കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ വിഭജന ഭീതി ദിനം ആചരിച്ച് എബിവിപി

കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ എബിവിപി വിഭജന ഭീതി ദിനം ആചരിച്ചു. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് വിഭജന ഭീതി ദിനം ആചരിച്ചത്. എബിവിപി ദേശീയ നിർവാഹക സമിതി അംഗം അഭിനവ് തൂണേരിയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി നടത്തിയത്. എല്ലാ ജില്ലകളിലും ഓരോ ക്യാമ്പസുകളിൽ ഈ പരിപാടി നടത്തുമെന്ന് എബിവിപി സംസ്ഥാന കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
അതേസമയം, ക്യാമ്പസുകളിൽ വിഭജന ഭീതി ദിനാചരണം നടത്തരുതെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നിർദേശം. സർവകലാശാല ഡീനുമാർക്കാണ് മന്ത്രി നിർദേശം നൽകിയത്. ഈ പരിപാടി സാമുദായിക സൗഹാർദ്ദം തകർക്കുന്നതിനും സമൂഹത്തിൽ സ്പർധ വളർത്തുന്നതിനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ ഈ ഉത്തരവ്. എല്ലാ കോളജുകൾക്കും ഇത് സംബന്ധിച്ച അടിയന്തിര അറിയിപ്പ് നൽകണമെന്നും മന്ത്രി നിർദേശിച്ചിരുന്നു.
കേരള, കണ്ണൂർ, സാങ്കേതിക സർവകലാശാലകൾ ദിനാചരണത്തിന് നിർദേശം നൽകി സർക്കുലർ ഇറക്കിയിട്ടുണ്ട്. ദിനാചരണം തടയുമെന്ന് എസ്.എഫ്.ഐയും കെഎസ്യുവും വ്യക്തമാക്കിയിട്ടുണ്ട്.