ഗോവിന്ദച്ചാമിയെ ഇടേണ്ടത് ഇത്തരം ജയിലിലാണ്; ജയിൽ ചാടിയാലും രക്ഷപെടാൻ സാധ്യതയില്ലാത്ത ആൻഡമാനിലെ കാലാപാനി

ഗോവിന്ദച്ചാമി ജയിലിൽ നിന്നും വളരെ കൂളായി ചാടിപോകുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. എത്ര അനായാസമായാണ് ഒരു ക്രിമിനൽ ജയിലിന്റെ പുറത്തേക്ക് പോകുന്നത് എന്ന് ആ വീഡിയോയിൽ കാണാം.൨൪ മണിക്കൂർ നിരീക്ഷണമുള്ള സെൻട്രൽ ജയിലിൽ നിന്നാണ് ഇങ്ങനെ ഒരു വീഡിയോ ഇപ്പോൾ പുറത്ത് വരുന്നത്.
ജയിൽ ചാട്ടം ചർച്ചയാകുന്ന ഈ അവസരത്തിൽ ഓർത്തിരിക്കേണ്ട ഒരു പേരാണ് ആൻഡമാൻ ദ്വീപിലെ സെല്ലുല്ലാർ ജയിൽ. കാലാപാനി എന്ന പേര് നമുക്കെല്ലാം പരിചിതവുമാണ്. പ്രവർത്തിച്ചിരുന്ന കാലത്ത് കാലാപാനി എന്നറിയപ്പെട്ടിരുന്ന ഈ സെല്ലുല്ലാർ ജയിൽ സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലെ ആൻഡമാൻ ദ്വീപിലെ പോർട്ട് ബ്ലയറിലാണ്. 350ലധികം കി. മി. നീളത്തിൽ വ്യാപിച്ച് കിടക്കുന്ന ഒരു ദ്വീപ സമൂഹമാണ് ആൻഡമാൻ. ചെറുതും വലുതുമായ 180 ദ്വീപുകളാണ് അവിടെയുള്ളത്.
അതിന്റെ തലസ്ഥാനമായ പോർട്ട് ബ്ലയറിലാണ് കാലാപാനി സ്ഥിതി ചെയ്യുന്നത്. 1857 ൽ നടന്ന ഒന്നാം സ്വതന്ത്ര സമരത്തോട് അനുബന്ധിച്ചാണ് ബ്രിട്ടീഷുകാർ ആൻഡമാൻ ദ്വീപുകളിൽ കാര്യമായി ശ്രദ്ധിക്കുന്നത്. ശിപായി ലഹള എന്ന് വിളിക്കപ്പെട്ട ആ സമരത്തിൽ ൽ പങ്കെടുത്ത ആളുകളെ ആണ്ടമാനത്തിലേക്ക് നാടുകടത്തി. പ്രതികൂലമായ കാലാവസ്ഥയിലും ഈ തടവുകാരെ ഉപയോഗിച്ച് ബ്രിടീഷുകാർ ഇവിടം വാസ യോഗ്യമാക്കി മാറ്റി.
പിന്നീട് നിരന്തരം ഇവിടെക്ക് തടവുകാർ വന്നു കൊണ്ടേയിരുന്നു. പ്രതിഷേധിച്ചവരെയും, പീഡനം സഹിക്കാൻ പറ്റാതെ രക്ഷപെടാൻ ശ്രമിച്ചവരെയും നിഷ്കരുണം കൊന്നൊടുക്കി. ദ്വീപിലെ തടവുകാരുടെ എണ്ണം വർധിച്ചപ്പോൾ അവരെ താമസിപ്പിക്കാൻ വേണ്ടി നിർമിച്ചതാണ് സെല്ലുലാർ ജയിൽ. മൂന്ന് നിലകളിൽ ആയാണ് ഇതിന്റെ നിർമാണം.വളരെ ചെറിയ മുറികൾ ആണ് ഇതിനകത്തുള്ളത്.
1906 മാർച്ച് 10നാണ് സെല്ലുലാർ ജയിലിന്റെ നിർമ്മാണം പൂർത്തിയായത്. പത്ത് കൊല്ലമെടുത്തു ജയിലിന്റെ പണി മുഴുവനാക്കാൻ. ഏകാന്ത തടവറകളാണ് സെല്ലുലാർ ജയിലിന്റെ പ്രത്യേകത.
വിടർന്നു നിൽക്കുന്ന ഏഴു ഇതൾ ഉള്ള താമരപ്പൂ ആകൃതിയിൽ മൂന്നു നിലകളിൽ നിർമിച്ച ജയിലിൽ എഴുനൂറോളം സെല്ലുകൾ ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ മധ്യത്തിൽ നിൽക്കുന്ന നിരീക്ഷണ ഗോപുരത്തിൽ നിന്നാൽ ഏഴു ബ്ലോക്കിലേയും ചലനങ്ങൾ കാണാം. കാറ്റും വായും കടക്കാത്ത വിധത്തിൽ കെട്ടി ഉണ്ടാക്കിയതിനാൽ സെല്ലുലാർ ജയിൽ എന്ന പേര് കിട്ടി.
മുക്കാലിയിൽ കെട്ടി തല്ലുക, നഖം പിഴുതെടുക്കുക, മലം തീറ്റിക്കുക, മൃഗങ്ങളെപ്പോലെ പണിയെടുപ്പിക്കുക തുടങ്ങിയ നിരവധി ക്രൂരകൃത്യങ്ങൾ ഇവിടെ അരങ്ങേറിയിരുന്നു. അന്തമാനിൽ സുലഭമായി ലഭിക്കുന്ന തേങ്ങയുടെ ചകിരി കൊണ്ട് കയർ ഉണ്ടാക്കിക്കുകയും, തേങ്ങയാട്ടി എണ്ണ എടുപ്പിക്കുകയും ചെയിതിരുന്നു. ഓരോരുത്തർക്കും ദിവസവും കൊടുത്തിട്ടുള്ള ജോലിയിൽ കുറവ് വരുത്തിയാൽ, ജയിൽ മുറ്റത്ത് നിർത്തി ചാട്ടവാർ കൊണ്ട് അടിച്ച് പുറം പൊളിക്കുമായിരുന്നു. തടവുകാരെ തൂക്കിക്കൊല്ലാനുള്ള കയർ ഇവിടുത്തെ തടവുകാരെ ക്കൊണ്ട് തന്നെയാണ് നിർമ്മിച്ചിരുന്നത്.
ഇവിടെ നിന്നും രക്ഷപ്പെട്ടാലും ചുറ്റിലും ആർത്തിരമ്പുന്ന കടൽ ആയത് കൊണ്ട് ജയിൽ ചാട്ടം എന്നത് ചിന്തിക്കാൻ പോലും ആയിരുന്നില്ല. എന്നിട്ടും ഇവിടെ നിന്നും നിരവധി പേര് രക്ഷപെടാൻ ശ്രമിച്ചിട്ടുണ്ട്.
കോഴിക്കോട് ഗാന്ധിജിയുടെ നേത്രത്തിൽ സമരം ആരംഭിച്ചപ്പോൾ മലബാറിൽ നിന്നും ഒരുപാട് മലയാളികളെ ഇവിടേക്ക് നാട് കടത്തിയിട്ടുണ്ട്. കുറെ പേര് അവിടെ കിടന്ന് മരിച്ചു. എന്നാൽ ചിലർ അവിടുന്ന് ചാടി, റംഗൂൺ വഴി ചുറ്റിക്കറങ്ങി, ബോംബെ തുറമുഖത്ത് എത്തിയിട്ടുണ്ട്.
ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ ഈ സെല്ലുലാർ ജയിൽ പൊളിക്കാൻ തുടങ്ങി എന്നാൽ അത് വല്ലിയ ജനരോഷം ഉണ്ടാക്കി. തങ്ങൾ അനുഭവിച്ച നരക യാതനയുടെ സ്മാരകം പൊളിക്കരുത് എന്നായി പലരുടെയും ആവശ്യം. ജനരോഷം മൂലം സർക്കാർ ജയിൽ പൊളിക്കുന്നതു നിർത്തിവെച്ചു. ബാക്കി ശേഷിച്ച ഭാഗം ഇന്നും സ്മാരകം ആയി നിലനിൽക്കുന്നു
ഇന്നും ഏതൊരു ഇന്ത്യക്കാരനും ഇവിടെ എത്തുമ്പോൾ ഒരു നിമിഷം മൗനമായി പ്രാർത്ഥിക്കും.സ്വന്തം നാടിന്റെ സ്വാതന്ത്രത്തിനു വേണ്ടി പോരാടിയ, ധീരരായ ഒരുകൂട്ടം മനുഷ്യരുടെ ആത്മാവ് ഇപ്പോഴും ഇവിടെ ഉണ്ട് എന്നുള്ള വിശ്വാസത്തിലാണ് ആ പ്രാർത്ഥന.