ധർമ്മസ്ഥലയിൽ കുഴിച്ചിട്ട് ഒന്നും കിട്ടിയില്ല, കാണാതായ പെൺകുട്ടി എന്നത് വ്യാജ കഥയാണ്; മുൻ ശുചീകരണ തൊഴിലാളി ഇപ്പോൾ ക്രിസ്ത്യാനിയാണ്, ആരോപണവുമായി ബിജെപി നേതാവ്

കര്‍ണാടകയിലെ ധര്‍മസ്ഥലയിലുളള മഞ്ചുനാഥ സ്വാമി ക്ഷേത്രത്തിനെതിരെ വീണ്ടും ചില വെളിപ്പെടുത്തലുകൾ നടത്തുകയാണ് മുന്‍ ശുചീകരണ തൊഴിലാളി. മൃതദേഹങ്ങള്‍ കുഴിച്ചുമൂടാന്‍ ക്ഷേത്രത്തില്‍ നിന്നു തന്നെയാണ് തനിക്ക് നിര്‍ദേശം ലഭിച്ചതെന്നാണ് മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യാ ടുഡേയ്ക്ക് നല്കിയ ഒരു പ്രത്യേക അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍. താന്‍ ഒറ്റയ്ക്കല്ല ചെറിയൊരു സംഘമായാണ് വനമേഖലകളില്‍ മൃതദേഹങ്ങള്‍ മറവുചെയ്തതെന്നും അദ്ദേഹം പറയുന്നു.
‘എനിക്കൊപ്പം ഈ ജോലി ചെയ്യാന്‍ നാലുപേര്‍ കൂടിയുണ്ടായിരുന്നു. അവിടെ ശ്മശാനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. മൃതദേഹങ്ങള്‍ കാടുകളിലും നദീതീരങ്ങളിലും പഴയ റോഡുകള്‍ക്കരികിലുമാണ് കുഴിച്ചിട്ടത്. ബാഹുബലി കുന്നില്‍ ഒരു സ്ത്രീയുടെ മൃതദേഹം അടക്കം ചെയ്തു. നേത്രാവദി നദീതീരത്ത് എഴുപതോളം മൃതദേഹങ്ങള്‍ കുഴിച്ചിട്ടു. പ്രദേശവാസികള്‍ പലപ്പോഴും ഞങ്ങള്‍ മൃതദേഹം മറവുചെയ്യുന്നത് കണ്ടിട്ടുണ്ട്. പക്ഷെ ആരും ഇതുവരെ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. ഞങ്ങള്‍ക്ക് ഉത്തരവുകള്‍ ലഭിക്കും, ഞങ്ങളത് ചെയ്യണം. അതായിരുന്നു ഞങ്ങളുടെ ജോലി’- ഇതാണ് മുന്‍ ശുചീകരണ തൊഴിലാളി പറഞ്ഞത്.
മിക്ക മൃതദേഹങ്ങളിലും ക്രൂരമായ ആക്രമണത്തിന്റെ പാടുകള്‍ വ്യക്തമായി ഉണ്ടായിരുന്നെന്നും ചെറിയ പെണ്‍കുട്ടികള്‍ മുതല്‍ പ്രായമായ സ്ത്രീകള്‍ വരെ അവരില്‍ ഉള്‍പ്പെട്ടിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. മണ്ണൊലിപ്പും നിര്‍മാണ പ്രവര്‍ത്തനങ്ങളും കാടിന്റെ വളര്‍ച്ചയും മൂലം പല സ്ഥലങ്ങളിലും തിരിച്ചറിയാന്‍ കഴിയാത്ത വിധം മാറ്റമുണ്ടായി എന്നും അദ്ദേഹം പറഞ്ഞു.
‘മുന്‍പ് ഇവിടെ പഴയൊരു റോഡുണ്ടായിരുന്നു. ആ സ്ഥലം ഇപ്പോള്‍ മനസിലാക്കാന്‍ കഴിയാത്ത വിധം മാറി. പണ്ട് കാടുകള്‍ ഇത്ര ഘോരവനങ്ങളായിരുന്നില്ല.എന്നും അദ്ദേഹം പറഞ്ഞു. നൂറിലധികം മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയെന്ന് അവകാശവാദം ഉന്നയിച്ചിട്ടും എന്തുകൊണ്ടാണ് അത്രക്കും മൃതദേഹങ്ങള്‍ കണ്ടെത്താനാകാത്തത് എന്ന ചോദ്യത്തിന്, ഞങ്ങളാണ് ആ മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയത്, ഞങ്ങള്‍ സത്യമാണ് പറയുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
എന്നാലിപ്പോൾ ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബിജെപി നേതാവ് ആര് അശോക. മുഖം മൂടി നടക്കുന്ന സാക്ഷിയുടെ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്നും കേസന്വേഷണം എന്‍ ഐ എയ്ക്ക് കൈമാറണമെന്നും അശോക ആവശ്യപ്പെട്ടു. ഈ തൊഴിലാളിയുടെ പരാതിയില്‍ ഒരുകോടി രൂപയിലധികം ചിലവഴിച്ച് ഭാരമേറിയ യന്ത്രങ്ങളും ഡ്രോണുകളും ആധുനിക ഉപകരണങ്ങളും ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ഒരു ഫലവുമുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘ധര്‍മസ്ഥലയില്‍ കുഴിക്കാൻ പറഞ്ഞ മാസ്ക് ധരിച്ചയാള്‍ ആരാണ്? അയാളുടെ പേര് ചിന്നയ്യ എന്നാണ് എന്നും അയാള്‍ ക്രിസ്തുമതം സ്വീകരിച്ചുവെന്നുമാണ് ആളുകള്‍ പറയുന്നത്. പൊലീസ് അയാള്‍ക്ക് സംരക്ഷണം കൊടുക്കുന്നു, കഴിക്കാന്‍ ബിരിയാണി വാങ്ങിക്കൊടുക്കുന്നു. അയാളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുന്നു. പക്ഷെ ഒരു എലിയെപ്പോലും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല എന്നും അശോക പറഞ്ഞു.
ഇതിന് പിന്നില്‍ വിദേശഫണ്ടുകളും ഗൂഢാലോചനയും ഉണ്ടാകാമെന്നും ആര് അശോക ആരോപിച്ചു. ഹിന്ദു ക്ഷേത്രങ്ങളെ ലക്ഷ്യംവയ്ക്കുന്ന രീതി തന്നെ കോണ്‍ഗ്രസിനുണ്ടെന്നും, ശബരിമല, തിരുപ്പതി, എന്നീ ക്ഷേത്രങ്ങളെ കളങ്കപ്പെടുത്താന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ ധര്‍മസ്ഥലയുടെ പവിത്രത നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മകളെ കാണാതായെന്ന പരാതിയുമായി വന്ന സുജാത ഭട്ട് എന്ന സ്ത്രീയെക്കുറിച്ചും അശോക പ്രതികരിച്ചു. ‘മകളെ തട്ടിക്കൊണ്ടുപോയി എന്നാരോപിച്ചാണ് അവര്‍ പരാതിയുമായി വന്നത്. എന്നാല്‍ അവരുടെ തന്നെ ബന്ധുക്കള്‍ പറയുന്നത് അവര്‍ക്ക് അങ്ങനൊരു മകളേ ഇല്ലെന്നാണ്. അങ്ങനെ ഒരു എംബിബിഎസ് വിദ്യാര്‍ത്ഥിയില്ല. വലിയ തോതിലുളള ഖനനം നടത്തുന്നതിന് മുന്‍പ് മുഖംമൂടി ധരിച്ച ആളുടെ പശ്ചാത്തലം അന്വേഷിക്കാനുളള സാമാന്യബുദ്ധി സര്‍ക്കാര്‍ കാണിക്കണമായിരുന്നു. ഇത് സ്പോണ്സര് ചെയ്തുളള പ്രവര്‍ത്തനങ്ങളാണ്. ഇതിനുപിന്നില്‍ ആരൊക്കെയാണ് ഉളളതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്’ എന്നൊക്കെയാണ് ബിജെപി നേതാവ് പറയുന്നത്.
നൂറിൽ കൂടുതൽ അസ്ഥികൾ കിട്ടിയില്ലെങ്കിലും, ധർമ്മസ്ഥാലയിൽ കുഴിച്ചപ്പോൾ കിട്ടിയ അസ്ഥികൾ എവിടുന്നു വന്നു എന്ന് ആദ്യം അശോകൻ വെളിപ്പെടുത്തണം. ബിജെപി ആദരിക്കുന്ന വീരേന്ദ്ര ഹെഗ്ഡെയിലേക്ക് അന്വേഷണം എത്തുന്നതിന്റെ പരിഭ്രാന്തിയാണ് ഇദ്ദേഹത്തിന്. അതിന്റെ ഭാഗമായിട്ടുള്ള പ്രതിഷേധമാണ് ഇന്നലെ നടന്നതും. മകളെ കാണാതായി എന്ന് പരാതി പറയുന്ന സ്ത്രീക്ക്, അങ്ങനെയൊരു മകളേ ഇല്ലെന്ന് പറയാൻ ഇദ്ദേഹത്തെ പോലുള്ള ആളുകൾക്ക് മാത്രമേ സാധിക്കുകയുള്ളൂ.