ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം

ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചു. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവർക്ക് ജാമ്യം അനുവദിച്ചത്. ബിലാസ്പുർ ജില്ലാ പ്രിൻസിപ്പൾ സെഷൻസ് ജഡ്ജ് സിറാജുദ്ധീൻ ഖുറേഷിയാണ് വിധി പ്രഖ്യാപിച്ചത്. ഒൻപത് ദിവസമായി കന്യാസ്ത്രീകൾ ജയിലിലായിരുന്നു.
50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ടും കോടതിയില്‍ കെട്ടിവെക്കണം. ഇരുവരും ഇന്ന് തന്നെ മോചിതരാകും. വിധിയില്‍ സന്തോഷമെന്ന് സിസ്റ്റര്‍ വന്ദനയുടെ സഹോദരന് ചെറിയാന് പ്രതികരിച്ചു. എല്ലാവരോടും നന്ദിയുണ്ട്, എല്ലാ രാഷ്ട്രീയക്കാരും ഇടപെട്ടു, എന്നാലും അവസാന നിമിഷം വരെ ആശങ്കയുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് കുടുംബം ബിലാസ്പുര്‍ എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഉച്ചക്ക് ശേഷം മൂന്നരയോടെ കോടതി കേസ് പരിഗണിച്ചിരുന്നു. ഇത് മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട വിഷയമാണ്. കന്യാസ്ത്രീകള്‍ തുടര്‍ച്ചയായി ചെയ്യുന്നതാണ്. ജാമ്യം കൊടുത്താല്‍ കന്യാസ്ത്രീകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം തുടരും എന്നിങ്ങനെയായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഒരു തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലവും ഇല്ലാത്തവരാണെന്നും ഭരണ ഘടന മൂല്യങ്ങള്‍ മാനിച്ച് കന്യാസ്ത്രീകള്‍ക്ക് വേഗത്തില്‍ ജാമ്യം നല്‍കണമെന്നാണ് കന്യാസ്ത്രീകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയില്‍ പറഞ്ഞത്.