ഇന്ത്യക്ക് അധിക താരിഫ് ഏർപ്പെടുത്തിയ ട്രംപ് സ്വന്തം കുഴി തോണ്ടുന്നു; ഇന്ത്യ-റഷ്യ-ചൈന ബന്ധത്തോടൊപ്പം ബ്രിക്സ് കൂട്ടായ്മയും ശക്തമാകുമോയെന്ന ഭീതിയിൽ പാശ്ചാത്യലോകം

ഇന്ത്യയ്ക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയ താരിഫിന് എതിരെ മറുപടി നൽകണമെന്ന ആവശ്യം ബിജെപി ശക്തമായി ഉന്നയിക്കുകയാണ്. അമേരിക്കക്ക് തക്കതായ മറുപടി നൽകണമെന്നാണ് പാർട്ടി ഉന്നയിക്കുന്ന ആവശ്യം. ഇന്ത്യക്ക് മേൽ 50 ശതമാനം തീരുവ ചുമത്തിയതിന് പകരം നടപടികൾ എടുത്തില്ലെങ്കിൽ, അത് നമ്മുടെ ദൗര്‍ബല്യമാണെന്ന് ലോകം വ്യാഖ്യാനിക്കുമെന്നാണ് പാർട്ടിയിൽ ഉയരുന്ന അഭിപ്രായം. ഈ വിഷയം കേന്ദ്രമന്ത്രിസഭ ചർച്ച ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം.
തീരുവക്കെതിരെ ബിജെപി നേതാക്കൾ പരസ്യമായി രംഗത്ത് വന്നിരുന്നു. 140 കോടി ഇന്ത്യക്കാർക്ക് മേലാണ് ട്രംപ് തീരുവ ചുമത്തിയതെന്നും ഈ അവസരത്തിൽ പ്രധാനമന്ത്രിക്കൊപ്പം ഒറ്റക്കെട്ടായി നാം നിൽക്കണമെന്നുമായിരുന്നു ബിജെപി എംപി നിഷികാന്ത് ദുബെ പ്രതികരിച്ചത്.
റഷ്യൻ പ്രസിഡന്റ് പുടിനുമായി മോദി കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ചിരുന്നു. റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിലടക്കം അമേരിക്കയുടെ കടുത്ത എതിർപ്പ് തുടരുന്നതിനിടെയാണ് റഷ്യയുമായുള്ള വ്യാപാരത്തിൽ വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ മുന്നോട്ടു പോകുന്നത്. അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി പുടിൻ ഈ വർഷം അവസാനത്തിൽ ഇന്ത്യ സന്ദർശിക്കുന്നുമുണ്ട്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങൽ തുടരുന്നതിന് മറുപടിയായാണ് ഇന്ത്യയ്ക്ക് 25 ശതമാനം അധിക തീരുവ ചുമത്തുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചത്. ഇതോടെയാണ് 50 ശതമാനം തീരുവയിലേക്കെത്തിയത്. എന്നാൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയാൽ ഈ തീരുമാനം പുനഃപരിശോധിക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു.
ഇന്ത്യയ്ക്കുമേല്‍ അധിക തീരുവ ചുമത്തിയ തീരുമാനം അമേരിക്കയ്ക്കുതന്നെ തിരിച്ചടിയാകുമെന്ന് അവരുടെ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്ട്ടന് തന്നെ പറയുന്നുണ്ട്. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ട്രംപിന്റെ അധിക തീരുവ നടപടി ഇന്ത്യയെ ചൈനയുമായും റഷ്യയുമായും കൂടുതല്‍ അടുപ്പിക്കുമെന്നും അമേരിക്കയ്ക്ക് എതിരെ ഈ മൂന്ന് രാജ്യങ്ങളും ഒന്നിക്കുമെന്നും ജോണ്‍ ബോള്ട്ടന് സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഈ തീരുമാനം അമേരിക്കയ്ക്ക് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്ന് മാത്രമല്ല ഏറ്റവും മോശം ഫലം നല്‍കുമെന്നും ജോണ്‍ ബോള്ട്ടന് വ്യക്തമാക്കി. ഇന്ത്യയെ റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും അകറ്റാനുള്ള അമേരിക്കയുടെ പതിറ്റാണ്ടുകളായുള്ള ശ്രമത്തെ ട്രംപ് ഇപ്പോൾ അപകടത്തിലാക്കിയെന്നും ഇന്ത്യയുമായുള്ള ബന്ധം മോശമാകാന്‍ ഇടയാക്കിയത് അമേരിക്കയുടെ പ്രധാനപ്പെട്ട ഒരു ലക്ഷ്യത്തെ ദുര്‍ബലപ്പെടുത്തുന്ന നടപടിയായി മാറിയെന്നും ബോൾട്ടൻ പറഞ്ഞു.
ചൈനയോട് ട്രംപിന് മൃദുസമീപനമാണെന്നും ഒരേസമയം ഇന്ത്യയ്ക്ക് തീരുവ ചുമത്തുകയും ചൈനയ്ക്ക് തീരുവ ചുമത്താതിരിക്കുകയും ചെയ്തത് ഇന്ത്യ മോശമായി പ്രതികരിക്കാൻ കാരണമായെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള ദീർഘകാല ബന്ധത്തെ ഈ നയം ദോഷകരമായി ബാധിക്കുമെന്ന് ബോൾട്ടൻ മുന്നറിയിപ്പും നൽകി.
വിദേശകാര്യ വിദഗ്ധനും മുൻ അമേരിക്കൻ വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥനുമായ ക്രിസ്റ്റഫർ പാഡില്ലയും ട്രംപിന്റെ നയങ്ങൾക്കെതിരെ രംഗത്തെത്തി. ഇന്ത്യ-അമേരിക്ക ബന്ധത്തെ ഈ അധിക തീരുവ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം പറയുന്നു.
ഇന്ത്യ, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ ഒരുമിച്ച് നിന്നാൽ പുതിയൊരു ലോകശക്തിയാണ് ഉദയം ചെയ്യുന്നതെന്നും അമേരിക്കയിലെ പ്രമുഖർ ഭയക്കുന്നുണ്ട്. ബ്രിക് കൂട്ടായ്മ 2006ൽ തുടങ്ങുമ്പോൾ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളാണ് ആദ്യ സ്ഥിരാംഗങ്ങൾ ആയി ഉണ്ടായിരുന്നത്. 2010ൽ ദക്ഷിണാഫ്രിക്ക കൂടി സ്ഥിരാംഗമായതോടെ ബ്രിക് എന്നുള്ളത് ബ്രിക്സ് ആയി പുനർനാമകരണം ചെയ്തു. ഇപ്പോൾ ഈജിപ്ത്, ഇത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുഎഇ, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങൾകൂടി ചേർന്നതോടെ ബ്രിക്സ് 11 അംഗ കൂട്ടായ്മയായി. ലോകത്തിൽ ഇന്നുള്ള ജനങ്ങളിൽ 56 ശതമാനം ഈ കൂട്ടായ്മയിൽ ഉൾപ്പെടുന്നു.
.
ഇപ്പോളത്തെ സാഹചര്യങ്ങളിൽ ഇന്ത്യ റഷ്യ ചൈന ബന്ധം കൂടുതൽ ശക്തമാകുകയാണെങ്കിൽ ലോകത്തെ തന്നെ നിയന്ത്രിക്കാൻ കഴിവുള്ള ഒരു കൂട്ടായ്മയായി ബ്രിക്സ് മാറും. നാറ്റോ സഖ്യത്തിൽ ഉള്ളത് പോലെയുള്ള ഉടമ്പടികൾ ഉണ്ടാക്കിയാൽ, ബ്രിക്സിനെ ഭയക്കാത്ത ഒരു രാജ്യവും ഉണ്ടാകില്ല, അമേരിക്ക ഉൾപ്പെടെ.