‘പണി’യിലെ നായിക അഭിനയ വിവാഹിതയാകുന്നു

കുറച്ച് സിനിമകളിലൂടെ തന്നെ ചലച്ചിത്ര പ്രേമികളുടെ ഹൃദയം കവർന്ന നടി അഭിനയ വിവാഹിതയാകുന്നു. തൻ്റെ ബാല്യകാല സുഹൃത്തിനെയാണ് അഭിനയ ജീവിത പങ്കാളിയാക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെയാണ് വിവാഹനിശ്ചയ വാർത്ത പുറത്തുവിട്ടത്. 15 വർഷത്തെ സൗഹൃദമാണ് വിവാഹത്തിലേക്ക് എത്തുന്നത്. വിവാഹ നിശ്ചയ മോതിരം അണിഞ്ഞ കൈകളുടെ ചിത്രം പങ്കുവെച്ചാണ് നടി സന്തോഷവാർത്ത അറിയിച്ചത്. വരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ‘മണികൾ മുഴങ്ങട്ടെ, അനുഗ്രഹവർഷമുണ്ടാകട്ടെ, എന്നെന്നേക്കുമായുള്ള യാത്രയുടെ തുടക്കംകുറിക്കുന്നു’ എന്നാണ് അഭിനയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ജന്മനാ സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത അഭിനയ തൻ്റെ കഠിനാധ്വാനത്തിലൂടെയാണ് സിനിമയിൽ ശ്രദ്ധേയമായ സ്ഥാനം നേടിയെടുത്തത്. ജോജു ജോർജ് നായകനായ ‘പണി’ എന്ന സിനിമയിലാണ് അഭിനയ ഒടുവിൽ അഭിനയിച്ചത്. മോഡലിംഗ് രംഗത്തുനിന്നാണ് അഭിനയ സിനിമയിലേക്കെത്തുന്നത്. 2009ൽ പുറത്തിറങ്ങിയ ‘നാടോടികൾ’ എന്ന തമിഴ് ചിത്രത്തിലാണ് അഭിനയ ആദ്യമായി അഭിനയിച്ചത്.