അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകൾക്ക് നീതിവേണം; സിസ്റ്റർ അഭയ, സിസ്റ്റർ ലൂസി കളപ്പുര, സിസ്റ്റർ അനുപമ എന്നിവർക്ക് നീതി ലഭിച്ചോ കർദ്ദിനാളേ???

അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. കേന്ദ്രസർക്കാർ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് തന്നെ ജാമ്യാപേക്ഷ നൽകാൻ സഭാനേതൃത്വം തീരുമാനിച്ചത്. കന്യാസ്ത്രീകൾ നിരപരാധികളാണെന്ന് ബോധ്യമുണ്ടെന്നും എൻഐഎ കോടതിയിൽ നിന്ന് കേസ് വിടുതൽ ചെയ്യാനുള്ള അപേക്ഷ ഛത്തീസ്ഗഡ് സർക്കാർ നൽകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് നിർദേശം നൽകാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എൻഐഎക്ക് കേസ് കൈമാറിയാൽ കേസ് കൂടുതൽ സങ്കീർണമാകുമെന്നാണ് നിയമോപദേശം. അതിനുമുമ്പ് ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടാനുള്ള ശ്രമത്തിലാണ് അഭിഭാഷകർ.
അന്യായമായി തടവിലാക്കുകയും കേസ് എടുക്കുകയും ഒക്കെ ചെയ്തത് എതിർക്കപ്പെടേണ്ട കാര്യം തന്നെയാണ്. കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ബിഷപ്പ് കര്‍ദിനാള്‍ ബസേലിയോസ് ക്ലിമിസ് ബാവയും രംഗത്ത് വന്നിരുന്നു. കന്യാസ്ത്രീയ്ക്ക് നീതി കിട്ടിയിട്ട് മതി ചായ കുടിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഈ ഡയലോഗ് കേൾക്കുമ്പോൾ ഓർമ്മ വരുന്ന ചില കാര്യങ്ങളുണ്ട്. എല്ലാ കന്യാസ്ത്രീകൾക്കും നീതി കിട്ടിയിട്ടുണ്ടോ എന്നതും ഒരു ചോദ്യമാണ് .
ലൈംഗിക ചൂഷണം നടത്തുന്ന വൈദികരെ തുറന്ന് കാണിച്ച സിസ്റ്റർ ലൂസി കളപ്പുര , ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസില്‍ നീതി ആവശ്യപ്പെട്ട് സമരത്തിനു നേതൃത്വം നൽകിയ സിസ്റ്റർ അനുപമ. കേരളത്തിലെ കത്തോലിക്കാ സന്യാസസ്ഥാപനങ്ങളിൽ നടക്കുന്ന അതിക്രമങ്ങളേയും അഴിമതികളേയും അസാന്മാർഗ്ഗികതയേയും തുറന്നുകാട്ടി വിമർശിക്കുന്ന “ആമേൻ- ഒരു കന്യാസ്ത്രീയുടെ ആത്മകഥ” എന്ന ഗ്രന്ഥം രചിച്ച സിസ്റ്റർ ജെസ്മി.
കൃസ്തീയ സഭകളിലെ ലൈംഗിക പീഢനങ്ങൾക്കും അനീതികൾക്കും, അതിക്രമങ്ങൾക്കും, തുല്യ നീതി നിഷേധത്തിനും എതിരെ അടുത്ത കാലത്ത് പരസ്യമായി രംഗത്തു വരാൻ ധൈര്യം കാണിച്ച കന്യാസ്ത്രീകളെ ഓർക്കുമ്പോൾ ഓർമ്മയിൽ വരുന്ന പേരുകളാണിവ.
സിസ്റ്റർ അഭയാ കേസ് അടക്കം കന്യാസ്ത്രീകൾ കോൺവന്റിലെ പീഢനം മൂലം ആത്മഹത്യ ചെയ്തു എന്ന ആരോപണങ്ങളും കേസുകളും ഉണ്ടായതും ഈ കേരളത്തിൽ തന്നെയാണ്. ഈ കേസുകളിൽ കേരളത്തിലെ സഭാ നേതൃത്വം ഈ കന്യാസ്ത്രീകളോട് എടുത്ത നിലപാട് എന്താണന്ന് നാം കണ്ടതാണ്.
അഭയാ കേസിൽ ആരോപണ വിധേയരായ ആളുകളുടെ ഭാഗത്തായിരുന്നു സഭ. അതേ സഭയിലെ പുരോഹിത വേല ചെയ്യാൻ എത്തിയ ആളായിട്ടു കൂടി, അഭയ കേസ് അട്ടിമറിക്കാൻ, പ്രതികൾക്ക് വേണ്ടി സഭ തങ്ങളുടെ പണവും സ്വാധീനവും ഉപയോഗിച്ചു. പ്രതികൾക്ക് വേണ്ടി പള്ളികളിൽ മുഴുവൻ കൂട്ട പ്രാർഥിന നടത്തി. ഫ്രാങ്കോ മുളക്കൽ കേസിലും ആരോപണം ഉന്നയിച്ച കന്യാസ്ത്രീകളെ നിഷ്ക്കരുണം വ്യക്തിഹത്യ ചെയ്തു. സഭ കന്യാസ്ത്രീകൾക്ക് എതിരെ ഫ്രാങ്കോയ്ക്ക് വേണ്ടി കേസു നടത്തി വിജയിച്ചു.
ഇപ്പോൾ ചത്തീസ്ഗഡിൽ രണ്ട് കന്യാസ്ത്രീകൾ ആദ്യം റയിൽവേ പോലീസിന്റെ കസ്റ്റഡിയിലും, പിന്നീട് സ്റ്റേറ്റ് പോലീസ് കസ്റ്റഡിയിലും ആയ ശേഷം റിമാന്റിൽ ആയിട്ടുണ്ട്. മനുഷ്യക്കടത്തും, നിർബന്ധിച്ചുള്ള മതം മാറ്റവും ആണ് ചാർജുകൾ. നിർബന്ധിച്ച് മതം മാറ്റുന്നത് തടയാനുള്ള നിയമം നിലവിൽ ഉണ്ട്. ഛത്തീസ്ഗഢിനു പുറമെ മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഒഡിഷ, ഗുജറാത് മുതലായ സംസ്ഥാനങ്ങളിലും ഇത്തരം നിയമങ്ങൾ നിലവിലുണ്ട്. അതായത് നിർബന്ധിത മതപരിവർത്തനം ഛത്തീസ്ഖഢിൽ വളരെ കാലമായി നടന്നു വരുന്നതു കൊണ്ട് തന്നെ ശക്തമായ നിയമ നിർമ്മാണം1968- മുതൽ ഉണ്ട് എന്നതാണ്.
ഈ കേസിൽ കന്യാസ്ത്രീകൾക്ക് ഒപ്പം ഉണ്ടായിരുന്ന കുട്ടികൾ നാരായണ്‍പൂർ ബസ്താറിലെ ഗോത്രവാസി പ്രദേശത്തു നിന്നുള്ളവരാണ്. മാവോയിസ്റ്റ് ഭീഷണിയും ആക്രമണവും ഒക്കെയുള്ള സ്ഥലമാണത്. സഭയിലെ അതിക്രമത്തിനെതിരെ തുറന്നു പറഞ്ഞവർക്കും, ഇരകൾക്കും ലഭിക്കാത്ത പിൻതുണയും പ്രാധാന്യവും ആണ് കോടതിയിൽ നിന്ന് ജാമ്യം ലഭിക്കാവുന്ന ഒരു കേസിൽ സഭ ഇപ്പോൾ നൽകുന്നത്.
രാഷ്ട്രീയ വിലപേശലുകളും നടക്കുന്നു. സഭയുടെ പീഢനത്തിന് ഇരയായ കന്യാസ്ത്രീകൾക്ക് വേണ്ടി ശബ്ദിക്കാത്തവരും, ഐക്യദാർഢ്യം പ്രഖ്യാപിക്കാത്തവരുമാണ് ഇപ്പോൾ വോട്ടിന് വേണ്ടി ഛത്തീസ്ഗഡിലേക്ക് ഓടുന്നത്. ബി ജെ പി ന്യൂനപക്ഷ വോട്ടിന് വേണ്ടി കേരളത്തിൽ അരമനകൾ തോറും കയറി ഇറങ്ങുന്നു. ഇടത് മുന്നണിയുടെ വൃന്ദാ കാരാട്ടുമാരും, മത പരിവർത്തന നിയമം ഉണ്ടാക്കിയ കോൺഗ്രസ്സിലെ നേതാക്കളും കന്യാസ്ത്രീകളെ ആശ്വസിപ്പിക്കാൻ പാഞ്ഞ് വരുന്നു.
ഇവർക്ക് നീതി കിട്ടാതെ ചായ കുടിക്കില്ലെന്ന് ക്ലിമീസ് ബാവ പറയുന്നു. സഭയുടെ അനീതികൾക്ക് എതിരെ, അവിടെ നടക്കുന്ന പീഡനങ്ങൾക്ക് എതിരേ പോരടിച്ച്, പുറത്ത് പോകേണ്ടി വന്ന, അടിച്ചമർത്തപ്പെട്ട കന്യാസ്ത്രീകൾക്കും നീതി ലഭിക്കേണ്ടതല്ലേ? അവർക്കും നീതി കിട്ടിയ ശേഷം മാത്രമേ ചായ കുടിക്കൂ എന്നാണെങ്കിൽ ഈ ജന്മത്തിൽ ചായകുടി ഉണ്ടാകില്ല.
നേരത്തെ 2019 ൽ വയസ്സ് കുറച്ച് കാണിച്ച് കുറെ പെൺ കുട്ടികളെ ബാലവേലക്ക് കൊണ്ട് വന്നിരുന്നു. അന്ന് തൃശൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് നാഗേന്ദ്രൻ എന്ന ഏജന്റിനെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി. ഇതേ ഛത്തീസ്ഗഡിൽ നിന്നും ഒഡീസയിൽ നിന്നും ബാലവേലക്ക് കൊണ്ട് വന്നതാണ് അവരെ. തൃശൂരിലും കോട്ടയത്തുമുള്ള ചില മഠങ്ങളിൽ ജോലിക്കാൻ ഇവരെ കൊണ്ടുവന്നത്. എന്നാൽ അതൊക്കെ അവിടെ വെച്ച് അവസാനിച്ചു. വേദപുസ്തകത്തിൽ പറഞ്ഞത് പോലെ മനുഷ്യരെ പിടിക്കുന്നവരായും കുറെ പേരുണ്ട് എന്നത് സത്യമാണ്. വെറുതെ പിടിക്കുന്നതല്ല, ജോലി ചെയ്യിക്കാൻ പിടിക്കുന്നതാണ്.