മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി; ചാപ്പലിലെ പ്രാർഥനയിൽ പങ്കെടുത്തു

ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലുള്ള ഫ്രാന്‍സിസ് മാർപ്പാപ്പയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടതായി വത്തിക്കാൻ. ഫ്രാൻസിസ് മാർപാപ്പ ആശുപത്രിക്കുള്ളിലെ ചാപ്പലിലെ പ്രാർഥനയിൽ പങ്കെടുത്തു. ശ്വസന ബുദ്ധിമുട്ടുകൾ ഇപ്പോൾ ഇല്ലെന്നും, ഔദ്യോഗിക കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയതായും വത്തിക്കാൻ അറിയിച്ചു.
അപകടകരമായ അവസ്ഥ തരണം ചെയ്തെങ്കിലും മാപാപ്പയുടെ ആരോഗ്യസ്ഥിതി സങ്കീർണമായി തുടരുകയാണ്. ഓക്സിജൻ തെറാപ്പി നൽകുന്നുണ്ട്. മാർപാപ്പ രാത്രി നന്നായി ഉറങ്ങിയതായി ഡോക്ടേഴ്സ് അറിയിച്ചു. മൂക്കിൽ ട്യൂബിലൂടെ ഓക്സിജൻ നൽകിയിരുന്നത് ഓക്സിജൻ മാസ്കിലൂടെയാക്കി. തനിക്ക് വേണ്ടി പ്രാർത്ഥനകളിൽ ഏർപ്പെട്ടവർക്ക് ഫ്രാൻസിസ് മാർപ്പാപ്പ നന്ദി അറിയിച്ചതായും വത്തിക്കാൻ വക്താവ് അറിയിച്ചു. രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്.