ഇന്ത്യ താരിഫ് കുറയ്ക്കാൻ സമ്മതിച്ചെന്ന് ട്രംപ് ,മോദിയുടെ നയം തെറ്റെന്ന് കോൺഗ്രസ്

ഇന്ത്യ തീരുവ കുറയ്ക്കാൻ സമ്മതിച്ചതായി ഡൊണാൾഡ് ട്രംപ്. ഇന്ത്യ അമേരിക്കയിൽ നിന്ന് ഈടാക്കുന്നത് ഭീമമായ താരിഫാണ്. അതിനാൽ ഇന്ത്യയിൽ ഒന്നും വിൽക്കാൻ പോലും കഴിയില്ല. തീരുവയിനത്തിൽ എന്താണ് ചെയ്യുന്നതെന്ന് ബോധ്യപ്പെടുത്തിയപ്പോൾ ഇന്ത്യ താരിഫ് കുറയ്ക്കാൻ സമ്മതിച്ചെന്ന് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ വെച്ച നടന്ന പത്രസമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.
അതേസമയം, ട്രംപിന്റെ അവകാശവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാട് വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പാർലമെന്റിനെ മോദി വിശ്വാസത്തിലെടുക്കണമെന്ന് കോൺഗ്രസ് ജനറൽസെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടു. നടന്നുകൊണ്ടിരിക്കുന്ന വ്യാപാര ചർച്ചകളിൽ ഇന്ത്യൻ കർഷകരുടെയും നിർമ്മാതാക്കളുടെയും താൽപ്പര്യങ്ങൾ വിട്ടുവീഴ്ച ചെയ്യപ്പെടുന്നുണ്ടോ എന്ന ആശങ്കയും പാർട്ടി പ്രകടിപ്പിച്ചിട്ടുണ്ട്.
‘ഇന്ത്യയുടെ വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ അമേരിക്കക്കാരുമായി വ്യാപാരം ചർച്ച ചെയ്യാൻ വാഷിംഗ്ടണിലേക്ക് പോയിരിക്കുകയാണ്. അതേ സമയം, ഇന്ത്യ തീരുവ കുറയ്ക്കാൻ സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് പറയുന്നു. മോദി സർക്കാർ എന്താണ് സമ്മതിച്ചത്? ഇന്ത്യൻ കർഷകരുടെയും ഇന്ത്യൻ ഉൽപ്പാദനത്തിന്റെയും താൽപ്പര്യങ്ങൾ അപകടത്തിലാകുമോ? മാർച്ച് പത്തിന് പാർലമെന്റ് പുനരാരംഭിക്കുമ്പോൾ പ്രധാനമന്ത്രി ഈ കാര്യത്തിൽ നിലപാട് വ്യക്തമാക്കണ’മെന്ന് ജയറാം രമേശ് തന്റെ ഔദ്യോഗിക എക്സ് പോസ്റ്റിൽ കുറിച്ചു.