തട്ടിയെടുത്തത് 84 ലക്ഷം രൂപ; യുവതിയുടെ പരാതിയില്‍ ബാങ്ക് ജീവനക്കാരനടക്കം പൊലീസ് പിടിയിൽ

ഡിജിറ്റൽ അറസ്റ്റിലൂടെ യുവതിയിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ദില്ലി പൊലീസ് അറിയിച്ചു. ചൊവ്വാഴ്ചയാണ് സംഭവം. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ തന്റെ 84 ലക്ഷം രൂപ സംഘം തട്ടിയെടുത്തതായി യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. യുവതി പൊലീസിൽ പറയാതി പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നതെന്ന് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻ ചാർജ് ഇൻസ്പെക്ടർ രഞ്ജിത് സിംഗ് പറഞ്ഞു.
രാം സിംഗ്, അക്ഷയ് കുമാർ, നരേന്ദ്ര സിംഗ് ചൗഹാൻ എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. അക്ഷയ് കുമാർ ബാങ്ക് ജീവനക്കാരനും രാം സിംഗ് അക്കൗണ്ട് ഹോൾഡറുമാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതികൾ സമാനമായ കേസുകളിൽ മുൻപും അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇവരുടെ കൂട്ടാളികളിലൊരാളായ ഉമേഷ് മഹാജനെ കഴിഞ്ഞ വർഷം ജൂലൈ 30ന് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.