നടൻ വിജയ് എയറിൽ, ഇഫ്താർ വിരുന്ന് ഏറ്റില്ല;മതത്തെ അവഹേളിച്ചതായി പരാതി

തമിഴ് നടൻ വിജയ് അടുത്തിടെയാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത് . സ്വന്തമായി പാർട്ടി രൂപീകരിച്ച വിജയ്, അടുത്ത തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാർട്ടിയില്‍ നിന്ന് സ്ഥാനാർത്ഥികളെ നിർത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂനപക്ഷങ്ങളെ കൈയ്യിലെടുക്കാനായി വിജയ് അടുത്തിടെ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചിരുന്നു . വിരുന്നില്‍ തൊപ്പി ധരിച്ച് വിജയ് ഇസ്ലാം ചടങ്ങുകളും, പ്രാർത്ഥനകളും നടത്തുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.
എന്നാല്‍ മുസ്ലീങ്ങളുടെ പിന്തുണ നേടാനുള്ള ഈ ശ്രമം ഇപ്പോള്‍ വിജയ്ക്ക് തന്നെ തിരിച്ചടിയായി മാറിയിരിക്കുകയാണ് . തങ്ങളുടെ മതത്തെ വിജയ് അവഹേളിച്ചതായി കാട്ടി മുസ്ലീങ്ങള്‍ തന്നെ അദ്ദേഹത്തിനെതിരെ പരാതി നല്കി.
വിജയ് സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ഇസ്ലാമിനെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് തമിഴ്നാട് സുന്നത്ത് ജമാഅത്താണ് വിജയ്ക്കെതിരെ ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി നല്‍കിയത്.
വിജയ് സംഘടിപ്പിച്ച ഇഫ്താർ പാർട്ടിയില്‍ ഇസ്ലാമിനെയും മുസ്ലീങ്ങളെയും അപമാനിച്ചുവെന്ന് പരാതിയില്‍ പരാമർശിക്കുന്നു. കൂടാതെ വിജയ് സംഘടിപ്പിച്ച ഇഫ്താർ പാർട്ടിയില്‍ മദ്യപന്മാരും റൗഡികളും പങ്കെടുത്തതായും പരാതിയില്‍ പറയുന്നു. വ്രതമെടുക്കാത്തവരും റമദാനിനോട് ആദരവില്ലാത്തവരുമായ ആളുകളുടെ പങ്കാളിത്തം മുസ്ലീം സമൂഹത്തിന് അപമാനമാണ്. കൂടാതെ, ഇഫ്താർ വിരുന്നിന്റെ സംഘാടനവും അങ്ങേയറ്റം നിരുത്തരവാദപരമായിരുന്നു. വിജയ്യുടെ സുരക്ഷാ ഉദ്യോഗസ്ഥർ അവിടെയുണ്ടായിരുന്നവരോട് മോശമായി പെരുമാറി, പശുക്കളെ പോലെ ആളുകളെ വലിച്ചിഴച്ചു കൊണ്ടുപോയി- എന്നും പരാതിയില്‍ പറയുന്നു.
ഇഫ്താർ ചടങ്ങില്‍ ക്രമീകരണങ്ങള്‍ ശരിയായ രീതിയിലല്ല നടത്തിയതെന്നും, ഇളയ ദളപതിയുടെ ഗാർഡുകള്‍ ജനങ്ങളോട് അനാദരവ് കാണിക്കുകയും അവരെ പശുക്കളെ പോലെയാണ് പരിഗണിച്ചതെന്നും തമിഴ്നാട് സുന്നത്ത് ജമാഅത്ത് ട്രഷറർ സയ്യിദ് കൗസ് ആരോപിച്ചു. ഇനിയും ഇതുപോലെ സംഭവിക്കാതിരിക്കാൻ നടനെതിരെ നിയമനടപടി സ്വീകരിക്കണം. പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഞങ്ങള്‍ പരാതി നല്‍കിയതെന്നും ട്രഷറർ കൂട്ടിച്ചേർത്തു.
2024ല്‍ എത്തിയ വെങ്കട്ട് പ്രഭുവിൻ്റെ ‘ദി ഗോട്ട്’ ആണ് അവസാനമായി റിലീസായ വിജയ് ചിത്രം. ഇപ്പോള്‍ എച്ച്. വിനോദിൻ്റെ ‘ജനനായകൻ’ എന്ന ചിത്രത്തിലാണ് വിജയ് അഭിനയിക്കുന്നത്. പൂജാ ഹെഗ്ഡെ, മമിത ബൈജു, ബോബി ഡിയോള്‍ എന്നിവരും കൂടെ അഭിനയിക്കുന്ന ഈ ചിത്രം 2026ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുമ്ബുള്ള അദ്ദേഹത്തിൻ്റെ അവസാന ചിത്രമായിരിക്കും. കഴിഞ്ഞ വർഷമാണ് വിജയ് തൻ്റെ പാർട്ടിയായ ‘തമിഴക വെട്രി കഴകം’ പ്രഖ്യാപിച്ചത്.