ധാക്കയില്‍ നടക്കുന്ന എസിസി യോഗത്തില്‍ ബിസിസിഐ പങ്കെടുക്കില്ല; ഏഷ്യാ കപ്പിന്റെ ഭാവി എന്താകും?

ഇന്ത്യ വേദിയാവുന്ന ഈവര്‍ഷത്തെ ഏഷ്യാ കപ്പിന്റെ ഭാവി അനിശ്ചിതത്വത്തിലായി. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ യോഗം ബഹിഷ്കരിക്കാനുള്ള ബിസിസിഐ നീക്കമാണ് ടൂര്‍ണമെന്റിന്റെ ഭാവി പ്രതിസന്ധിയിലാക്കിയത്. സെപ്റ്റംബറില്‍ ഇന്ത്യയിലെ വിവിധ സ്റ്റേഡിയങ്ങളിലാണ് ഈ വര്‍ഷത്തെ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കേണ്ടത്. ഇന്ത്യ – പാകിസ്ഥാന് മത്സര വേദിയും ബാക്കി മത്സരങ്ങളുടെ ഷെഡ്യൂളും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാനാണ് ധാക്കയില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം നിശ്ചയിച്ചിരിക്കുന്നത്.
എന്നാല്‍ യോഗത്തില്‍ പങ്കെടുക്കില്ലന്നും യോഗതീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്നുമാണ് ബിസിസിഐ പറയുന്നത്. ബംഗ്ലാദേശിലെ നിലവിലെ രാഷ്ട്രീയ സഹാചര്യങ്ങള്‍ പരിഗണിച്ച് യോഗവേദി ധാക്കയില്‍ നിന്ന് മാറ്റണമെന്നാണ് ബിസിസിഐയുടെ ആവശ്യം. വേദി ധാക്കയില്‍ നിന്ന് മാറ്റിയിലെങ്കില്‍ യോഗം ബഹിഷ്കരിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി. എന്നാല്‍, പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് മുഹ്സിന് നഖ്വി അധ്യക്ഷനായ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇന്ത്യയുടെ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല.
എസിസി യോഗവുമായി ബന്ധപ്പെട്ട് ഇന്ത്യക്കുമേല്‍ അനാവശ്യ സമ്മര്‍ദം ചെലുത്താനാണ് പിസിബി അധ്യക്ഷന്‍ ശ്രമിക്കുന്നതെന്ന് ബിസിസിഐ കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് സെപ്റ്റംബറിലെ ഏഷ്യാകപ്പിന്റെ ഭാവി അനിശ്ചിതത്വത്തില്‍ ആയത്. ആറ് ടീമുകളാണ് ഏഷ്യാകപ്പില്‍ പങ്കെടുക്കുക.