MDMA ചെറിയ പാക്കറ്റിലാക്കി കുട്ടിയുടെ ദേഹത്ത് സെല്ലോടേപ് വച്ച് ഒട്ടിക്കും; വിദ്യാർത്ഥികൾക്ക് ലഹരി എത്തിക്കുന്ന രീതികൾ

പത്തനംതിട്ട തിരുവല്ലയിൽ മകനെ ലഹരി വിൽപ്പനക്ക് ഉപയോഗിച്ച സംഭവത്തിൽ പിതാവിനെതിരെ ബാലനീതി നിയമപ്രകാരം കേസ് എടുക്കും എന്നാണ് അറിയുന്നത്. പത്ത് വയസുകാരനായ തന്റെ മകന്റെ ദേഹത്ത് ഇയാൾ എം.ഡി.എം.എ ചെറിയ പാക്കറ്റുകളിലാക്കി, സെല്ലോ ടേപ്പ് കൊണ്ട് ഒട്ടിച്ചു വിൽപ്പന നടത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് 39കാരനെ എം.ഡി.എം.എയുമായി പൊലീസ് പിടികൂടിയത്. തിരുവല്ല ചുമത്ര സ്വദേശി മുഹമ്മദ് ഷമീറിനെയാണ് തിരുവല്ല പോലിസ് അറസ്റ്റ് ചെയ്തത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയെ ഉപയോഗിച്ച് ലഹരി വില്പന നടത്തിയിരുന്നു എന്ന് കണ്ടെത്തിയത്. ഇന്നലെ അറസ്റ്റിലായ പ്രതിയെ പിന്നീട്ട് റിമാൻഡ് ചെയ്തിരുന്നു.
ഇയാളെ ലഹരിമരുന്നുമായി പിടികൂടിയ ശേഷം ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കള്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വിൽപ്പന നടത്തുന്നതിന് വേണ്ടിയാണ് മകനെ ഉപയോഗിച്ചതെന്നാണ് പ്രതിയുടെ മൊഴി.
പത്ത് വയസുകാരനായ മകന്റെ ശരീരത്തിൽ സെല്ലോ ടേപ്പ് ഉപയോഗിച്ച് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ എം.ഡി.എം.എ ഒട്ടിച്ചുവെയ്ക്കും. ഇതിനുശേഷം ഇരുചക്ര വാഹനത്തിലോ കാറിലോ ഈ കുട്ടിയെ ഒപ്പം കൊണ്ടുപോകും. തുടർന്ന് ആർക്കും സംശയം തോന്നാത്ത രീതിയിൽ ആവശ്യക്കാരിലേക്ക് എം.ഡി.എം.എ അടക്കമുള്ള രാസലഹരിയെത്തിക്കുന്നതായിരുന്നു മുഹമ്മദ് ഷമീറിന്റെ രീതി.
മെഡിക്കൽ വിദ്യാർഥികൾക്കാണ് പ്രധാനമായും ഇയാൾ ലഹരി എത്തിച്ചു നൽകിയതെന്നും ഭാര്യവീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്നും, വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും തിരുവല്ല ഡി.വൈ.എസ്.പി എസ്. അഷാദ് ഇന്നലെ പറഞ്ഞിരുന്നു. വ്യക്തമാക്കിയിരുന്നു.
ഇയാൾ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥിരമായി എംഡിഎംഎ വിൽപ്പന നടത്തുകയായിരുന്നു എന്നും , ലഹരികടത്ത് മാഫിയയിലെ പ്രധാന അംഗമാണെന്നും പൊലീസ് പറഞ്ഞു. ഇയാൾ നിരവധി കോളേജ് വിദ്യാർത്ഥികളെയും ഈ കച്ചവടത്തിന്റെ ഏജന്റുമാരാക്കി മാറ്റിയെന്നും, കർണാടകയിൽ നിന്നാണ് ഇയാൾ ലഹരി എത്തിക്കുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇതിനിടെ ഇന്നലെ രാത്രി കൊച്ചിയിൽ നടന്നത് വമ്പൻ ലഹരി വേട്ടയാണ്. ഒറ്റ രാത്രികൊണ്ട് 77 പേരാണ് മയക്കുമരുന്നുമായി പിടിയിലായത്. മദ്യപിച്ച് വാഹനമോടിച്ച 193 പേരെയും പിടികൂടി. രാത്രി 10 മുതൽ പുലർച്ചെ ഒരു മണി വരെയാണ് പരിശോധന നടന്നത്.
ലഹരി മാഫിയക്കെതിരായ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ഇടുക്കി ജില്ലയിലും വ്യാപക പൊലീസ് പരിശോധന നടത്തിയിരുന്നു. ബസ് സ്റ്റാൻഡുകളും ലോഡ്ജുകളുമടക്കം വിവിധ കേന്ദ്രങ്ങളില്‍ ഇന്നലെ രാത്രി ഒരേ സമയമാണ് പരിശോധന നടന്നത്. പൊലീസിനൊപ്പം, ഡോഗ് സ്ക്വാഡ് ഉൾപ്പെടെ വിവിധ സ്ക്വാഡുകളും ചേർന്നായിരുന്നു സംയുക്ത പരിശോധന.
സംസ്ഥാനത്ത് വ്യാപകമായി ലഹരി ഉപയോഗത്തിൻ്റെ കേസുകളും അതിക്രമങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പൊലീസിൻ്റെ ലഹരിവേട്ട. കഴിഞ്ഞ ദിവസം കോഴിക്കോട് പൊലീസിനെ കണ്ട പരിഭ്രാന്തിയിൽ എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചിരുന്നു. കോഴിക്കോട് മൈക്കാവ് സ്വദേശി ഷാനിദാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസിയുവിൽ ചികിത്സയിൽ തുടരുന്നതിനിടയിലാണ് മരണം. ലഹരി വസ്തു രക്തത്തിൽ കലർന്നതാണ് മരണ കാരണമെന്ന് പറയുന്നു.