കേരളത്തെ കടിച്ച്കീറുന്ന തെരുവുനായ്ക്കൾ; പേപ്പട്ടിവിഷത്തേക്കാൾ മാരകമായ കമന്റുകളുമായി മൃഗസ്നേഹികളും

നമ്മുടെ കേരളത്തിലെ പല സ്ഥലങ്ങളും കുറെ കാലങ്ങളായി തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ്. പുറത്തിറങ്ങിയാൽ തെരുവ് നായ്ക്കളുടെ കടി ഉറപ്പാണെന്ന അവസ്ഥയാണുള്ളത്. കുട്ടികൾക്കും പ്രായമായവർക്കും വഴിയിൽ കൂടി സമാധനമായി നടക്കാൻ കഴിയുന്നില്ല. മലപ്പുറം, കൊല്ലം, ആലപ്പുഴ എന്നിങ്ങനെ നായശല്യം മിക്ക സ്ഥലത്തും രൂക്ഷമാണ്.
ഈ കഴിഞ്ഞ ബുധനാഴ്ച രാവിലെ മുതല്‍ മലപ്പുറത്ത് വിവിധ ഇടങ്ങളിലായാണ് നായയുടെ ആക്രമണം നടന്നത്. പരിക്കേറ്റ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബാക്കി ഏഴുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്. രാവിലെ ഓത്തുപള്ളിപ്പുറായി മേഖലയിലെത്തിയ ഒരു തെരുവുനായ പല സ്ഥലങ്ങളിൽ വെച്ച് കണ്ണിൽ കണ്ടവരെയെല്ലാം ഓടിച്ചിട്ട് കടിക്കുകയായിരുന്നു. എന്നാൽ അതിന് ശേഷം റോഡ് മുറിച്ച് കടക്കുന്നതിനിടെ ഈ നായയെ ഒരു വാഹനം ഇടിക്കുകയും, അത് ചാവുകയും ചെയ്തിരുന്നു.
സംഭവസ്ഥലത്ത് വാര്‍ഡ് അംഗങ്ങളും വെറ്ററിനറി ഡോക്ടറും സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കീഴുപറമ്പ് പഞ്ചായത്തില്‍ മാസങ്ങളായി തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും, നിരവധി തവണ പഞ്ചായത്ത് അധികൃതര്‍ക്കു ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടി ഒന്നും ഉണ്ടായില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തിന് പിന്നാലെ നാട്ടുകാരുടെ രോഷം ശക്തമാകുകയാണ്. ഉടനടി നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.
സ്വസ്ഥമായി മനുഷ്യനെ ജീവിക്കാൻ അനുവദിക്കണം. തെരുവുനായ്ക്കൾക്ക് എങ്ങനെയാണ് സർക്കാർ കടിഞ്ഞാണിടാൻ പോകുന്നത്. തെരുവുനായ്ക്കളെ ഭയന്നു ജീവനു സംരക്ഷണം ആവശ്യപ്പെട്ടു ജനങ്ങൾ കരയുമ്പോഴും പരിഹാരം കണ്ടെത്താൻ ആരുമില്ല എന്ന അവസ്ഥയാണ്.
പല സർക്കാർ സ്ഥാപനങ്ങളിൽ പോലും ജനങ്ങൾക്കു ചെല്ലാൻ കഴിയാത്ത അവസ്ഥയിൽ തെരുവുനായ്ക്കൾ തമ്പടിച്ചിരിക്കുകയാണ്. വായിൽ നിന്നു നുരയും പതയും ഒഴുക്കി തെരുവുനായ്ക്കൾ ഇപ്പോഴും റോഡിലൂടെ പോകുന്നുണ്ട്. കൊച്ചുകുട്ടികളെ സൈക്കിളിൽ സ്കൂളിൽ വിടാനോ ട്യൂഷൻ സെന്ററുകളിൽ വിടാനോ രക്ഷിതാക്കൾ തയാറാകുന്നില്ല. മാർക്കറ്റുകളിൽ കഴിയുന്ന തെരുവുനായ്ക്കൾ റോഡുകളും കയ്യടക്കുകയാണ്. ഇതിനൊരു പരിഹാരം കാണാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോളുള്ളത്.
എന്നാൽ ചില സ്ഥലത്തൊക്കെ തെരുവുനായ്ക്കൾക്കു പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ബോധൽക്കരണ പ്രവർത്തനങ്ങളും നടത്തി, ഒട്ടേറെയാളുകൾക്കു വാക്സിനേഷനും നൽകിയിട്ടുണ്ട്.
അനിമൽ ബർത്ത് കൺട്രോൾ പദ്ധതിയിൽ ഉൾപ്പെടുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്. പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു ഷെൽറ്ററുകൾ സ്ഥാപിച്ചു തെരുവുനായ്ക്കളെ സംരക്ഷിക്കാൻ പല പഞ്ചായത്തുകളും തീരുമാനിച്ചിരുന്നു. ബജറ്റ് വരുമ്പോൾ ചില പഞ്ചായത്തിൽ രണ്ടും മൂന്നും ലക്ഷം രൂപ ഷെൽറ്ററിനു വേണ്ടി മാറ്റി വയ്ക്കാറുണ്ടെങ്കിലും ആ പദ്ധതി പലപ്പോളും നടപ്പാകാറില്ല.
ഈ തെരുവ്നായ്ക്കളേക്കാൾ ഭീകരരായ ജന്തുപ്രേമികളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ അഴിഞ്ഞാടുന്നത്. തെരുവ് പട്ടികളെ ജനങ്ങൾ സൃഷ്ടിക്കുന്നതാണ്. അതുകൊണ്ട് അവറ്റകളുടെ കടി കൊള്ളാൻ പൊതുജനം ബാധ്യസ്ഥരാണ് എന്ന രീതിയിലാണ് ചിലരുടെ കമന്റുകൾ.
കൃഷിയിടത്തിൽ ഇറങ്ങി ആന നാട്ടുകാരെ ചവിട്ടി കൊള്ളുമ്പോളും ഇക്കൂട്ടർ പറയുന്നത്, ആനയുടെ വാസ സ്ഥലത്ത് മനുഷ്യൻ എന്തിന് പോകുന്നു എന്നാണ്. ഈ ഭൂമി ഇന്നീ കാണുന്ന പോലെ വികസിപ്പിച്ചത് മനുഷ്യൻ തന്നെയാണ്. കാട്ടാനയും തെരുവ്പട്ടികളും ചേർന്നുള്ള ആധുനിക ലോകം സൃഷ്ടിച്ചത്. വാസയോഗ്യമായ, അല്ലെങ്കിൽ കൃഷിക്ക് പറ്റിയ സ്ഥലങ്ങളുടെ പരിമിതി ഉള്ളപ്പോൾ മനുഷ്യൻ പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്തും.
ഈ നാട്ടിലെ ടാക്സും അടച്ച്, മതിയായ രേഖകളോടെ താമസിക്കുന്ന മനുഷ്യർക്ക് സംരക്ഷണം ഒരുക്കേണ്ടത് തീർച്ചയായും ഇവിടെത്തെ സർക്കാർ തന്നെയാണ്. മൃഗസ്നേഹികളുടെ കരച്ചിലിനേക്കാൾ, ഈ ജന്തുക്കളുടെ ആക്രമണത്തിൽ പരുക്ക് പറ്റിയവരുടെ കരച്ചിലാണ് സർക്കാർ ആദ്യം കേൾക്കേണ്ടത്. ഒപ്പം മൃഗസ്നേഹം എന്ന പേരിൽ, ചാരിറ്റിയും പണപ്പിരിവും നടത്തി കഴിയുന്ന കുറച്ച് നികൃഷ്ട ജീവികൾക്കെതിരെ നടപടികളും എടുക്കണം.