നിരവധി സ്ത്രീകൾ, വ്യത്യസ്ത ജില്ലകൾ, ഒരു പ്രതി
16 വർഷത്തിനിടെ കാണാതായ സ്ത്രീകളുടെ കേസുകള്‍ക്ക് പിന്നാലെ പോലീസ്

ചേർത്തലയില്‍ അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീക്കാൻ അന്വേഷണവുമായി പൊലീസ്. വിവിധ ഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തിരോധാനക്കേസുകള്‍ അന്വേഷിക്കാനാണ് പൊലീസ് നീക്കം. ചേർത്തലയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും കാണാതായ സ്ത്രീകളുടെ കേസുകളും വീണ്ടും പരിശോധിക്കും .16 വർഷത്തിനിടെ കാണാതായ സ്ത്രീകളുടെ കേസുകള്‍ ആണ് പരിശോധിക്കുക
നിരവധി സ്ത്രീകൾ, വ്യത്യസ്ത ജില്ലകൾ, ഒരു പ്രതി; ദുരൂഹത നിറഞ്ഞ തിരോധാന കേസുകളുടെ അന്വേഷണം സെബാസ്റ്റ്യനിലേക്ക് നീളുന്നു. ഏറ്റുമാനൂർ സ്വദേശി ജൈനമ്മ, ചേർത്തല വാരനാട് സ്വദേശികളായ ബിന്ദു പത്മനാഭൻ, ഐഷ എന്നിവരുടെ തിരോധാനമാണ് പോലീസിനെയും ആക്ഷൻ കൗൺസിലുകളെയും ആശങ്കയിലാഴ്ത്തുന്നത്.
ഏറ്റുമാനൂർ സ്വദേശി ജൈനമ്മയുടെ തിരോധാന കേസിൽ കോട്ടയം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത സെബാസ്റ്റ്യന്‍, ആലപ്പുഴ ചേർത്തലയിൽ നിന്ന് കാണാതായ ഐഷയുടെ തിരോധാനത്തിലും പങ്കുണ്ടെന്ന് സംശയം ബലപ്പെടുന്നു. ഐഷയും സെബാസ്റ്റ്യനും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നതായി അയൽവാസിയും സുഹൃത്തുമായ റോസമ്മ വെളിപ്പെടുത്തി. 2012 മുതൽ കാണാതായ ഐഷയുമായി സെബാസ്റ്റ്യന്‍ ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നെങ്കിലും തിരോധാനത്തിൽ ഇയാൾക്ക് പങ്കുണ്ടോയെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
അതേസമയം, പള്ളിപ്പുറത്ത് നിന്ന് ലഭിച്ച അസ്ഥികൾ ജൈനമ്മയുടേതോ ഐഷയുടേതോ ആകുമെന്ന സംശയത്തെ തുടർന്ന് ഇരുവരുടെയും ബന്ധുക്കളുടെ ഡി.എൻ.എ. പരിശോധന നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചു. ബിന്ദു പത്മനാഭൻ, ഐഷ, ജൈനമ്മ എന്നിവരുടെ കേസുകൾ ഏകീകരിച്ച് അന്വേഷിക്കണമെന്നാണ് ആക്ഷൻ കൗൺസിലുകളുടെ ആവശ്യം.
ജൈനമ്മ തിരോധാനക്കേസിൽ അറസ്റ്റിലായ സെബാസ്റ്റ്യനെ ചേർത്തലയിൽ എത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. സ്വർണ്ണം വിറ്റ കടകളിലും പണയംവെച്ച ധനകാര്യ സ്ഥാപനങ്ങളിലും തെളിവെടുപ്പ് നടത്തി. കണ്ടെടുത്ത ആഭരണങ്ങൾ ജൈനമ്മയുടേതാണോയെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അസ്ഥികൂടം കണ്ടെത്തിയ പള്ളിപ്പുറത്തെ വീട്ടിലും ഇയാളുമായി തെളിവെടുപ്പ് നടത്തും. ബിന്ദു പത്മനാഭൻ്റെ തിരോധാന കേസിൽ സെബാസ്റ്റ്യൻ പോലീസുമായി സഹകരിച്ചിരുന്നില്ല. മൂന്ന് സ്ത്രീകളുടെയും തിരോധാനത്തിൽ വലിയ ദുരൂഹതകളാണ് ഒളിഞ്ഞിരിക്കുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
അതിനിടെ ചേർത്തല സ്വദേശി സിന്ധുവിനെ കാണാതായ കേസിലും പൊലീസ് വിവരങ്ങള്‍ തേടി. 2020ലാണ് ചേര്‍ത്തല സ്വദേശി സിന്ധുവിനെ കാണാതായത്. ഈ കേസ് അടക്കമുള്ളവയായിരിക്കും വിശദമായി അന്വേഷിക്കുക. . അതേസമയം, അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയ പള്ളിപ്പുറത്തെ വീട്ടിലും പരിസരത്തും വീണ്ടും പരിശോധന നടത്തും. ആലപ്പുഴ ക്രൈംബ്രാഞ്ചും അടുത്ത ദിവസം പരിശോധന നടത്തും.
മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ നേരത്തെ പള്ളിപ്പുറം സ്വദേശി സിഎം സെബാസ്റ്റ്യൻ അറസ്റ്റിലായിരുന്നു. ഒന്നര പതിറ്റാണ്ടിന് മുമ്ബ് കാണാതായ കടക്കരപ്പള്ളി ബിന്ദു പത്മനാഭൻ കേസിലെ പ്രധാന പ്രതിയെന്നാരോപിക്കുന്ന സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്നാണ് മനുഷ്യന്റേതെന്ന് കരുതുന്ന അസ്ഥികള്‍ കണ്ടെത്തിയത്. ചേര്‍ത്തലയില്‍ നടന്നത് കൊലപാതക പരമ്ബരയാണോയെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ഒറ്റക്ക് താമസിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് നടന്ന കൊലപാതകപരമ്ബരയാണോയെന്നതടക്കം കൂടുതല്‍ അന്വേഷണത്തിലെ വ്യക്തമാകുകയുള്ളു.
ചേർത്തലയില്‍ കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങള്‍ മനുഷ്യന്റേത് തന്നെയെന്ന് കഴിഞ്ഞ ദിവസമാണ് പൊലീസ് സ്ഥിരീകരിച്ചത്. കത്തിയനിലയില്‍ ആയിരുന്നു അസ്ഥികള്‍ കണ്ടെടുത്തത്. അതേസമയം, മരിച്ചത് കാണാതായ ജൈനമ്മയാണെന്നായിരുന്നു പൊലീസ് നേരത്തെ വിലയിരുത്തിയത്. എന്നാല്‍ ഇക്കാര്യമടക്കം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ലഭിച്ച അവശിഷ്ടങ്ങള്‍ കൂടുതല്‍ ശാസ്ത്രീയപരിശോധനകള്‍ നടത്തിയാല്‍ മാത്രമേ ഇതു കാണാതായ സ്ത്രീകളിലാരുടെയെങ്കിലുമാണേയെന്ന് തിരിച്ചറിയാനാകുകയുള്ളൂവെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ചേർത്തലയിലെ ബിന്ദു പത്മനാഭൻ തിരോധനക്കേസിലും ജയ്നമ്മ തിരോധാനക്കേസിലും ആരോപണ വിധേയനാണ് സെബാസ്റ്റ്യൻ.