ദേശീയപതാക ഉയർത്താൻ എത്തിയവരെ അടിച്ചോടിച്ച കൊച്ചിയിലെ രാജാക്കന്മാർ; മഹാരാജാസിൽ സധൈര്യം പതാക ഉയർത്തിയ അമ്പാട്ട് സുലോചന

ഇന്ന് രാവിലെ 7 .30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. ഇതോടെ രാജ്യത്ത് 79ാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്ക് തുടക്കമായി. ആഘോഷങ്ങൾ നടക്കുമ്പോളും രാജ്യം ഒട്ടാകെ കനത്ത സുരക്ഷയിലാണ്. സ്വാതന്ത്യ ദിനത്തിൻ്റെ ഭാഗമായി പൊലീസ് പട്രോളിങ്ങും ബോർഡറുകളിലെ പരിശോധനകളും വർധിപ്പിച്ചിട്ടുണ്ട്. രാജ്യതലസ്ഥാനം കനത്ത പൊലീസ് കാവലിലാണ്.
ഡെല്‍ഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും ആസ്ഥാന മന്ദിരങ്ങളിലും മൈതാനങ്ങളിലും പരേഡും സ്വാതന്ത്ര്യദിന പ്രതിജ്ഞയും നടക്കും. സ്കൂളുകളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. അങ്ങനെ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തെ നമ്മൾ ആഘോഷമാക്കുകയാണ്.
എന്നാല്‍, നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ പലയിടത്തും ആഘോഷങ്ങൾ അടിച്ചമർത്തപ്പെട്ടിരുന്നു. രാജ ഭരണകാലത്ത് സ്വാതന്ത്രത്തിന് വലിയ പ്രാധാന്യമൊന്നും രാജാക്കന്മാര് നല്‍കിയിരുന്നില്ല. വിദ്യാർത്ഥികളാണ് അന്ന് കോളജ് ക്യാമ്പസുകളില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി രാജ്യത്തിനൊപ്പം ചേര്‍ന്ന് നിന്നത്. എന്നാൽ ചരിത്ര പ്രസിദ്ധമായ എറണാകുളം മഹാരാജാസ് കോളജില്‍ പതാക ഉയര്‍ത്താന്‍ രക്തം ചിന്തിയ പോരാട്ടം തന്നെ വേണ്ടിവന്നു.
രാജാവിന്റെ ഗുണ്ടകൾ വിദ്യാര്‍ത്ഥികൾക്ക് നേരെ രൂക്ഷമായ അക്രമം ആണ് അഴിച്ച് വിട്ടത്. അതിനെയെല്ലാം അതിജീവിച്ച് മഹാരാജാസിൽ പതാക ഉയര്‍ത്തിയ കഥ മുൻ മഹാരാജാസ് വിദ്യാർത്ഥി കൂടിയായ ജയചന്ദ്രൻ ഫേസ്ബുക്കിൽ എഴുതിയിരുന്നു.
1947 ഓഗസ്റ്റ് 14 രാത്രി 11 മണിക്ക് മഹാരാജാസ് കോളേജിൽ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ കുറെ പേര് ഒത്തുകൂടിയിരുന്നു. അല്പ നേരം കൂടി കഴിഞ്ഞാല്‍ 12 മണിക്ക് മഹാരാജാസിന്റെ കൊടിമരത്തില്‍ ദേശീയ പതാക ഉയര്‍ത്തണം. കൊച്ചി വിദ്യാര്‍ത്ഥി ഫെഡറേഷന്റെയും, വിദ്യാര്‍ത്ഥി കോണ്‍ഗ്രസിന്റെയും നേതാക്കളായ അമ്പാടി വിശ്വം, വൈലോപ്പിള്ളി രാമന് കുട്ടി മേനോന്, തമ്മനത്ത് അരവിന്ദാക്ഷമേനോന്‍, എന്‍.എ. കരീം, ചന്ദ്രഹാസന്‍, കെ. കെ സത്യവ്രതന് ടി.സി.എന്‍. മേനോന് തുടങ്ങിയവര്‍ പതാകയുമായി കൊടിമര ചുവട്ടിലേയ്ക്ക് എത്തി. ആ കൊടിമരത്തില്‍ കൊച്ചി രാജാവിന്റെ പതാകയും പാറികളിക്കുന്നുണ്ട്.
തമ്മനത്ത് അരവിന്ദാക്ഷ മേനോന് കൊടിമരത്തിലെ രാജപതാക താഴ്ത്താന്‍ തുടങ്ങി. പെട്ടെന്ന് കുറച്ചു പേര് ഓടി എത്തി ഇവരെ തടഞ്ഞു. കൊടിമരത്തില്‍ ദേശീയ പതാകയും, രാജാവിന്റെ പാതകയും ഒന്നിച്ചു വേണം എന്നാണ് രാജശാസനം. അത് പറയാനാണ് അവർ വന്നത്. അങ്ങനെ തർക്കമായി. ഒടുവിൽ ദേശീയ പതാക ഉയര്‍ത്താന്‍ മറ്റൊരു കൊടിമരം ശരിയാക്കി. പക്ഷെ അപ്പോഴേയ്ക്കും ആരോ ഈ രാജാവിൻറെ പതാക വലിച്ച് താഴ്ത്തിയിരുന്നു.
അതോടെ രാജാവിന്റെ ഗുണ്ടകള്‍ വിദ്യാര്‍ത്ഥികളെ മർദ്ദിക്കാൻ തുടങ്ങി. ഇരുമ്പ് വടി കൊണ്ട് അടിയേറ്റ് തമ്മനത്ത് അരവിന്ദാക്ഷ മേനോൻ തല പൊട്ടി താഴെ വീണു. പത്തോളം നേതാക്കള്‍ക്ക് സാരമായ പരുക്ക് പറ്റി അവരെല്ലാം ആശുപത്രിയില്‍ ആയി. സ്വതന്ത്ര ദിനത്തിൽ ക്യാമ്പസ്സില്‍ ചോര തളം കെട്ടി കിടന്നു.
പരുക്ക് കാര്യമായി പറ്റാത്തവര്‍ ചേർന്ന് മന്ത്രി പനമ്പിള്ളിയുടെ പുല്ലേപ്പടിയിലെ വീട്ടിലേയ്ക്ക് ജാഥ നടത്തി. എന്നാൽ അദ്ദേഹം വിദ്യാര്‍ത്ഥികളെ കാണാന്‍ കൂട്ടാക്കിയില്ല. പിറ്റേന്ന് രാവിലെ വിദ്യാര്‍ത്ഥികള്‍ കോളേജില്‍ വീണ്ടും എത്തി. നേതാക്കള്‍ ആശുപത്രിയില്‍ ആണ്. ഭാരത് മാതാ കീ ജയ്, മഹാത്മാ ഗാന്ധി കീ ജയ്, എന്നിങ്ങനെ മുദ്രവാക്യം വിളി തുടങ്ങി. പതിനേഴു വയസ്സുള്ള ഒരു പെൺകുട്ടിയാണ് മുദ്രാവാക്യം വിളിക്കുന്നത്. അമ്പാട്ട് സുലോചന എന്ന പെൺകുട്ടിയായിരുന്നു ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചത്.
കൊച്ചിയിലെ പോലീസ് സൂപ്രണ്ട് എ.ആര്. മന്നാടിയാര്‍ നായരുടെ മകളാണ് ആ കുട്ടി. അങ്ങനെ വിദ്യാര്‍ത്ഥികള്‍ ഒരു ജാഥയായി കൊടിമര ചുവട്ടില്‍ എത്തി. സുലോചന ദേശീയ പതാക ചരടില്‍ കെട്ടി ഉയര്‍ത്തി. മഹാരാജാസിന്റെ അന്തരീക്ഷത്തിൽ മുദ്രാവാക്യങ്ങള്‍ മുഴങ്ങിക്കേട്ടു. ഒരു പക്ഷെ ഇന്ത്യയില്‍ ആദ്യമായി 78 വര്‍ഷം മുന്‍പ് ദേശീയ പതാക ഉയര്‍ത്തിയ ആദ്യ വനിത അമ്പാട്ട് സുലോചന ആയിരിക്കാം.
ഇതിന് ശേഷം മഹാരാജാസിൽ നിന്നും വിദ്യാര്‍ത്ഥികള്‍ 12 കിലോ മീറ്റര്‍ ദൂരെയുള്ള തൃപ്പൂണിത്തുറയിലെ രാജകൊട്ടാരത്തിലേയ്ക്ക് മാര്‍ച്ച് നടത്തി. എന്നാൽ രാജാവ് അവരുടെ നിവേദനത്തിന് വില കൊടുത്തില്ല. അവര്‍ മടങ്ങിപ്പോരുകയും ചെയ്തു.
പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞവർ പുറത്ത് ഇറങ്ങിയപ്പോൾ അവരെ കാത്തിരുന്നത് പ്രിന്‍സിപ്പാള്‍ നാരായണ അയ്യരുടെ ഒരു ഉത്തരവാണ്. 17 പേരെ മഹാരാജാസില്‍ നിന്ന് പുറത്താക്കിയ ഉത്തരവ്. പിന്നെ ഇവരെ തിരിച്ചെടുക്കുന്നത് വരെ സമരങ്ങളുടെ ഒരു പരമ്പര തന്നെ കൊച്ചിയിൽ നടന്നു.
1997 ൽ സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാര്‍ഷികം മഹാരാജാസ് ആഘോഷിച്ചപ്പോള്‍ അന്നുള്ള മറ്റ് നേതാക്കള്‍ക്ക് ഒപ്പം സുലോചനയും മഹാരാജാസില്‍ എത്തിയിരുന്നു. അമ്പാട്ട് സുലോചനയുടെ മക്കള്‍ രണ്ട് പേരും നമുക്ക് അറിയുന്ന ആളുകളാണ്. ഛായാഗ്രാഹകന്‍ മധു അമ്പാട്ടും, പ്രസിദ്ധ നടി വിധുബാലയും.
ഇന്ന് 79 ആം സ്വതന്ത്ര ദിനം ആഘോഷിക്കുമ്പോൾ തീർച്ചയായും നമ്മൾ ഓർത്തിരിക്കേണ്ട ആളുകളാണ് അന്ന് പാതിരാത്രി അവിടെ ഉണ്ടായിരുന്നവർ, പിറ്റേന്ന് പതാക ഉയർത്തിയവർ. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ട് പോയപ്പോളും രാജാധികാരം മുറുകെപ്പിടിച്ച്, രാജ്യത്തിൻറെ പതാക ഉയർത്തുന്നത്, ഗുണ്ടകളെ ഉപയോഗിച്ച് തടഞ്ഞ ആ രാജാക്കന്മാരെയും മറക്കരുത്.