റമദാനിലും ഗാസയിലേക്കുള്ള ഭക്ഷ്യവസ്തുക്കൾ തടയുന്ന ഇസ്രായേൽ; യുദ്ധം വീണ്ടും തുടങ്ങാൻ അമേരിക്കയുടെ സമ്മർദ്ദം

റമദാൻ മാസത്തിലും ഗാസയിലേക്ക് ജീവകാരുണ്യസഹായവുമായെത്തുന്ന ട്രക്കുകള്‍ തടയുകയാണ് ഇസ്രയേല്‍. അമേരിക്കയുടെ പിന്തുണയോടെയാണ് ഈ നടപടിയെന്നും ഇസ്രയേല്‍ പറയുന്നുണ്ട്. ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ 42 ദിവസം നീട്ടുകയും ബന്ദികളെ വിട്ടയയ്ക്കുകയും ചെയ്യണമെന്ന ഇസ്രയേല്‍ നിര്‍ദേശം ഹമാസ് തള്ളിയതാണ് പ്രകോപനം ഉണ്ടാകാൻ കാരണം.
റമസാന്‍, പെസഹ എന്നിവ കഴിയും വരെ വെടിനിര്‍ത്തല്‍ തുടരണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശം അനുസരിച്ചാണ് ഒന്നാംഘട്ടം നീട്ടാമെന്ന പദ്ധതി ഇസ്രയേല്‍ മുന്നോട്ടുവച്ചത്. റമസാന്‍ ഈ മാസം 31നും പെസഹ ഏപ്രില്‍ 20നും പൂര്‍ത്തിയാകും. ഈ സമയത്ത് ബന്ദികളെ മോചിപ്പിക്കാതെ സഹായവിതരണം ഒന്നും അനുവദിക്കില്ലെന്നും, ഹമാസ് ഇത് അംഗീകരിക്കുന്നില്ലെങ്കില്‍ കൂടുതല്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്നും ഇസ്രയേല്‍ മുന്നറിയിപ്പു നല്കി. എന്നാൽ ജനുവരിയില്‍ ഒപ്പുവച്ച കരാര്‍പ്രകാരം വെടിനിര്‍ത്തല്‍ രണ്ടാം ഘട്ടത്തിലേക്ക് പോകണമെന്നാണ് ഹമാസ് എടുക്കുന്ന നിലപാട്.
അതേസമയം, സഹായങ്ങൾ പൂര്‍ണമായും നിര്‍ത്തിവെച്ചോ എന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം ശനിയാഴ്ച അവസാനിച്ചിരുന്നു. രണ്ടാംവട്ട ചര്‍ച്ചകള്‍ ഇനിയും ബാക്കിയാണ്. അത് തുടരുന്നതിനു പകരം, ആദ്യഘട്ട വെടിനിര്‍ത്തലിന്റെ സമയപരിധി ഒരുമാസംകൂടി നീട്ടാനാണ് ഇസ്രയേൽ ശ്രമിക്കുന്നത്. എന്നാല്‍, ഇതിനോട് ഹമാസ് യോജിക്കുന്നില്ല.
ആദ്യഘട്ട വെടിനിര്‍ത്തല്‍ ഏപ്രില്‍ 20 വരെ നീട്ടാന്‍ യുഎസിന്റെ മധ്യപൂര്‍വേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, ഹമാസിൽനിന്നോ, ഇസ്രേയല്‍-ഹമാസ് മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുന്ന ഈജിപ്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നോ ഇതുസംബന്ധിച്ച് പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.
റമദാനിലും മാനുഷിക സഹായങ്ങള്‍ തടഞ്ഞ നടപടിയെ തരംതാഴ്ന്ന ഭീഷണിയെന്നാണ് ഹമാസ് വിശേഷിപ്പിച്ചത്. സഹായ വിതരണം പുനരാരംഭിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇസ്രയേല്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഹമാസ് ആവശ്യപ്പെട്ടു. വെടിനിർത്തലിന്റെ ആദ്യ ഘട്ടത്തില്‍ പ്രതിദിനം ഏകദേശം 600 ട്രക്കുകൾ ആണ് ഗാസയിലേക്ക് സഹായമെത്തിച്ചിരുന്നത്.
ഇസ്രയേല്‍ സെെന്യത്തിന്റെ പിന്മാറ്റം ഉള്‍പ്പെടെ, യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാനാണ് ഹമാസ് ശ്രമിച്ചത്. എന്നാൽ ഹമാസിനെ സമ്മര്‍ദത്തിലാക്കാനാണ് ഇസ്രയേലിന്റെ നീക്കം. ഡൊണാൾഡ് ട്രംപിന്റെ സമ്മർദ്ദത്തിന് വഴങ്ങി, കരാർ ഒരിക്കലും രണ്ടാം ഘട്ടത്തിലേക്ക് എത്തില്ലെന്ന ആത്മവിശ്വാസത്തോടെയാണ് നെതന്യാഹു വെടിനിർത്തലിന് സമ്മതിച്ചതെന്ന് ഇസ്രയേലി രാഷ്ട്രീയ വിശകലന വിദഗ്ധരും പറയുന്നുണ്ട്.
വെടിനിർത്തൽ ആരംഭിച്ചതുമുതൽ, രണ്ടാം ഘട്ടത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിൽ നെതന്യാഹു താൽപ്പര്യം കാണിച്ചിരുന്നില്ല. ഇപ്പോൾ വീണ്ടും യുദ്ധം ആരംഭിക്കാന്‍ തീവ്ര വലതുപക്ഷ ഭരണകക്ഷികളില്‍ നിന്നുള്ള സമ്മര്‍ദവും നെതന്യാഹുവിന്റെ ഈ നീക്കങ്ങള്‍ക്ക് പിന്നിലുണ്ട്. ചുരുക്കിപ്പറഞ്ഞാൽ സമാധാനമോ വെടി നിർത്താലോ അല്ല നെതന്യാഹുവും അമേരിക്കയും ആഗ്രഹിക്കുന്നത്. ഗാസയുടെ മുഴുവൻ നിയന്ത്രണവും, അതോടൊപ്പം ഹമാസിന്റെ സമ്പൂർണ്ണ നാശവുമാണ് നെതന്യാഹുവിന്റെ ലക്ഷ്യം.