പാകിസ്ഥാനില്‍ ഭീകരാക്രമണം, എട്ട് പേര് കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ രണ്ടിടത്തായി നടന്ന ഭീകരാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബലൂചിസ്ഥാനിലെ ഗ്വാദര്‍ ജില്ലയിലുള്ള തീരദേശ മേഖലയായ പസ്നിയിലാണ് ആദ്യത്തെ ആക്രമണം നടന്നത്. 12 പേരടങ്ങുന്ന സംഘം ബസ് തടഞ്ഞ് നിര്‍ത്തി നാട്ടുകാരല്ലാത്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. ഈ ആക്രമണത്തില്‍ ആറുപേരാണ് കൊല്ലപ്പെട്ടത്.
രണ്ടാമത്തെ ആക്രണം ബലൂചിസ്ഥാന്‍ പ്രവിശ്യ തലസ്ഥാനമായ ക്വെറ്റയിലാണ് നടന്നത്. പൊലീസ് വാഹനത്തിന് സമീപം ബൈക്കില്‍ ഘടിപ്പിച്ചിരുന്ന ഐഇഡി പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സ്ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ട് ആക്രമണങ്ങളിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്.