പരുന്തുംപാറയിലെ കയ്യേറ്റ ഭൂമിയില്‍ കുരിശ് പണിതു; ശ്രദ്ധയിൽപ്പെട്ടില്ലെന്ന് ഉദ്യോഗസ്ഥർ

പരുന്തുംപാറയിലെ കയ്യേറ്റ ഭൂമിയിലെ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും നിർമ്മാണങ്ങൾ ഊർജ്ജിതമായി നടക്കുകയാണ്. ഈ മാസം രണ്ടാം തീയതിയാണ് പരുന്തുംപാറയിലെ കയ്യേറ്റ ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകാൻ ജില്ല കലക്ടർ പീരുമേട് തഹസിൽദാരെ ചുമതലപ്പെടുത്തിയത്. ഒപ്പം കയ്യേറ്റഭൂമിയിൽ പണികൾ നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്താൻ പരിശോധന നടത്താൻ നിർദ്ദേശവും നൽകി. ഇത് പ്രകാരം പുരുന്തുംപാറയിലെ ഏറ്റവും വലിയ കൈയ്യേറ്റം നടത്തി കെട്ടിടങ്ങൾ പണിത തൃക്കൊടിത്താനം സ്വദേശി കൊട്ടാരത്തിൽ സജിത്ത് ജോസഫിനും സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇത് മറികടന്നാണ് കൈയ്യേറ്റ ഭൂമിയിൽ ഇയാൾ കുരിശ് സ്ഥാപിച്ചത്.
ഉദ്യോഗസ്ഥ ഒത്താശയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നതെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്. മറ്റൊരു സ്ഥലത്ത് നിർമ്മിച്ച കുരിശ് ഇവിടെ കൊണ്ടുവന്ന് സ്ഥാപിക്കുകയായിരുന്നുവെന്നും, ഇത് ശ്രദ്ധയിൽപെട്ടിരുന്നില്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ നിയമലംഘനം നടത്തിയ സജിത്തിനെതിരെ പരാതി നൽകാൻ ഉദ്യോഗസ്ഥർ ഇതുവരെ തയ്യാറായിട്ടില്ല.