വയനാട് സന്ദര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി; സന്ദര്‍ശനം സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടര്‍ന്ന്
വയനാട് സന്ദര്‍ശനത്തിനായി കേന്ദ്ര വനിത – ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി കേരളത്തില്‍ എത്തി. ഇന്നലെ കോഴിക്കോട് വിമാനത്താവളത്തിലാണ് മന്ത്രി എത്തിയത്. സ്മൃതി ഇറാനിയെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് സ്വീകരിച്ചു. കളക്ടറേറ്റില്‍ നടന്ന യോഗത്തിലും കേന്ദ്രമന്ത്രി പങ്കെടുത്തു. വയനാട്ടിലെ മരവയല്‍ ആദിവാസി ഊരിലെ കുടുംബങ്ങളെയും മന്ത്രി സന്ദര്‍ശിച്ചു. വനിത – ശിശുക്ഷേമ മന്ത്രിയെന്ന നിലയിലുള്ള ഔദ്യോഗിക സന്ദര്‍ശനമാണിത്.
സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് മന്ത്രി കേരളത്തില്‍ എത്തുന്നത്. കഴിഞ്ഞ മാസം രാജ്യസഭയില്‍ വയനാട്ടിലെ ആദിവാസികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ സുരേഷ് ഗോപി ഉന്നയിച്ചിരുന്നു.
വയനാട് കളക്ടറേറ്റില്‍ മന്ത്രിക്ക് സ്വീകരണം നല്കി. കൂടാതെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ആസ്പിറേഷനല്‍ ജില്ലാ പരിപാടിയുടെ അവലോകനവും നടത്തി. കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടില്‍ കേന്ദ്ര വനിതാ – ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ സന്ദര്‍ശനത്തിന് വളരെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപിയിലെ അമേഠിയില്‍ രാഹുലിനെ തോല്‍പ്പിച്ചാണ് സ്മൃതി ഇറാനി ലോക്സഭയിലെത്തുന്നത്.
Content Highlight: Smriti Irani in Rahul Gandhi’s LS constituency Wayanad to review developmental projects.