ഇനിയിവിടെ ക്രിസ്ത്യാനികളെ സൃഷ്ടിക്കാൻ സമ്മതിക്കില്ല; വൈദികരേയും കന്യാസ്ത്രീകളേയും വീണ്ടും ആക്രമിച്ച് ബജ്രംഗ് ദൾ

മതപരിവര്‍ത്തനം നടത്താൻ ശ്രമിച്ചതായി ആരോപിച്ച് മലയാളി വൈദികരെ ബജ്റംഗദൾ പ്രവർത്തകർ വീണ്ടും ആക്രമിച്ചു. ഒഡിഷയിലെ ജലേശ്വറിലാണ് ആക്രമണം നടന്നത്. ബാലസോര്‍ രൂപതയുടെ കീഴിലുള്ള വൈദികരായ ഫാ. ലിജോ നിരപ്പേല്‍, ജോഡാ പാരിഷിലെ ഫാ. വി ജോജോ എന്നിവരെയാണ് സംഘം മർദിച്ചത്. കൂട്ടത്തിൽ ഉണ്ടായിരുന്ന കന്യാസ്ത്രീകള്‍ക്കു നേരെയും അതിക്രമമുണ്ടായെന്നാണ് പുറത്തു വരുന്ന വിവരം.
വൈദികരും കന്യാസ്ത്രീകളും അടങ്ങിയ ഒരു സംഘം ഒരു മതവിശ്വാസിയുടെ ചരമവാര്‍ഷിക ചടങ്ങിനെത്തിയപ്പോഴാണ് സംഭവം. ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച് 9 മണിയോടെയാണ് ഇവര്‍ ഗ്രാമത്തില്‍ നിന്ന് മടങ്ങിയത്. മടങ്ങി വരും വഴി ഒരു ആളൊഴിഞ്ഞ സ്ഥലത്ത് 70ലേറെ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ ഇവരെ കത്ത് നിന്നിരുന്നു. പിന്നീട് ഇവരുടെ വാഹനങ്ങള്‍ തടഞ്ഞ് കൈയ്യേറ്റം ചെയ്യുകയുമായിരുന്നു എന്നാണ് പരാതി.
ഇവരോടൊപ്പം ടു വീലറിൽ വന്ന ഒരു വൈദികനെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു എന്നാണ് പറയുന്നത്. കാറിലുണ്ടായിരുന്ന വൈദികരേയും കന്യാസ്ത്രീകളേയും വളരെ മോശമായ രീതിയിൽ അസഭ്യം പറഞ്ഞെന്നും പരാതിയിൽ പറയുന്നു.
.
മോട്ടോര്‍ സൈക്കിളില്‍ വന്നിരുന്ന ഞങ്ങളുടെ മതപ്രബോധകനെയാണ് അവര്‍ ആദ്യം ആക്രമിച്ചത്. അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിക്കുകയും ബൈക്ക് തല്ലിപ്പൊളിക്കുകയും, ഇന്ധനം ചോര്‍ത്തിയ ശേഷം വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു’- എന്നാണ് ഫാ.ലിജോ പറയുനത്.
അതിന് ശേഷം വൈദികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരേ തിരിഞ്ഞു. വാഹനം തടഞ്ഞ് അസഭ്യവാക്കുകള്‍ പറയുകയും, ഉന്തുകയും തള്ളുകയും മര്‍ദ്ദിക്കുകയും ചെയ്തു. മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്ത ശേഷം, നാട്ടുകാരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിലൂടെ അമേരിക്കക്കാര്‍ ആക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ഞങ്ങളുടെ നേരേ വീണ്ടും കയര്‍ത്തു’ എന്നും – ഫാ.ലിജോ പറഞ്ഞു.
ബിജെഡിയുടെ കാലമൊക്കെ കഴിഞ്ഞുപോയി, ഇപ്പോള്‍ ബിജെപിയുടെ കാലമാണ്. നിങ്ങള്‍ക്ക് ഇനി ക്രിസ്ത്യാനികളെ ഇവിടെ സൃഷ്ടിക്കാന്‍ കഴിയില്ല എന്നാണ് അക്രമികൾ വിളിച്ചുപറഞ്ഞത്. ഈ വൈദികരും കന്യാസ്ത്രീകളും അവിടെ പ്രാര്‍ഥനയ്ക്ക് വേണ്ടി വന്നതാണെന്ന് ഗ്രാമത്തിലെ സ്ത്രീകള്‍ ആള്‍ക്കൂട്ടത്തോട് അപേക്ഷിച്ചെങ്കിലും അക്രമികള്‍ പിന്തിരിയാന് കൂട്ടാക്കിയില്ല. അവര്‍ ക്ഷണിച്ചുവരുത്തിയ മാധ്യമ പ്രവര്‍ത്തകരും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ‘ അതൊരു ആസൂത്രിത ഒളിയാക്രമണം ആയിരുന്നു. കള്ളക്കഥ സൃഷ്ടിക്കാന്‍ വേണ്ടി അവര്‍ തന്നെ സ്വന്തം മാധ്യമ പ്രവര്‍ത്തകരെ കൊണ്ടുവന്നിരുന്നു.’- എന്നും ഫാ.ലിജോ പറഞ്ഞു.
ബജ്റങ്ദളിന്റെ ആക്രമണത്തിന് ഇരയായതിന്റെ നടുക്കം ഇപ്പോഴും കന്യാസ്ത്രീകളെയും വൈദികരെയും വിട്ടുമാറിയിട്ടില്ല. എഴുപതോളം വരുന്ന ബജ്റങ്ദള്‍ പ്രവര്‍ത്തകരാണ് തങ്ങളെ ആക്രമിച്ചതെന്ന് മര്‍ദനമേറ്റ മലയാളി സിസ്റ്റര്‍ എലേസ മാധ്യമങ്ങളോട് പറഞ്ഞു. അക്രമികള്‍ ബൈബിള്‍ എടുത്ത് വലിച്ചെറിഞ്ഞുവെന്നും വൈദികരെ മര്‍ദിച്ചുവെന്നും സിസ്റ്റര്‍ പറഞ്ഞു. മൊബൈല്‍ ഫോണടക്കം അക്രമി സംഘം കവര്‍ന്നെടുത്തു. തങ്ങൾ മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സിസ്റ്റര്‍ പറയുന്നു.
രാജ്യത്ത് ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങളിൽ ബിജെപിക്കെതിരെ സിറോ മലബാർ സഭ രംഗത്ത് വന്നു. ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും പരിവാർ സംഘടനകളുടെ തീവ്രനിലപാടുകൾ മൂലം ജീവിക്കാൻതന്നെ കഴിയാത്തവിധം അരക്ഷിതാവസ്ഥയിലാണ് ക്രൈസ്തവർ. തീവ്ര വർഗീയ സംഘങ്ങൾ രാജ്യത്തിന്റെ മതേതരസ്വഭാവത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് ക്രൈസ്തവർക്കുനേരെ വർധിച്ചുവരുന്ന അസഹിഷ്ണുതയിൽ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടുകയും നീതി ഉറപ്പാക്കുകയും വേണമെന്നും സഭ ആവശ്യപ്പെട്ടു.
ഛത്തീസ്ഗഡിലെ സംഭവത്തിൽ ബിജെപിക്ക് നന്ദി പറഞ്ഞ് നാക്ക് അകത്തിടും മുന്നെയാണ് അടുത്ത ആക്രമണം. ഇനിയും നന്ദി പറയലും കേക്ക് മുറിക്കലും ഒക്കെ ഒരുപാട് തവണ ഉണ്ടാകും. കാരണം ബജ്രംഗ് ദൾ പോലുള്ള സംഘടനകൾ കേരളത്തിലെ തീവ്രത കുറഞ്ഞ ബിജെപിക്കാരുടെ അഭ്യർത്ഥന ഒരുകാലത്തും കേൾക്കാൻ പോകുന്നില്ല.