വേണാട് എക്സ്പ്രസില്‍ കോളേജ് വിദ്യാര്‍ഥിനിക്ക് നേരെ അതിക്രമം, വട്ടിയൂര്‍ക്കാവ് സ്വദേശി പിടിയില്‍

ട്രെയിനില്‍ വച്ച് കോളേജ് വിദ്യാര്‍ത്ഥിനിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച വ്യക്തി പിടിയിലായി. തിരുവനന്തപുരം സ്വദേശിനിയും തൃശ്ശൂര്‍ ലോ കോളേജിലെ വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് സ്വദേശി സതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി വേണാട് എക്സ്പ്രസ്സിലാണ് സംഭവം.
എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുമ്പോൾ വര്‍ക്കലയില്‍ വെച്ചാണ് അതിക്രമം ഉണ്ടായതെന്നാണ് പെണ്‍കുട്ടിയുടെ പരാതി. സംഭവം റെയില്‍വെ പൊലീസിനെ അറിയിച്ചതിന് പിന്നാലെ ട്രെയിന്‍ തമ്പാനൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥരെത്തി പ്രതിയെ പിടികൂടുകയായിരുന്നു. യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി.