വല്ലാത്ത ഗതികേട് തന്നെ; പുല്ല് , അവധി വേണ്ടായിരുന്നു
അവധി അപേക്ഷയിലെ അക്ഷരത്തെറ്റുകളിലൂടെ പുറത്തറിഞ്ഞത് വൻ പരീക്ഷാ ക്രമക്കേട്

ചില നേരത്ത നമ്മൾ കാലക്കേടിൽ വിശ്വസിച്ചേ മതിയാകു….കോപ്പിയടിച്ചു പരീക്ഷ എഴുതി എസ്ഐ കുപ്പായവുമിട്ടു സുഖിച്ചങ്ങു വാണകാലം, പെട്ടെന്നൊരു അവധി വേണമെന്ന് തോന്നി .അപ്പോ തന്നെ എഴുതി മേലുദ്യോഗസ്ഥന് ഒരു ലീവ് ലെറ്റർ . ആ ലെറ്റർ മേലുദ്യോഗസ്ഥന് കിട്ടിയതോടെ
എസ്ഐയുടെ സമയം മാറി…എഴുത്തിൽ അറഞ്ചംപുറഞ്ചം അക്ഷരത്തെറ്റുകള്‍ ,ഇത് മുതിർന്ന ഉദ്യോഗസ്ഥരില്‍ സംശയം ജനിപ്പിച്ചു. ഒരു എസ്ഐ യ്ക്ക് എങ്ങിനെ എത്ര ഭംഗിയായി അക്ഷരത്തെറ്റുകള്‍ വരുത്താനാകും . ഒടുവിൽ വിശദമായ അന്വേഷണം നടത്തി രാജസ്ഥാൻ പോലീസ് . കഥ മുഴുവൻ അറിയണോ …സംഭവം ഇങ്ങനെയാണ്
വനിതാ എസ്ഐയുടെ അവധി അപേക്ഷയില്‍ കണ്ടെത്തിയ അക്ഷരത്തെറ്റുകളിലൂടെ പുറത്തറിഞ്ഞത് വൻ പരീക്ഷാ ക്രമക്കേടാണ്
രാജസ്ഥാൻ പോലീസിലെ വനിതാ എസ്ഐ എഴുതിയ അവധി അപേക്ഷയില്‍ നിറയെ അക്ഷരത്തെറ്റുകള്‍ കണ്ടെത്തിയതോടെ ഉയർന്ന സംശയവും ഇതിനുപിന്നാലെ സ്പെഷ്യല്‍ ഓപ്പറേഷൻസ് ഗ്രൂപ്പ് നടത്തിയ അന്വേഷണവുമാണ് 2021-ല്‍ നടന്ന എസ്ഐ റിക്രൂട്ട്മെന്റ് പരീക്ഷയിലെ കോപ്പിയടി പുറത്തെത്തിച്ചത്.
സംഭവത്തില്‍ വനിതാ എസ്ഐയായ മോണിക്ക, പരീക്ഷാ ക്രമക്കേടിന് സഹായിച്ച കലീർ എന്നിവർക്കെതിരേ പോലീസ് കേസെടുത്തു. കലീറിനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ജയ്പുർ പോലീസ് അക്കാദമിയില്‍ പരിശീലനത്തിലായിരുന്ന എസ്ഐ മോണിക്ക പിന്നീട് ഒളിവില്‍പോയി.
കഴിഞ്ഞവർഷം മോണിക്ക സമർപ്പിച്ച ഒരു അവധി അപേക്ഷയാണ് പരീക്ഷാ ക്രമക്കേട് കണ്ടെത്തുന്നതില്‍ നിർണായകമായത്. 2024 ജൂണ്‍ അഞ്ചാം തീയതി മുതല്‍ ജൂലായ് രണ്ടാം തീയതി വരെ മോണിക്ക മെഡിക്കല്‍ അവധിയിലായിരുന്നു. എന്നാല്‍, അവധിക്ക് ആവശ്യമായ മെഡിക്കല്‍ രേഖകള്‍ ഇവർക്ക് സമർപ്പിക്കാനായില്ല. തുടർന്ന് ജോലിയില്‍ തിരികെ പ്രവേശിക്കാനായി ഹിന്ദിയില്‍ അവധി സംബന്ധിച്ച് മോണിക്ക ഒരു അപേക്ഷ എഴുതി സമർപ്പിച്ചു.ഇവിടെയാണ് ആ ട്വിസ്ററ് നടന്നത് .
നവംബർ 11-ാം തീയതിയാണ് ഈ അപേക്ഷ എഴുതിനല്‍കിയത്. പക്ഷേ, അപേക്ഷയിലെ പല വാക്കുകളിലും അക്ഷരത്തെറ്റുകള്‍ നിറഞ്ഞുനിന്നത് മുതിർന്ന ഉദ്യോഗസ്ഥരില്‍ സംശയം ജനിപ്പിച്ചു. ‘ഞാൻ’, ‘ഇൻസ്പെക്ടർ’, ‘പ്രൊബേഷൻ’ തുടങ്ങി ‘ജുൻജുനു’ എന്ന സ്ഥലപ്പേര് വരെ തെറ്റായാണ് എസ്ഐ എഴുതിയിരുന്നത്. എഴുത്തു പരീക്ഷയില്‍ ഇത്രയും മാർക്ക് നേടിയിട്ടും എങ്ങനെയാണ് നിറയെ അക്ഷരത്തെറ്റുകള്‍ വന്നതെന്ന് ഉദ്യോഗസ്ഥർ ചിന്തിച്ചു. തുടർന്ന് എസ് ഒ ജി പ്രത്യേക അന്വേഷണം നടത്തിയതോടെയാണ് മോണിക്ക കോപ്പിയടിച്ചാണ് പരീക്ഷ ജയിച്ചതെന്ന് വ്യക്തമായത്. ചോദ്യംചെയ്യലില്‍ മോണിക്ക കുറ്റം സമ്മതിക്കുകയുംചെയ്തു.
2021 സെപ്റ്റംബറില്‍ അജ്മീറില്‍ നടന്ന പരീക്ഷയ്ക്കിടെ ബ്ലൂടൂത്ത് ഉപകരണം ഉപയോഗിച്ചാണ് മോണിക്ക കോപ്പിയടിച്ചത്. പൗരവ് കലീർ എന്നയാളാണ് ഉത്തരങ്ങള്‍ നല്‍കിയതെന്നും ഇതിനായി 15 ലക്ഷം രൂപ നല്‍കിയെന്നും ഇവർ മൊഴിനല്‍കിയിരുന്നു. തുടർന്നാണ് പൗരവ് കലീറിനെ പോലീസ് അറസ്റ്റ് ചെയ്തത്.
2021-ല്‍ നടന്ന എസ്ഐ റിക്രൂട്ട്മെന്റില്‍ 34-ാം റാങ്ക് നേടിയാണ് മോണിക്ക സർക്കാർ സർവീസില്‍ പ്രവേശിച്ചത്. ഹിന്ദി പേപ്പറില്‍ മോണിക്കയ്ക്ക് 200-ല്‍ 184 മാർക്കും പൊതുവിജ്ഞാനത്തില്‍ 200-ല്‍ 161 മാർക്കും ഉണ്ടായിരുന്നു. എന്നാല്‍, എഴുത്തുപരീക്ഷയില്‍ ഉയർന്ന മാർക്ക് നേടിയിട്ടും അഭിമുഖപരീക്ഷയില്‍ വെറും 15 മാർക്ക് മാത്രമാണ് മോണിക്കയ്ക്ക് നേടാനായതെന്നും റിപ്പോർട്ടുകളിലുണ്ട്.