കൊല്ലത്ത് പാർട്ടി സമ്മേളനം; സ്ഥലത്തെ എംഎൽഎ മുകേഷിനെ ഒഴിവാക്കി

സിപിഐഎം സംസ്ഥാന സമ്മേളനം ഇപ്പോൾ കൊല്ലത്ത് നടക്കുമ്പോൾ സ്ഥലത്തെ പാർട്ടി എംഎൽഎ മുകേഷ് എവിടെയെന്ന ചോദ്യം ഉയരുന്നു. ലൈംഗിക ആരോപണ കേസിൽ പൊലീസ് കുറ്റപത്രം നൽകിയതോടെ സമ്മേളന പരിപാടികളിൽ നിന്ന് മുകേഷിനെ മാറ്റിനിർത്തിയെന്നാണ് സൂചനകൾ. പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് ഇതെന്ന് പറയുന്നു.
മുപ്പത് വർഷത്തിന് ശേഷം കൊല്ലം നഗരം സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുമ്പോൾ പാർട്ടി എംഎൽഎ ആയ മുകേഷ് എറണാകുളത്താണ്. സമ്മേളനത്തിൻ്റെ ഭാഗമായ പരിപാടികളിൽ എം മുകേഷിനെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് സിപിഐഎം വനിത പോളിറ്റ് ബ്യൂറോ അംഗം തന്നെ സംസ്ഥാന നേതൃത്വത്തോട് നിർദ്ദേശിച്ചിരുന്നു.
സമ്മേളനത്തിൻ്റെ ഭാഗമായിയുള്ള പ്രചരണ പരിപാടികളിലും മുകേഷിനെ പങ്കെടുപ്പിച്ചിരുന്നില്ല. എന്നാൽ വ്യക്തിപരമായ കാരണത്താലാണ് സമ്മേളനത്തിൽ പങ്കെടുത്തതെന്നാണ് മുകേഷിനോട് അടുത്ത കേന്ദ്രങ്ങൾ നൽകുന്ന വിവരം.