മലയാളികൾ എന്നും അഭിമാനത്തോടെ ഓർക്കുന്ന വെട്ട് കേസ്; ദിവാൻ സർ സി പിയെ വെട്ടിയോടിച്ചിട്ടും ആരുമാകാതെ പോയ കെ.സി.എസ് മണി

നമ്മൾ ഈയിടെ നിത്യേന കാണുന്ന വാർത്തയാണ് കൂട്ടത്തല്ല്, അക്രമം, വെട്ട്, കുത്ത് എന്നീ വാർത്തകൾ. അതിൽ മിക്കവാറും എല്ലാം ലഹരിക്ക് അടിമപ്പെട്ട ചെയ്യുന്ന കാര്യങ്ങളുമാണ്. എന്നാൽ എഴുപത്തെട്ട് വർഷങ്ങൾക്ക് മുമ്പ്, കേരളത്തെ ഞെട്ടിച്ച ഒരു വെട്ട് കേസ് ഉണ്ടായിരുന്നു. പക്ഷെ ഇന്നും മലയാളികൾ അത് അഭിമാനത്തോടെയാണ് ഓർക്കുന്നത്.
അമ്പലപ്പുഴ കോമനയിലെ കോനാട്ട് മഠം ചിദംബര അയ്യര്‍ സുബ്രഹ്മണ്യ അയ്യര്‍ എന്ന കെ സി എസ് മണിയ്ക്ക് തിരുവിതാംകൂറിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഒരു വലിയ സ്ഥാനമുണ്ട്. കിരാതമായ ഒരു ഭരണത്തെ ഒറ്റ രാത്രി കൊണ്ടാണ് മണി അവസാനിപ്പിച്ചത്.
1947 ജുലൈ 25നായിരുന്നു ആ മഹാസംഭവം അരങ്ങേറിയത്. സര് സി പി രാമസ്വാമി അയ്യര്‍ എന്ന തിരുവിതാംകൂറിന്റെ ദിവാനെ കൊല്ലാന്‍ ശ്രമിച്ച്, വെട്ടിപരിക്കേല്‍പ്പിച്ചത് അന്നാണ്. സംഭവത്തിലെ നായകനും പ്രതിനായകനും എല്ലാം മണി തന്നെയാണ്. കാരണം കുറ്റകൃത്യം ചെയ്ത മണി പ്രതിനായകനാണ്. എന്നാല്‍ തിരുവിതാംകൂറിന്റെ ജനങ്ങളുടെ ആഗ്രഹം സഫലമാക്കിയ മണി നായകനുമാണ്.
എന്നാല്‍ സി.പിയെ കൊല്ലാന്‍ കഴിയുമെന്ന് മണിഇതിനും ഒരു കൊല്ലം മുന്നേ തെളിയിച്ചിരുന്നു.
എറണാകളുത്ത് നിന്ന് വരുമ്പോള്‍ ചെട്ടിക്കുളങ്ങര ജംഗ്ഷന് സമീപത്തായി കാടുപിടിച്ച് കിടക്കുന്ന ഒരു കെട്ടിടമുണ്ട്. പണ്ട് അത് തമ്പാന്നൂര്‍ സത്രം എന്നാണ് അറിയപ്പെട്ടിരുന്നത്.
1939ല്‍ സർ സി.പി. ഷഷ്ഠി പൂര്‍ത്തി ആഘോഷിച്ചു. അന്ന് ഈ സത്രത്തിന് മുന്നില്‍ എന്‍.എസ്.എസ്, സി.പിയുടെ ഒരു വെണ്ണക്കല്‍ പ്രതിമ സ്ഥാപിച്ചു. സി.പിയെ തൃപ്തിപ്പെടുത്തി സ്ഥാനമാനങ്ങള്‍ നേടിയെടുക്കുകയായിരുന്നു ഈ പ്രതിമ വെച്ചതിന് പിന്നിലെ രഹസ്യം.
സി.പിയെ കൊല്ലാന്‍ കുമ്പളത്ത് ശങ്കുപിള്ളയുടെ നേതൃത്വത്തിലുള്ള ഒരു സംഘം നേരത്തെ തീരുമാനിച്ചിരുന്നു. കുമ്പളത്തിന്റെ മനസില്‍ തെളിഞ്ഞതും ശക്തനായ കെ.സി.എസ്. മണി തന്നെ ആയിരുന്നു. മണിയും , സർ സി.പിയെ കൊല്ലാന്‍ മനസില്‍ ഉറപ്പിച്ചു കഴിഞ്ഞിരുന്നു. അതിന്റെ ഭാഗമായി ഒരു രാത്രിയില്‍ മണി തിരുവിനന്തപുരത്ത് വന്നിറങ്ങി. പാതിരാത്രിക്ക് സത്രത്തിന് മുന്നിലുണ്ടായിരുന്ന സി.പിയുടെ പ്രതിമ തകര്‍ത്ത ശേഷം തിരുവനന്തപുരത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. അന്ന് കുമ്പളത്തിന് ബോദ്ധ്യപ്പെട്ടു. ലോകത്ത് സി.പിയെ കൊല്ലാന്‍ മണിക്ക് അല്ലാതെ ആര്‍ക്കും കഴിയില്ലെന്ന്.
അങ്ങനെ ജുലായ് മാസം 20-ആം തീയതിയോട് അടുത്ത് മൂര്‍ച്ചയുള്ള വെട്ടുകത്തിയുമായി മണി തിരുവനന്തപുരത്തെത്തി. രവീന്ദ്രമേനോന്‍ എന്ന പേരില്‍ ഹോട്ടലില്‍ മുറിയെടുത്തു.
വെട്ടാനായി പോകുന്നതിന് മുൻപ് ഒരു കാര്യം കൂടി ചെയ്തു. ഒരു പക്ഷേ താന്‍ വെടിയേറ്റു മരിച്ചാല്‍ തന്നെ തിരിച്ചറിയുന്നതിനായി സ്വന്തം പേരും താന്‍ പ്രതിനിധീകരിക്കുന്ന ട്രാവന്‍കൂര്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പേരും ഒരു തുണ്ടു പേപ്പറില്‍ എഴുതി അദ്ദേഹം പോക്കറ്റിലിട്ടു. സർ സി.പിയെ കൊന്ന ശേഷം, താനും കൊല്ലപ്പെടുമെന്നും, അല്ലെങ്കിൽ പിടിക്കപ്പെടുമെന്നും, അദ്ദേഹത്തിന് ഉറപ്പായിരുന്നു. ഇതെല്ലം ആലോചിച്ചുകൊണ്ടു തന്നെയാണ് സംഗീത കോളേജിലേക്ക് മണി പോയത്.
രാജാവ് സംസാരിച്ചു പോയശേഷം ശെമ്മാങ്കുഡിയുടെ സംഗീത കച്ചേരി സി പി കുറച്ച് നേരം ആസ്വദിച്ചു. സമയം ഏഴര ആയപ്പോൾ സി.പി എഴുന്നേറ്റ് പുറത്തേക്ക് നടന്നു. സി പി അടുത്തെത്തിയപ്പോള്‍ മണി തന്റെ കത്തികൊണ്ട് മനസില്‍ ഉറപ്പിച്ചിരുന്നപോലെ തന്നെ സി.പിയുടെ കഴുത്തില്‍ വെട്ടി. എന്നാല്‍ വെട്ടുകൊണ്ടില്ല. കഴുത്തില്‍ ചുറ്റിയിരുന്ന ഒരു പട്ടാണ് സി.പിയെ ആദ്യം രക്ഷിച്ചത്.
മണി മടിക്കാതെ വീണ്ടും വെട്ടി. ആ വെട്ട് ഇടത് കവിളില്‍ തറച്ചു. രക്തം ചീറ്റിയൊഴുകി. വീണ്ടും രണ്ടുതവണ . മണി വെട്ടിയെങ്കിലും ആ വെട്ടുകളും പാഴായി. സി പിയുടെ തലപ്പാവ് ആണ് തെറിച്ചു വീണത്. ഇതിനിടയില്‍ മണിസ്വാമി പൊലീസിന്റെ പിടിയിലായെങ്കിലും ഒരു പ്രാവശ്യം കൂടെ വെളിച്ചം പോയതോടെ മണി പോലീസിനെ വെട്ടിച്ച് ഓടി മറഞ്ഞു.
ഏതായാലും പാലക്കാട്ടേക്ക് പോയ മണി കുറച്ചു നാള്‍ക്ക് ശേഷം വീണ്ടും നാട്ടിലെത്തി. പക്ഷേ അദ്ദേഹത്തിന് ഒന്നുമാകാൻ കഴിഞ്ഞില്ല. 10 വര്‍ഷക്കാലത്തോളം പഞ്ചായത്ത് അംഗമായിരുന്നു. ഒരു തവണ നിയമസഭയിലേക്ക് മത്സരിച്ചു. എന്തുകൊണ്ടോ ജനം അദ്ദേഹത്തെ വിജയിപ്പിച്ചില്ല. സ്വന്തം പാര്‍ട്ടി പോലും മണിക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയില്ലെന്ന് വിമര്‍ശനങ്ങളും ഉയര്‍ന്നു. പക്ഷേ അതില്ലൊന്നും അദ്ദേഹത്തിന് സങ്കടം ഇല്ലായിരുന്നു. എന്തായാലും ആ വീട്ടിൽ ഭയന്ന് പോയ സർ സി പി എന്ന കിരാതൻ പിന്നീട് തിരികെ വന്നതേയില്ല.
ചരിത്രത്തില്‍ സർ സി.പി.യെ ഒരു അഞ്ജാതന് വെട്ടി പരിക്കേല്‍പ്പിച്ചു എന്നാണ് ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ആകെകൂടിയുള്ള അംഗീകാരം പത്രപ്രവര്‍ത്തകനായ ജി. യദുകുലകുമാര്‍ എഴുതിയ സര് സി.പിയെ വെട്ടാന്‍ ശ്രമിച്ച കെ.സി.എസ്. മണി എന്ന പുസ്തകമാണ്.
തന്നെ തൂക്കി കൊല്ലും എന്ന് പേടിച്ചാണ് അന്ന് മണി രക്ഷപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ അതൊരു മണ്ടത്തരമായിരുന്നു എന്നും പറയുന്നുണ്ട്. മണി ഒരു ബ്രാഹ്മണനായിരുന്നു. തിരുവിതാംകൂറില്‍ ഒരു ബ്രാഹ്മണനെ തൂക്കിക്കൊല്ലുന്നതിന് നിയമമില്ലായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ അന്ന് മണി പിടി കൊടുത്തിരുന്നെങ്കിലും അദ്ദേഹത്തിന് ഒന്നും സംഭവിക്കില്ലായിരുന്നു. അദ്ദേഹം ഒരു ധീര ദേശാഭിമാനിയായി ചരിത്രത്തില്‍ ഇടം പിടിക്കുകയും ചെയ്യുമായിരുന്നു. മണിയുടെ ഒരു പ്രതിമ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആര്.എസ്.പിക്കാര്‍ അമ്പലപ്പുഴയില്‍ സ്ഥാപിച്ചിട്ടുണ്ട്. ദിവാന്റെ കിരാത ഭരണം അവസാനിപ്പിക്കാന്‍ കാരണമായ സംഗീത കോളേജിന് മുന്നില്‍ ഒരു സ്മാരകമുണ്ട്. 1987 സെപ്തംബറിലാണ് മലയാളികളുടെ അക്കാലത്തെ ഹീറോ ആയിരുന്ന കെ സി എസ് മണി അന്തരിച്ചത്.