഭമല്ലാത്ത കാലഘട്ടത്തിലാണ് കുറ്റാന്വേഷണ കഥ അരങ്ങേറുന്നത്. ഒരു സ്ട്രെയിറ്റ് ഫോർവേഡ് ഇൻവെസ്റ്റിഗേറ്റീവ് ട്രാക്കിലൂടെയാണ് തിരക്കഥ സഞ്ചരിക്കുന്നത്. ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായതു കൊണ്ട് ഓരോ സംഭാഷണവും പ്രാധാന്യമർഹിക്കുന്നു.
വളരെയധികം കൊട്ടിഘോഷങ്ങളോടെയാണ് പുറത്തിറങ്ങിയതെങ്കിലും അത്ര മികച്ച പ്രതികരണങ്ങളല്ല ചിതത്തിന്. സിബിഐ പതിപ്പുകളിലെ പതിവ് ഫോർമാറ്റ് പോലെ ഒരു നേരെ വാ നേരെ പോ കഥ പറച്ചിൽ രീതി തന്നെയാണ് അഞ്ചാം പതിപ്പിലും പാലിച്ചിരിക്കുന്നത്. സിനിമയുടെ ആദ്യ പകുതിയിൽ അൽപ്പം ലാഗ് അനുഭവിക്കുമെങ്കിലും രണ്ടാം പകുതി ആ കുറവ് മാറ്റിയിട്ടുണ്ട്. മോശമില്ലാത്ത ട്വിസ്റ്റ് എലമെന്റ്സ് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും സിനിമ ശരാശരിയിൽ ഒതുങ്ങിയെന്ന് വിലയിരുത്തേണ്ടി വരും.
ചിത്രത്തിൽ വ്യത്യസ്തമായ ഷോട്ടുകൾ ഒരുക്കാൻ ഛായഗ്രാഹകൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. പലപ്പോഴും പശ്ചാത്തല സംഗീതം അലോസരപ്പെടുത്തി. നിർമ്മാതാവായ അപ്പച്ചൻ നേരത്തെ അഭിമുഖത്തിൽ സൂചിപ്പിച്ചപോലെ ഒരു മുഴുനീള തിയറ്റർ സിനിമയായി തോന്നിയില്ല. ഒ ടി ടിക്ക് പ്രോജക്ടിനപ്പുറത്തേക്ക് ചിത്രത്തിന്റെ പശ്ചാത്തലം വികസിച്ചില്ലെന്ന് പറഞ്ഞാൽ തെറ്റില്ല. വലിയ പ്രതീക്ഷകളില്ലാതെ സിനിമ കാണാൻ പോയാൽ ഒരു പരിധി വരെ തൃപ്തിപ്പെടുത്തുന്ന സിനിമ തന്നെയാണ് സിബിഐ 5: ദി ബ്രെയിൻ.
Content Highlight: Mammootty’s CBI-5 not upto the mark.