ക്രിമിനലുകളെ സംരക്ഷിക്കുന്ന സ്ത്രീ വിരുദ്ധമായ നിലപാടുകള്‍ തുടരുന്ന അമ്മയിൽ നിന്നും ഒഴിവാക്കിത്തരണം; അടച്ച ഒരു ലക്ഷം രൂപ തിരിച്ചു നൽകേണ്ട: ഹരീഷ് പേരടി
സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ നിന്ന് ഒഴിവാക്കിത്തരണമെന്നാവശ്യപ്പെടുന്ന തുറന്ന കത്തുമായി നടൻ ഹരീഷ് പേരടി. തൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് പേരടി നിലപാട് വ്യക്തമാക്കിയത്.
പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമിനലുകളെ സംരക്ഷിക്കുന്നതും ഇത്രയും സ്ത്രീ വിരുദ്ധമായ നിലപാടുകള്‍ തുടരുന്നതുമായ അമ്മ എന്ന സിനിമാ സംഘടനയിൽ പ്രവർത്തിക്കാൻ സാധിക്കില്ലെന്നും അതിനാൽ സംഘടനയിൽ നിന്നും ഒഴിവാക്കിത്തരണമെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.
തൻ്റെ പ്രാഥമിക അംഗത്വത്തിനായി അടച്ച ഒരു ലക്ഷം രൂപ തനിക്ക് തിരിച്ചു വേണ്ടെന്നും ആരോഗ്യ ഇന്‍ഷ്വറന്‍സ് തുടങ്ങിയ എല്ലാ അവകാശങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കനമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
അയാൾ മാറി നിൽക്കാം എന്ന് കത്ത് നൽകി അതും താൽകാലികമായി, അല്ലാതെ അയാൾക്കെതിരെ ഒരു നടപടിയും എടുത്തില്ലെന്ന പരിഹാസധ്വനിയുള്ള കുറിപ്പ് വിജയ് ബാബു വിഷയത്തിലെ അമ്മയുടെ പത്രക്കുറിപ്പിൻ്റെ ചിത്രത്തോടൊപ്പം ഹരീഷ് പേരടി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു . അടച്ച ഒരു ലക്ഷം രൂപ തിരിച്ചു നൽകണ്ടന്നും അദ്ദേഹം അറിയിച്ചു .
ബലാത്സംഗക്കേസിൽ ആരോപണവിധേയനായ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് സംഘടനയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് മാലാ പാർവതി, ശ്വേതാ മേനോൻ, കുക്കുപരമേശ്വരൻ എന്നിവർ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയത് .