ഷഹബാസിന്റെ മരണം; കുട്ടികളുടെ ജാമ്യാപേക്ഷ തള്ളി, ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കും

താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ മരണത്തില്‍ പ്രതികളായ കുട്ടികളുടെ ജാമ്യാപേക്ഷ തള്ളി. അഞ്ച് വിദ്യാര്‍ഥികളേയും ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കും. പരീക്ഷയെഴുതാനും വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കും.
ഷഹബാസിന്റെ മരണത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തിരുന്നു. ജില്ലാ പൊലീസ് മേധാവിയോടും ശിശുക്ഷേമ സമിതി ചെയര്‍പേഴ്സണോടും ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ വിശദീകരണം തേടി.
താമരശ്ശേരി ചുങ്കം പാലോറക്കുന്നിലാണ് പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസ് ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഷഹബാസ്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ട്യൂഷന് ക്ലാസിലെ ഫെയര്‍വെല്‍ പാര്‍ട്ടിക്കിടെ മൈക്ക് ഓഫ് ആയതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍ സെക്കന്ററി സ്കൂളിലെ കുട്ടികളും താമരശ്ശേരി ഹയര്‍ സെക്കന്ററി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്.