ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന; കണ്ണൂരില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി

പയ്യാമ്പലത്ത് കോര്പ്പറേഷന് ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധനയിൽ നിരവധി തട്ടുകടകളില്‍ നിന്ന് പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി. ഭക്ഷ്യ യോഗ്യമല്ലാത്ത എണ്ണ പലഹാരങ്ങള്‍ അടക്കം ഐസ് ഇട്ട് സൂക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. പയ്യാമ്പലത്ത് എത്തുന്ന നിരവധി സഞ്ചരികള്‍ വൈകുന്നേരം ചായ കുടിക്കാന്‍ ആശ്രയിക്കുന്നതാണ് ഈ തട്ടുകടകള്‍. എന്നാൽ പല റീല്‍സുകളിലും കാണുന്ന പോലെയല്ല ഈ തട്ടുകടകളിടെ അവസ്ഥ.
പല തട്ടുകടകളിലും വൈദ്യുതിയില്ല. പഴകിയ ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചത് ഐസ് ക്യൂബ് നിറച്ച പഴയ ഫ്രിഡ്ജിലാണ്. ആക്രിക്കടയില്‍ നിന്ന് വാങ്ങിയ ഉപയോഗശൂന്യമായ ഫ്രിഡ്ജില്‍ ഐസ് ക്യൂബ് ഇട്ടാണ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചിരുന്നത്. പലയിടത്തും വൃത്തിഹീനമായ അന്തരീക്ഷം ആയിരുന്നു എന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
ബാക്കി വരുന്ന എണ്ണക്കടികള്‍ ഉള്‍പ്പെടെയുള്ളവ അടുത്ത ദിവസം ഉപയോഗിക്കുന്നത് ഈ രീതിയില്‍ ആണെന്ന് കണ്ടെത്തി.കോര്പ്പറേഷന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം പി രാജേഷിന്റെ നിര്‍ദേശ പ്രകാരമായിരുന്നു പരിശോധന. പള്ളിക്കുന്ന് സോണല്‍ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാധാമണി, ഹംസ, ജയമോഹന് എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന.