യമനില്‍ ആക്രമണം തുടരുമെന്ന് യു.എസും തിരിച്ചടിക്കുമെന്ന് ഹൂതി വിമതരും

യമനില്‍ ആക്രമണം തുടരുമെന്ന് വ്യക്തമാക്കി യു.എസും ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നല്കി ഹൂതി വിമതരും. കഴിഞ്ഞ ദിവസം ഹൂതി കേന്ദ്രങ്ങളില്‍ യു.എസ് കനത്ത വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍ ശക്തമാകുമെന്ന റിപ്പോർട്ട് പുറത്തുവന്നത്.
ഹൂതികളെ ലക്ഷ്യമിട്ടെന്ന പേരിൽ യു.എസ് യമനിൽ നടത്തിയ ആക്രമണങ്ങളിൽ മരണം 53 ആയി. കുട്ടികളും സ്ത്രീകളുമുൾപെടെയാണ് അമേരിക്കയുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അന്ത്യശാസനം നല്‍കിയതിനു പിന്നാലെയാണ് യമനില്‍ കനത്ത ആക്രമണം നടത്തിയത്.ചെങ്കടലിൽ ആക്രമണം പുനരാരംഭിക്കുമെന്ന നിലപാടിൽ നിന്ന് ഹൂതികൾ പിന്മാറാതെ ആക്രമണം അവസാനിപ്പിക്കില്ലെന്ന് യു.എസ് ആവർത്തിക്കുന്നു. യമനോട് ചേര്‍ന്നുള്ള ബാബ് അല്‍ മന്ദീപ് കടലിടുക്ക് വഴി കടന്നു പോകുന്ന കപ്പലുകളെയാണ് ഹൂതികള്‍ ആക്രമിച്ചത്.
ചെങ്കടലില്‍ ഏതൊക്കെ കപ്പലുകള്‍ക്ക് കടന്നുപോകാം, പോകാൻ പാടില്ല എന്ന് തീരുമാനിക്കാൻ ഹൂതികളെ സമ്മതിക്കില്ലെന്നും അവരുടെ ശക്തി തകർക്കുന്നതുവരെ ആക്രമണം തുടരുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ പറഞ്ഞു. ആക്രമണത്തില്‍ വിവിധ ഹൂതി നേതാക്കള്‍ കൊല്ലപ്പെട്ടെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് മൈക് വാട്സ് അവകാശപ്പെട്ടെങ്കിലും വിശദാംശങ്ങള്‍ നല്‍കിയില്ല.
അതേസമയം, യു.എസ് ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഹൂതികളുടെ നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂതി ഞായറാഴ്ച മുന്നറിയിപ്പ് നല്കി. യു.എസിന്റെ ചരക്ക് കപ്പലുകളെയും യുദ്ധക്കപ്പലുകളെയും വിമാനവാഹിനികളെയും ലക്ഷ്യമിട്ടായിരിക്കും തിരിച്ചടി നല്‍കുക. യു.എസ് കടന്നുകയറ്റം തുടർന്നാല്‍ ആക്രമണം കൂടുതല്‍ രൂക്ഷമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, വിമാനവാഹിനിയായ യു.എസ്.എസ് ഹാരി എസ്. ട്രൂമാനെ മിസൈലുകളും ഡ്രോണും ഉപയോഗിച്ച് ആക്രമിച്ചതായി ഹൂതി വിമതർ അവകാശപ്പെട്ടു. എന്നാല്‍, വ്യോമാക്രമണത്തിന് മറുപടിയായി ഹൂതികള്‍ 11 ഡ്രോണുകളും മിസൈലും പ്രയോഗിച്ചതായി യു.എസ് രഹസ്യ വൃത്തങ്ങള്‍ സമ്മതിച്ചു. ഹൂതികളുടെ 10 ഡ്രോണുകള്‍ വ്യോമസേനയും ഒരു ഡ്രോണ്‍ നാവികസേനയും വെടിവെച്ചിട്ടു. മിസൈല്‍ കടലില്‍ പതിച്ചതായും ഒന്നും യുദ്ധക്കപ്പലുകളില്‍ ഇടിച്ചില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ആഗോള ഷിപ്പിങ് സര്‍വിസിനെ ആക്രമിക്കുന്നത് ഒഴിവാക്കും വരെ ആക്രമണം നടത്തുമെന്ന് യു.എസ് നാവിക സേന പറഞ്ഞു. യമനില്‍ യു.എസ് കരയാക്രമണം നടത്തില്ലെന്നും റൂബിയോ പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ യു.എസ് ആക്രമണത്തില്‍ യമനില്‍ മരിച്ചവരുടെ എണ്ണം 53 ആയതായി ഹൂതി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരില്‍ അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടും. 100ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. സൗദി അറേബ്യയുമായി അതിർത്തി പങ്കിടുന്ന ഹൂതികളുടെ ശക്തികേന്ദ്രങ്ങളായ സൻആയിലും സഅദായിലുമാണ് പ്രധാനമായും ആക്രമണമുണ്ടായത്.
യു.എസ് വ്യോമാക്രമണത്തെ നേരിടാന്‍ പൂര്‍ണ സജ്ജരാണെന്ന് ഹൂതി പൊളിറ്റിക്കല്‍ ബ്യൂറോ നേതാക്കള്‍ പറഞ്ഞു. യമനു നേരെ യു.എസ് നടത്തുന്ന കുറ്റകൃത്ര്യത്തിന് കണക്കുചോദിക്കാതെ പോകില്ലെന്ന് ക്രൂരമായ കൂട്ടക്കൊലയാണ് യു.എസ് നടത്തുന്നതെന്നും ഹൂതികള്‍ പറഞ്ഞു. അമേരിക്കയുടെ വണിജ്യ, നാവിക കപ്പലുകളെ ലോകത്ത് എവിടെയും തടയാന്‍ ഒരു ഭീകരപ്രസ്ഥാനങ്ങളെയും അനുവദിക്കില്ലെന്നും കടല്‍യാത്രാ സ്വാതന്ത്ര്യം പുനസ്ഥാപിക്കുമെന്നും ട്രംപ് പറഞ്ഞു.
ആക്രമണം യമനിലെ ജനങ്ങളുടെ ജീവിത സാഹചര്യം കൂടുതല്‍ ദുരിതപൂർണമാക്കുമെന്ന് യു.എൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് മുന്നറിയിപ്പ് നല്കി. ഏറ്റുമുട്ടലുകളില്‍നിന്ന് ഇരുവിഭാഗവും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.