ഗോവിന്ദച്ചാമി പിന്തുടർന്നത് ജയാനന്ദൻറെ വഴികൾ; എല്ലാ ജയിലിൽ നിന്നും ചാടാൻ ശ്രമിച്ച കൊടും കുറ്റവാളി റിപ്പർ ജയാനന്ദൻ

കഴിഞ്ഞ ദിവസം, സർക്കാരിന് നാണക്കേട് ഉണ്ടാക്കിക്കൊണ്ട്, ജയിൽ ചാടിയ കൊടും ക്രിമിനലായ ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ ആരുടേയും സഹായം ലഭിച്ചിട്ടില്ല എന്നാണ് പോലീസ് പറയുന്നത്.
സെല്ലിൽ നിന്ന് പുറത്തിറങ്ങിയിട്ടും ജയിലിൻറെ പുറത്ത് കടക്കാൻ വൈകിയത് മറ്റ് സഹായങ്ങൾ ഇല്ലാത്തത് കൊണ്ടാണെന്നും പൊലീസ് പറയുന്നു.
ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ ഗുരുതരവീഴ്ച സംഭവിച്ചു എന്നാണ് ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്. ഇതോടെ കൂടുതൽ പേർക്കെതിരേ നടപടിക്ക് സാധ്യത കാണുന്നുണ്ട്.
ഇയാൾക്ക് സഹായം ലഭിച്ചില്ല എന്ന് പോലീസ് പറയുന്നത്തിന്റെ പ്രധാന കാരണം, പൊതുവേ പ്രശ്നക്കാരനായ ഗോവിന്ദച്ചാമിക്ക് സഹ തടവുകാരുമായി അടുപ്പമുണ്ടായിരുന്നില്ല എന്നതാണ്. ജയിൽ ചാടുന്ന സമയത്ത് സിസിടിവിയുടെ നിരീക്ഷണ ച്ചുമതലയുണ്ടായിരുന്ന ജീവനക്കാർ തടവുകാരുമായി ആസ്പത്രിയിലായിരുന്നു എന്ന വാദം ഡിഐജി നിഷേധിച്ചു. ആസ്പത്രിയിൽ പോയിരുന്നെങ്കിലും ഗോവിന്ദച്ചാമി ജയിൽ ചാടുമ്പോൾ അവരെല്ലാം ജോലിയിൽ ഉണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിക്കാതിരുന്നതും ഗോവിന്ദച്ചാമിയുടെ മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾ മനസ്സിലാക്കാദി പോയതുമാണ് ജീവനക്കാരുടെ വീഴ്ചകളിൽ പ്രധാനം. വൈദ്യുതവേലി പ്രവർത്തിക്കാതിരുന്നിട്ടും അറ്റകുറ്റപ്പണി നടത്തിയില്ല, ജയിൽച്ചട്ടം ലംഘിച്ച് ഗോവിന്ദച്ചാമി താടി വളർത്തിയത് ശ്രദ്ധിച്ചില്ല തുടങ്ങിയ കാര്യങ്ങളും റിപ്പോർട്ടിൽ പറയുന്നു.
ഇത്രയും കുപ്രസിദ്ധനായ ഒരു ക്രിമിനൽ തടി വളർത്തുന്നത് ജയിലിൽ ആരും ശ്രദ്ധിച്ചില്ല. ഉപ്പു കൊണ്ട് സെല്ലിലെ ഇരുമ്പ് അഴികൾ ദ്രവിപ്പിച്ച് അറുത്ത് മാറ്റുന്നു. ശോഷിപ്പിച്ച ശരീരവും കൊണ്ട് അതിലെ പുറത്ത് കടക്കുന്നു. ഏഴര മീറ്റർ ഉയരമുള്ള മതിൽ ചാടി പോകുന്നു. ജയിലിൽ നിന്നും മോചനം കൊട്ടി പോയ പഴയ തടവുകാരുടെ തുണികൾ ഇയാൾ ശേഖരിച്ച് വെച്ച്, അതുകൊണ്ട് വടം ഉണ്ടാക്കുന്നു. കമ്പികൾ മുറിക്കാൻ ഹാക്സോ ബ്ലേഡ് കിട്ടുന്നു. ഇതൊന്നും പരസഹായമില്ലാതെ, ഒറ്റക്കയ്യുള്ള ഗോവിന്ദച്ചാമി ചെയ്തെന്നു വിശ്വസിക്കുന്നത് ഒരുപക്ഷെ പോലീസുകാർ മാത്രമായിരിക്കും.
കണ്ണൂർ സെൻട്രൽ ജയിലിലെ ജീവനക്കാരുടെ കുറവും സുരക്ഷാവീഴ്ചയ്ക്ക് കാരണമാണ്. 150 ജീവനക്കാർ വേണ്ടിടത്ത് 106 പേരാണുള്ളത്. എന്നാൽ തടവുകാർ കൂടുതലുമാണ്. 940 തടവുകാരെ പാർപ്പിക്കാൻ സൗകര്യമുള്ള ജയിലിൽ 1118 പേരാണുള്ളത്. ഒരുസമയത്ത് 30 ജീവനക്കാരാണ് ജോലിയിലുണ്ടാകുക. ഒരു ബ്ലോക്കിന്റെ ചുമതലയുള്ള ആൾ 200 തടവുകാരെ നോക്കണം. ജയിലിൽ ഒരു കലാപം ഉണ്ടായാൽ അത് തടയാൻ ഈ ജീവനക്കാർ മതിയാകില്ല. അതും വളരെ ഗുരുതരമായ സാഹചര്യമാണ്.
ഗോവിന്ദച്ചാമിയ് പിടികൂടിയതിൽ പൊലീസിന് കാര്യമായി അഭിമാനിക്കാൻ ഒന്നും തന്നെയില്ല. മാധ്യമങ്ങളിലൂടെ വാർത്ത പരന്നതോടെ ജനങ്ങൾ ജാഗരൂകരായിരുന്നു. കാരണം ജയിൽ അധികാരികളുടെ അനാസ്ഥ മൂലം പുറത്ത് ചാടിയിരിക്കുന്നത് കൊടും ക്രിമിനലാണ്. അയാൾ ഏതു വീട്ടിൽ കയറി, എന്ത് അക്രമം കാണിക്കുമെന്ന് പറയാനാവില്ല. ആ ഒരു ജാഗ്രത കാരണമാണ്, ഇയാളെ ആളുകൾ തിരിച്ചറിഞ്ഞതും, ഓടിയൊളിക്കാൻ കിണറ്റിൽ ചാടിയതും. ഇയാൾ പിടിയിൽ ആയില്ലെങ്കിൽ എന്തൊക്കെ ചെയ്യുമായിരുന്നു എന്ന് ആർക്കും പറയാൻ കഴിയില്ല.
ഇതേപോലെ ജനങ്ങൾ ഭീതിയോടെ കണ്ടിരുന്ന മറ്റൊരു കൊലയാളിയും ജയിൽ ചാടിയിരുന്നു. എട്ട് കൊലപാതകങ്ങളും 14 കവര്‍ച്ചകളും നടത്തി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റിപ്പര്‍ ജയാനന്ദൻ പൂജപ്പുര ജയില്‍ ചാടിയിരുന്നു. റിപ്പര്‍ ജയാനന്ദന് കണ്ണൂരില്‍ നിന്നും ഒരിക്കൽ ചാടിപ്പോയിരുന്നു. രണ്ട് തവണയും റിപ്പര്‍ ജയാനന്ദനൊപ്പം ഓരോ സഹതടവുകാരും ഉണ്ടായിരുന്നു. സെല്ലിന്റെ ഇരുമ്പ് കമ്പി മുറിച്ചാണ് ജയാനന്ദനും രക്ഷപ്പെട്ടത്.
ജയിലില്‍ മെയിന്റനൻസ് പണി നടക്കുമ്പോൾ കയ്യിലാക്കിയ ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് കമ്പി മുറിച്ചായിരുന്നു റിപ്പര്‍ ജയാനന്ദനും കൂടെ ഊപ്പ രാജേഷും പൂജപ്പുരയിൽ നിന്നും രക്ഷപ്പെട്ടത്. സെല്ലില്‍ നിന്ന് പുറത്തിറങ്ങി സുരക്ഷാ ബ്ലോക്കിന്റെ മതില് ചാടിക്കടന്ന് ജയില്‍ ആശുപത്രിയിലെത്തി. ഇവിടെ നിന്ന് ബെഡ്ഷീറ്റുകളും ടവലുകളും ഉപയോഗിച്ചായിരുന്നു മതില്‍ചാടിക്കടന്നത്.
ജയില്ചാടിയതിനു ശേഷം ജയാനന്ദനും രാജേഷും രണ്ട് വഴിക്ക് പിരിഞ്ഞു. അന്നും പൊലീസിനൊപ്പം മാധ്യമങ്ങളും ജയാനന്ദൻറെ പിന്നാലെ ഉണ്ടായിരുന്നു. രാജേഷിനെ രണ്ടാഴ്ചയ്ക്കു ശേഷം കരുനാഗപ്പള്ളിയിലെ വീടിനടുത്തുവെച്ചാണ് പിടികൂടിയത്. അപ്പോഴും ജയാനന്ദന് ഒളിവിലായിരുന്നു. പിന്നീട് സെപ്റ്റംബറിലാണ് ജയാനന്ദനെ തൃശൂര്‍ ജില്ലയിലെ നെല്ലായിയില്‍ നിന്നാണ് പൊലീസ് പിടികൂടുന്നത്.
കേരളത്തിലെ എല്ലാ സെന്‍ട്രല്‍ ജയിലിലും തടവില്‍ കഴിഞ്ഞിരുന്ന ജയാനന്ദന് മൂന്നിടങ്ങളിലും ജയില്‍ചാടാന്‍ ശ്രമിച്ചിരുന്നു. ഇതില്‍ രണ്ടെണ്ണം വിജയിച്ചു. വിയ്യൂരിലേത് പരാജയപ്പെട്ടു. കണ്ണൂരില്‍ ജയാനന്ദന് കിടന്ന അതേ ബ്ലോക്കിലാണ് ഇക്കഴിഞ്ഞ ജുലൈ 24 വരെ ഗോവിന്ദച്ചാമിയും കഴിഞ്ഞിരുന്നത്. അവിടേയും സമാനരീതിയിലായിരുന്നു ജയാനന്ദന്റെ ജയില്‍ചാട്ടം. അന്ന് റിയാസ് എന്ന സഹതടവുകാരനേയും ഇയാൾ കൂടെ കൂട്ടിയിരുന്നു. കമ്പിക്കുള്ളിലൂടെ പുറത്തു കടക്കാന്‍ ശരീരത്തിന്റെ വണ്ണവും കുറച്ചു. അന്ന് ചാടിയ ജയാനന്ദനെ രണ്ട് മാസം കഴിഞ്ഞ് ഊട്ടിയില്‍ നിന്നാണ് പിടികൂടിയത്. കൂടെ രക്ഷപ്പെട്ട റിയാസിനെ കാസര്‍ഗോട്ടെ കാമുകിയുടെ വീട്ടില്‍ നിന്നും പിടികൂടി.
കണ്ണൂരിലെ സുരക്ഷ പോരെന്ന് മനസിലാക്കിയാണ് ജയാനന്ദനെ പൂജപ്പുരയിലെത്തിക്കുന്നത്. എന്നാൽ അവിടെ വെച്ച് വീണ്ടും ഇയാൾ ജയില്‍ ചാടി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയപ്പോള്‍ സെല്ലില്‍ നിന്നും ടോയിലറ്റിലേക്ക് തുരങ്കമുണ്ടാക്കിയും ജയാനന്ദന് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു.
ഈ കൊടും ക്രൂരൻ ജയാനന്ദനെയും വിശുദ്ധനാക്കി മാറ്റാൻ ചിലർ ശ്രമിച്ചിരുന്നു. ജയാനന്ദൻ ജയിലിൽ വെച്ച് എഴുതിയ പുസ്തകത്തിന്റെ പ്രകാശനത്തിനും, മകളുടെ കല്യാണത്തിനും പരോളിൽ വന്നിരുന്നു. ചെയ്യാത്ത കുറ്റത്തിനാണ് ജയാനന്ദനെ ശിക്ഷിച്ചതെന്നാണ് ചിലരുടെ അഭിപ്രായം. ചെയ്ത തെറ്റിൽ പശ്ചാത്താപം ഉണ്ടെന്നും മാനസാന്തരം വന്നെന്നും, പുസ്തകാങ്ങളുടെ ലോകത്തേക്ക് ഒതുങ്ങുന്ന ആളാണ് പുതിയ ജയാനന്ദൻ എന്നുമൊക്കെ കേട്ടിരുന്നു.
എന്നാൽ ഗോവിന്ദച്ചാമിയെ പോലെ, അല്ലെങ്കിൽ, അതിനേക്കാൾ ഭീകരനായ മനഃസാക്ഷിയില്ലാത്ത ഒരു കൊലപാതകിയാണ് ജയാനന്ദൻ. തലക്കടിച്ച് കൊന്ന സ്ത്രീയുടെ കൈകൾ വെട്ടി, ആഭരണങ്ങൾ എടുത്ത ആളാണ് ജയാനന്ദൻ. ഒരു പരിചയവും ഇല്ലാത്ത, യാതൊരു മുൻ വൈരാഗ്യവും ഇല്ലാത്ത ആളുകളെ തലക്കടിച്ച് കൊന്ന് മോഷണം നടത്തുന്നവന് ആയുഷ്കാലം തടവ് തന്നെയാണ് വേണ്ടത്. ഇരകളുടെ പിടച്ചിലിൽ സന്തോഷം കണ്ടെത്തുന്നവർ, ചോരയുടെ ഗന്ധം ഇഷ്ടപ്പെടുന്നവർ, പൂക്കളെയും പൂമ്പാറ്റകളെയും സ്നേഹിക്കും എന്ന് ആരെങ്കിലും കരുതിയാൽ , അത് തെറ്റാണ്. ഗോവിന്ദച്ചാമിയും റിപ്പർ ജയാനന്ദനുമൊന്നും ഒരു ദയയും അർഹിക്കുന്നില്ല.