ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
ഷവർമ കഴിച്ച വിദ്യാർഥിനി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കാസർക്കോട് ചെറുവത്തൂരിൽ ദേവനന്ദ എന്ന വിദ്യാർഥിനി മരിച്ച സംഭവത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. പത്രങ്ങളിലും ചാനലുകളിലും വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഇടപെടൽ. ഭക്ഷ്യ സുരക്ഷാ കമ്മാഷണറോടും ആരോഗ്യ വകുപ്പിനോടും കോടതി വിശദീകരണം ആവശ്യപ്പെട്ടു.
വിദ്യാർഥിനിയുടെ മരണം ഷിഗല്ലെ ബാക്ടീരിയ കാരണമാണെന്നും ഇത് ഹൃദയത്തെയും തലച്ചോറിനെയും ബാധിച്ചെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ മൂന്ന് പേരുടെ സ്രവ സാന്പിളുകൾ കോഴിക്കോട്ടെ ലാബിൽ പരിശോധിച്ചപ്പോൾ അവയിലും ഷിഗല്ലെയുടെ സാന്നിധ്യം സ്ഥിരീകരിച്ചുവെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ദേവനന്ദ മരിച്ച സംഭവത്തിൽ ഐഡിയൽ കൂൾബാർ മാനേജറും മൂന്നാം പ്രതിയുമായി കാസർക്കോട് പടന്ന സ്വദേശി അഹമ്മദ് അറസ്റ്റിലായി. കേസിൽ ഇതുവരെ മൂന്ന് പേർ പൊലീസിന്റെ പിടിയിലായി. സ്ഥാപനയുടമ ദുബായിലുള്ള കുഞ്ഞഹമ്മദിനായി തെരച്ചിൽ നോട്ടീസ് പുറപ്പെടുവിക്കും. ഷവർമ കഴിച്ച് ദേഹാസ്വാസ്ഥ്യം നേരിടുന്ന 52 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുന്നത്.
Content Highlight: Food poisoning: High court to take suo moto case on student death