ലഹരിക്കായി ബൈക്ക് മോഷ്ടിക്കുന്ന വിദ്യാർത്ഥികൾ; ഡോക്ടറേ, കഞ്ചാവ് വലിച്ച് നോക്കൂവെന്ന് 17 വയസ്സുകാരൻ

ലഹരിക്ക് അടിമപ്പെട്ടതിനെത്തുടർന്നു കൗൺസലിങ്ങിനെത്തിച്ച ഒരു 17 വയസ്സുകാരൻ ഡോക്ടറോടു പറഞ്ഞത് ”ഡോക്ടർ കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടോ, ഒന്നു ട്രൈ ചെയ്തു നോക്ക്. കിടിലം ഫീൽ ആണ്’ എന്നാണ്.
നാട്ടിൽ മഹാ ഭൂരിപക്ഷം കുട്ടികളും ലഹരി ഉപയോഗിക്കാതെ മാതാപിതാക്കളെ അനുസരിച്ച് വളരുമ്പോൾ മറ്റൊരു വിഭാഗം ലഹരിക്ക് അടിമപ്പെട്ടു ജീവിതം നശിപ്പിക്കുകയാണ്. ഒരു മാസത്തിനിടെ നിരവധി കൗമാരക്കാരാണ് എക്സൈസ് വിമുക്തി പദ്ധതി പ്രകാരം ചികിത്സ തേടിയെത്തിയത്.
ഇതിൽ പത്തിലധികം പേരും ലഹരിയുടെ ഉന്മാദാവസ്ഥയിൽ അക്രമ സ്വഭാവം കാണിച്ചിരുന്നു. മൊബൈൽ ഗെയിമുകൾക്ക് അടിമപ്പെട്ടു പഠിത്തം വേണ്ടെന്ന് വച്ച രണ്ടു പത്താം ക്ലാസുകാരും ചികിത്സയ്ക്കെത്തിയിരുന്നു.
ഇങ്ങനെ വന്നവരിൽ ഒരു വീട്ടിൽ ഉണ്ടായിരുന്ന അമ്പതിനായിരം രൂപ കാണാതെ വന്നപ്പോൾ നടത്തിയ അന്വേഷണത്തിലാണ് മകൻ മൊബൈൽ ഗെയിമിന് അഡിക്റ്റ് ആണെന്നും, ഒരു ലക്ഷത്തോളം രൂപ ഗെയിമിൽ കളഞ്ഞെന്നും മാതാപിതാക്കൾക്ക് മനസ്സിലായത്. ഇക്കാര്യം ചോദിച്ചാൽ മകൻ വയലന്റ് ആയി മാറുകയാണ്. എന്താണ് കാട്ടിക്കൂട്ടുന്നതെന്ന് ആർക്കും പറയാനാകാത്ത ഒരു അവസ്ഥയാണെന്നും അവർ പറയുന്നു.
ഈയിടെയായി സിഗരറ്റ്, മദ്യം തുടങ്ങിയ ലഹരി കൗമാരക്കാർക്കിടയിൽ കുറഞ്ഞു വരുകയാണ്. എന്നാൽ കഞ്ചാവിന്റേയും, എംഡിഎംഎ പോലെയുള്ള സിന്തറ്റിക് ലഹരികളുടെയും ഉപയോഗം വർധിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ കൊച്ചിയില്‍ ലഹരി വാങ്ങാൻ പണം കണ്ടെത്തുന്നതിനായി സ്കൂൾ വിദ്യാർഥികൾ മോഷണം നടത്തുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ. വിൽക്കുന്നതിന് വേണ്ടി, മറ്റ് സംസ്ഥാനങ്ങളിൽ പോയി ലഹരിമരുന്ന് വാങ്ങുന്നതിനായുള്ള പണം ഉണ്ടാക്കാനാണ് ഇവർ മോഷണം നടത്തുന്നത്.
പണം നേടുന്നതിനായി വിദ്യാർഥികൾ മോഷ്ടിക്കുന്നത് കൂടുതലും ബൈക്കുകളാണ്. മോഷ്ടിക്കുന്ന ബൈക്കുകൾ പിന്നീട് പാർട്ട്സായി വിൽക്കുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്. വിദ്യാർഥികളെ വാട്സാപ്പ് കൂട്ടായ്മയിലൂടെയാണ് ലഹരിയുടെ കെണിയില്‍ വീഴ്ത്തുന്നത്. ‘പണി’ എന്ന പേരിൽ വാട്സാആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് വിദ്യാർഥിനികളെയടക്കം വീഴ്ത്തുന്നത്.
ആറാം ക്ലാസുമുതലുള്ള വിദ്യാർഥികളാണ് ഈ വാട്സ്ആപ്പ് ഗ്രൂപ്പിലുള്ളത്. പ്രായപൂർത്തിയാകാത്ത കുട്ടികൾ വിവിധ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന ദൃശ്യങ്ങളും ഈ ഗ്രൂപ്പിൽ ഷെയർ ചെയ്യുന്നുണ്ട്.
എംഡിഎംഎ അടക്കമുള്ള സിന്തറ്റിക്ക് ഡ്രഗുകളാണ് വിദ്യാർഥികൾ ഉപയോഗിക്കുന്നത്. പെൺകുട്ടികൾക്ക് ചോക്ലേറ്റുകളിൽ ചേർത്താണ് ലഹരി നൽകുന്നത്. ലഹരി ചോക്ലേറ്റ് തയ്യാറാക്കിയ ശേഷം, പെൺകുട്ടികൾക്ക് സമ്മാനമായി നൽകും. ശേഷം ഈ പെൺകുട്ടികളെ ശാരീരികമായി ഉപദ്രവിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.