ഇസ്രായേലിന്റെ കണ്ണ് വെട്ടിച്ച് യാഹ്യ സിൻവറിന്റെ ഭാര്യ ഗാസ വിട്ടു: കൈ നിറയെ പണവുമായി തുർക്കിയിലെത്തി വേറെ വിവാഹം കഴിച്ചതായി റിപ്പോർട്ട്

ഹമാസിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാവായിരുന്നു മുൻ തലവനായ യഹ്യ സിൻവാർ. ഇസ്രായേലിൽ ഹമാസ് നടത്തിയ ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ യഹ്യ സിൻവാർ ആണെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ അവസാനം റഫായില്‍വെച്ച് ഇസ്രയേല്‍ സൈന്യം സിന്‍വാറിനെ കൊലപ്പെടുത്തിയിരുന്നു. പിന്നാലെ യഹിയയുടെ അവസാന സമയത്തേത് എന്ന് അവകാശപ്പെടുന്ന ചില ഡ്രോണ്‍ ദൃശ്യങ്ങള്‍ ഇസ്രയേല്‍ പ്രതിരോധ സേന പുറത്തുവിട്ടിരുന്നു. യഹ്യ സിൻവർ ഇരിക്കുന്ന കെട്ടിടം ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. അവിടെ നിറയെ പൊടിപടലങ്ങളാണ്. പൊടിപിടിച്ച സോഫയില്‍ ഒരാള്‍ ഇരിക്കുന്നത് കാണാം. തലയും മുഖവും സ്കാര്‍ഫ് കൊണ്ട് മറച്ചിട്ടുണ്ട്. വലതു കൈക്ക് ഗുരുതരമായി പരിക്ക് പറ്റിയതായും കാണാന്‍ കഴിയും. അവിടേക്ക് ഇസ്രായേലിൻറെ ഡ്രോൺ കടന്നു ചെല്ലുന്നു. ആ ഡ്രോണ്‍ അടുത്തേയ്ക്ക് ചെന്നപ്പോള്‍ സിൻവർ ഒരു വടിയെടുത്ത് എറിയുന്നതും വിഡിയോയില്‍ കാണാന്‍ കഴിയുന്നുണ്ട്.
ഈ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തതിന് ശേഷം ആ കെട്ടിടത്തില്‍ ഷെല്‍ ആക്രമണം നടത്തുകയും യഹ്യ സിന്‍വര്‍ കൊല്ലപ്പെടുകയും ചെയ്തുവെന്ന് ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞിരുന്നു.
ഇപ്പോൾ യഹിയ സിന്‍വാറിന്റെ ഭാര്യ തുര്‍ക്കിയിലേക്ക് കടന്ന് വേറെ വിവാഹം കഴിച്ചതായാണ് റിപ്പോർട്ടുകൾ. വലിയൊരു തുകയുമായി തുർക്കിയിലേക്ക് കടന്ന് അവിടെ വച്ച് വിവാഹം കഴിച്ചെന്നാണ് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സിന്‍വാറിന്റെ ഭാര്യ സമര് അബു സമര് മക്കളോടൊപ്പമാണ് തുര്‍ക്കിയിലേക്ക് കടന്നതെന്നും റിപ്പോർട്ടിലുണ്ട്. ഇവർ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചതായും പറയപ്പെടുന്നു.
ഹമാസ് നേതാവായ ഫാത്തി ഹമദാണ്, സമറിന് ഗാസയില്‍നിന്ന് തുര്‍ക്കിയിലേക്ക് കടക്കാന്‍ സൗകര്യം ചെയ്ത് നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റഫ അതിര്‍ത്തി വഴിയാണ് ഇവർ കടന്നു പോയത്. തുര്‍ക്കിയിലെത്തി അവിടെ താമസമാക്കിയ ഇവര്‍ വേറെ വിവാഹം കഴിച്ചതായും പറയപ്പെടുന്നു. ഹമദ് തന്നെയാണ് പുനര്‍വിവാഹത്തിനുള്ള മുന്‍കൈയെടുത്തത്. അതേസമയം, സുരക്ഷാ കാരണങ്ങളാൽ തന്നെ പുതിയ ഭര്‍ത്താവിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
സിന്‍വാറും ഭാര്യ സമര് മുഹമ്മദും രണ്ട് മക്കളും തുരങ്കത്തിലൂടെ നടക്കുന്ന ദൃശ്യങ്ങളും നേരത്തെ ഐഡിഎഫ് പങ്കുവെച്ചിരുന്നു. വീഡിയോയില്‍ ഭാര്യ സമര് കൈയില്‍ പിടിച്ചിരിക്കുന്ന ബാഗും ചര്‍ച്ചാവിഷയമായി. ആഡംബര ബ്രാന്‍ഡായ ഹെമിസ് ബര്കെൻറെ ബാഗാണ് ഇതെന്നും ആ ബാഗിന് മാത്രം ഏതാണ്ട് 27 ലക്ഷം രൂപ വില വരുമെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു. ഗാസയിലെ നിവാസികള്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി പാടുപെടുമ്പോള്‍, സിന്‍വാറിന്റെയും ഭാര്യയുടെയും സമ്പത്തിനോടുള്ള ആസക്തിയുടെ തെളിവുകള്‍ ഞങ്ങള്‍ കാണുന്നു,’ എന്നാണ് ഐഡിഎഫ് പ്രസ്താവിച്ചത്.
എന്തായാലും അവർ ഗാസയിൽ നിന്നും പുറത്ത് കടന്നിരിക്കുകയാണ്. ഗാസയിലെ മറ്റൊരു സ്ത്രീയുടെ പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് ഇവർ രക്ഷപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവർക്ക് ഹമാസുമായി നേരിട്ട് ബന്ധങ്ങൾ ഇല്ലെങ്കിലും, ഇസ്രായേൽ ഇവരെ ഏറെക്കാലം നിരീക്ഷിച്ചിരുന്നു. ഒരുപാട് പണം ഇവരുടെ താവളത്തിൽ സൂക്ഷിച്ചിരുന്നതായും ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് നേരത്തെ പറഞ്ഞിരുന്നു.