ഗാസയിലേക്കുള്ള വൈദ്യുതിയും തടഞ്ഞ് ഇസ്രയേല്‍

ഇസ്രയേല്‍ ഹമാസ് വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഒരു വശത്ത് നടക്കുമ്പോളും ഗാസയ്ക്ക് മേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേര്‍പ്പിക്കുന്നത് ഇസ്രയേല്‍ തുടരുകയാണ്. ഗാസയിലേക്കുള്ള വൈദ്യുതി വിതരണം പൂര്‍ണമായും നിര്‍ത്തിവച്ചതാണ് ഇതിലെ ഏറ്റവും ഒടുവിലെ സംഭവം. ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ പൂര്‍ത്തിയാവുകയും രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടുകയും ചെയ്തതിന് പിന്നാലെയാണ് ഇസ്രയേല്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.
ഗാസയിലേക്കുള്ള എല്ലാ ദുരിതാശ്വാസ സഹായങ്ങളും തടഞ്ഞതായിരുന്നു ഇതിലെ ആദ്യ നടപടി. ഒരാഴ്ച പിന്നിടും മുന്‍ ഇപ്പോള്‍ വൈദ്യുതിയും പൂര്‍ണമായി തടയുകയും ചെയ്തു. വൈദ്യുതി തടഞ്ഞതിന്റെ പരിണിത ഫലം ഉടന്‍ തിരിച്ചറിയില്ലെങ്കിലും കുടിവെള്ള ശുദ്ധീകരണം ഉള്‍പ്പെടെ സുപ്രധാന മേഖലകളെ നിയന്ത്രണം സാരമായി ബാധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇസ്രേയേല്‍ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ തന്നെ ഗാസയില്‍ ജല ദൗര്‍ലഭ്യം രൂക്ഷമായിരുന്നു. ഇന്ധന ക്ഷാമം രൂക്ഷമായത് ജനററേറ്ററുകളുടെ പ്രവര്‍ത്തനത്തെയും പമ്പിങ്ങിനെയും ബാധിച്ചിരുന്നു. പാചക വാതക സിലിണ്ടറുകളും ലഭ്യമല്ല.