ഷഹബാസിന്റെ കൊലപാതകം; വിദ്യാർത്ഥികൾ ഒറ്റയ്ക്ക് ആസൂത്രണം ചെയ്തതായി വിശ്വസിക്കുന്നില്ല

കോഴിക്കോട്: ഷഹബാസിന്റെ കൊലപാതകം വിദ്യാർത്ഥികൾ ഒറ്റയ്ക്ക് ആസൂത്രണം ചെയ്തതായി വിശ്വസിക്കുന്നില്ലെന്ന് ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ. ആയുധങ്ങൾ കണ്ടെടുത്തത് വീട്ടിൽ നിന്നാണെങ്കിൽ രക്ഷിതാക്കളുടെ അറിവോട് കൂടിയാണ് ആക്രമണം നടന്നതെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു . കഴിഞ്ഞ പ്രാവശ്യം ഉണ്ടായ പ്രശ്നങ്ങൾ ഒതുക്കി തീർത്തിരുന്നു. കുറ്റവാളികളെ രാഷ്ട്രീയം നോക്കാതെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടു വന്ന് തക്കതായ ശിക്ഷ നൽകണം. എങ്കിൽ മാത്രമെ ഇത്തരത്തിലുളള ആക്രമണം തടയാൻ കഴിയുവെന്ന് ഇഖ്ബാൽ മാധ്യമങ്ങളോട് പറഞ്ഞു.
‘നഞ്ചക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കണ്ടെടുത്ത വീട്ടിലുള്ളവർക്കും കൊലപാതകത്തിൽ പങ്കുണ്ട്. ഷഹബാസ് അത്യാസന്ന നിലയിൽ കിടക്കുകയാണെന്ന് റിപ്പോർട്ട് വന്നതിന് ശേഷം ഒരു കുട്ടിയുടെ പിതാവ് ഫോണിൽ വിളിച്ച് എൻ്റെ മകനാണ് ഷഹബാസെന്ന് അറിയില്ലായിരുന്നു എന്ന് പറഞ്ഞു. ആ കുട്ടിയും എന്റെ മകനൊപ്പം പഠിച്ചതാണ്. രണ്ട് സ്കൂളുകൾ ചേരി തിരിഞ്ഞുണ്ടായ പ്രശ്നമാണ്. ഉണ്ടായ ആക്രമണം സാധാരണ ഗതിയിലുളള ആക്രമണമല്ല. വരുന്ന ദിവസങ്ങളിൽ എല്ലാ കാര്യവും തെളിയിക്കപ്പെടും. നിരപരാധിയായ എന്റെ മകൻ കൊല ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽ ഉൾപ്പെട്ട മുഴുവൻ ആളുകളും നിയമത്തിന് മുന്നിൽ വരുമെന്നാണ് വിശ്വസിക്കുന്നത്. അതിന് അന്വേഷണം സത്യസന്ധമായി നടത്തണമെന്നും ഇഖ്ബാൽ പറഞ്ഞു.