സമാധാനശ്രമം കൈവിട്ട് ഡൊണാൾഡ് ട്രംപ്; ഹമാസിനെ തീർക്കാൻ ഇസ്രായേലിനോട് ആഹ്വാനം

ഇപ്പോൾ വെടിനിർത്തൽ ചർച്ചകളിൽ നിന്നെല്ലാം പിന്മാറിയ ശേഷം ഹമാസിനെതിരേ വളരെ രൂക്ഷമായിട്ടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിക്കുന്നത്. ഹമാസിനെതിരായ പോരാട്ടം പെട്ടെന്ന് പൂർത്തിയാക്കി, അവരുടെ കഥ കഴിക്കാനാണ് ഇസ്രയേലിനോട് ട്രംപ് പറയുന്നത്.
രണ്ടാഴ്ചകൾക്ക് മുന്നേയാണ് ഗാസയിൽ വെടിനിർത്തൽ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ഇതേ ട്രംപ് തന്നെ പറഞ്ഞത്. ഇപ്പോൾ നേരെ തിരിഞ്ഞിരിക്കുകയാണ് അമേരിക്കൻ പ്രസിഡൻറ്. ഹമാസിന് ഭിന്നതകൾ ഉണ്ടെന്ന് കണ്ടെത്തിയതായിട്ടാണ് യി ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പറയുനത്.
സമാധാന ചർച്ചകൾ തകർന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഹമാസിനു മേലാണ് ട്രംപ് ചാർത്തുന്നത്. ഡസൻ കണക്കിന് ബന്ദികൾ മോചിപ്പിക്കപ്പെടുകയോ കസ്റ്റഡിയിൽ മരിക്കുകയോ ചെയ്തതോടെ ഹമാസിന്റെ വിലപേശൽ ശക്തി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
‘ഇപ്പോൾ നമ്മൾ അവസാന ബന്ദികളിലേക്ക് എത്തിയിരിക്കുന്നു, അവസാന ബന്ദികളെയും നമുക്ക് കിട്ടിയാൽ പിന്നെ എന്ത് സംഭവിക്കുമെന്ന് അവർക്കറിയാം. അതുകൊണ്ടുതന്നെ അവർ ഈ കരാർ ഉണ്ടാക്കാൻ നിൽക്കില്ല. ‘അവർക്ക് പോരാടേണ്ടിവരും. നിങ്ങൾ അവരെ ഇല്ലാതാക്കണം.’എന്നാണ് ഇസ്രയേലിനോട് ട്രംപ് പറഞ്ഞത്.
ഗാസ മുനമ്പിൽ സമാധാനം പുനഃസ്ഥാപിക്കാമെന്ന പ്രതീക്ഷകൾ തകരുകയാണ് എന്ന് ഇതോടെ വ്യക്തമാക്കുകയാണ്. ഹമാസിനെതിരെയുള്ള യുദ്ധം ഇസ്രായേൽ നിർത്തരുത് എന്നും ഗാസയെ തുടച്ചുനീക്കണമെന്നും ട്രംപ് വ്യക്തമായി തന്നെയാണ് പറയുന്നത്. ഹമാസിന് ഒരു വിട്ടുവീഴ്ചയ്ക്കും താൽപ്പര്യമില്ലെന്നും ഇസ്രായേൽ “ഗാസ വൃത്തിയാക്കുന്ന ജോലി പൂർത്തിയാക്കുകയും” ചെയ്യണമെന്നാണ് ട്രംപ് പറഞ്ഞത്.
തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനുള്ള “ബദൽ” മാർഗങ്ങൾ ഇസ്രായേൽ ഇപ്പോൾ പരിഗണിക്കുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പറഞ്ഞു. ഗാസയിൽ നിന്ന് ബന്ദികളെ തിരികെ കൊണ്ടുവരികയും ഹമാസ് ഭരണം അവസാനിപ്പിക്കുകയും ചെയ്യുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. നെതന്യാഹുവിന്റെ ഈ സൈനിക നിലപാടിനെയാണ് ഇപ്പോൾ ട്രംപ് പരസ്യമായി പിന്തുണക്കുന്നത്.
ഗാസയിൽ ആണെങ്കിൽ അതിർത്തികൾ അടച്ചതിനാൽ ഭക്ഷണത്തിന്റെയും മരുന്നുകളുടെയും വിതരണം ഏതാണ്ട് നിലച്ചിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പോഷകാഹാരക്കുറവ് മൂലം 9 പേർ മരിച്ചു, ഇതുവരെ ഡസൻ കണക്കിന് ആളുകളാണ് പട്ടിണി മൂലം മരിച്ചത്.
2023 ഒക്ടോബർ 7 ന് ഹമാസ് ഇസ്രായേൽ അതിർത്തി ആക്രമിച്ച് 1,200 പേരെ കൊല്ലുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തതോടെയാണ് ഈ സംഘർഷം ആരംഭിച്ചത്. ഇതിന് മറുപടിയായി, ഇസ്രായേൽ ഇതുവരെ 60,000 പലസ്തീനികളെ കൊന്നിട്ടുണ്ട്, ഗാസയുടെ വലിയൊരു ഭാഗം ശ്മശാനമായി മാറിക്കഴിഞ്ഞു.