ടാസ്മാക് ക്രമക്കേടിനെതിരെ പ്രതിഷേധം: അണ്ണാമലൈ അടക്കമുള്ള ബിജെപി നേതാക്കള്‍ അറസ്റ്റില്‍

തമിഴ്നാട്ടിലെ ടാസ്മാക് ക്രമക്കേടിനെതിരെ പ്രതിഷേധിച്ച ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തു. സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ, തമിഴിസൈ സൗന്ദരരാജന് എന്നിവർ അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. തങ്ങളുടെ പ്രധാനപ്പെട്ട നേതാക്കള്‍ ഒക്കെ രാവിലെ മുതല്‍ വീട്ടുതടങ്കലില്‍ ആണെന്ന് ബിജെപി ആരോപിച്ചു.
തമിഴ്നാട്ടില്‍ മദ്യ വില്പന നടത്തുന്ന സര്‍ക്കാര്‍ സ്ഥാപനമായ ടാസ്മാക്കുമായി ബന്ധപ്പെട്ട് ആയിരം കോടി രൂപയുടെ ക്രമക്കേടാണ് ഇ ഡി കണ്ടെത്തിയത്. പിന്നാലെ സര്‍ക്കാരിനെതിരെ അഴിമതി ആരോപവുമായി ബിജെപി രംഗത്ത് വന്നു. ചെന്നൈയിലെ ടാസ്മാക്ക് ആസ്ഥാനത്ത് ഇന്ന് പ്രതിഷേധവും ആഹ്വാനം ചെയ്തു. എന്നാല്‍ പ്രതിഷേധത്തിന് പൊലീസ് അനുമതി നല്‍കിയില്ല.
രാവിലെ മുതല്‍ മുതിര്‍ന്ന ബിജെപി നേതാക്കളുടെ വീടിനുമുന്നില്‍ വന്‍ പൊലീസ് നിരയാണ്. നേതാക്കളൊക്കെ വീട്ടുതടങ്കലില്‍ ആണെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ ആരോപിച്ചു. വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയ തമിഴിസൈ സൗന്ദരരാജനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ കെ അണ്ണാമലൈ പ്രതിഷേധ സ്ഥലത്തേക്ക് വന്നു. ഇവിടെ നിന്നും അണ്ണാമലൈയെയും അറസ്റ്റ് ചെയ്തു നീക്കി. ഡിഎംകെ സര്‍ക്കാര്‍ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും അണ്ണാമലൈ പറഞ്ഞു.