വോട്ടർപട്ടികയിലെ ക്രമക്കേട് ഉന്നയിച്ചവർ വാനരന്മാർ എന്ന് അധിക്ഷേപം; സുരേഷ്ഗോപി കണ്ണാടിയിൽ നോക്കി സംസാരിക്കരുതെന്ന് കോൺഗ്രസ്സ്

തൃശൂരിലെ വോട്ടര്‍ പട്ടിക വിവാദത്തിൽ ഒടുവിൽ മൗനം വെടിഞ്ഞിരിക്കുകയാണ് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. വോട്ടര്‍ പട്ടികയുമായി ആരോപണങ്ങളിൽ മറുപടി പറയേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. താൻ മന്ത്രിയാണെന്നും ആ ഉത്തരവാദിത്തം കാണിച്ചുവെന്നും കൂടുതൽ ചോദ്യങ്ങളുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കാമെന്നും ആണ് സുരേഷ് ഗോപി പറയുനത്. അതുമല്ലെങ്കിൽ കേസ് സുപ്രീം കോടതിയിലെത്തുമ്പോള്‍ അവിടെ ചോദിക്കാമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
അതൊക്കെ അദ്ദേഹത്തിന് പറയാവുന്ന കാര്യങ്ങളാണ്. എന്നാൽ പിന്നീട് എല്ലാവരെയും പരിഹസിക്കുന്ന കാര്യങ്ങളാണ് അദ്ദെഹം പറഞ്ഞത്. ചില വാനരന്മാര് ഇവിടെ നിന്ന് ‘ഉന്നയിക്കലുമായി’ ഇറങ്ങിയിട്ടുണ്ടായിരുന്നല്ലോ എന്നും സുരേഷ് ഗോപി ചോദിച്ചു. അക്കരെയും ഇക്കരയുമൊക്കെ ഇറങ്ങിയിട്ടുണ്ടല്ലോ. അവര്‍ കോടതിയിൽ പോകട്ടെ. കോടതിയും അവര്‍ക്ക് മറുപടി നൽകും എന്ന് സുരേഷ്ഗോപി പറഞ്ഞത് കോണ്‍ഗ്രസ് നേതാവ് അനിൽ അക്കരെയെ പരിഹസിച്ചുകൊണ്ടായിരുന്നു.
ശക്തൻ തമ്പുരാന്റെ ആത്മാവ് ഉള്‍ക്കൊണ്ട് കൊണ്ട് പ്രവര്‍ത്തനം നടത്തുമെന്നും ശക്തൻ തമ്പുരാൻ ശക്തനായ ഭരണാധികാരിയായിരുന്നുവെന്നും ആ ശക്തനെ തിരിച്ചു പിടിക്കുമെന്നും കൂടി സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലെ ശക്തൻ പ്രതിമയിൽ മാലചാര്‍ത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.
ആദ്യമായാണ് വോട്ടര്‍ പട്ടിക വിവാദത്തിൽ സുരേഷ് ഗോപി പ്രതികരിക്കുന്നത്.
മാധ്യമങ്ങള്‍ നിരവധി തവണ ചോദിച്ചിട്ടും മൗനമായിരുന്നു പ്രതികരണം. ഇന്നാദ്യമായാണ് വിഷയത്തില്‍ സുരേഷ് ഗോപി പ്രതികരിച്ചത്.
എന്നാൽ സുരേഷ്ഗോപി നടത്തിയ ഈ വാനര പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്ത് വന്നു. സുരേഷ് ഗോപിയുടെ മറുപടി കണ്ണാടിയിൽ നോക്കിയുള്ളതാണെന്നും അതേ പദത്തിൽ മറുപടി പറയാൻ തങ്ങളുടെ സംസ്കാരം അനുവദിക്കുന്നില്ലെന്നും തൃശൂര്‍ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് പറഞ്ഞു.
വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഒടുവിൽ സുരേഷ് ഗോപി വാ തുറന്നത് തൃശൂരിലെ ജനങ്ങളെ അപമാനിക്കുന്ന തരത്തിലാണ്. കേന്ദ്രമന്തി സുരേഷ് ഗോപിയുടെ പരാമർശം കണ്ണാടിയിൽ നോക്കിയുള്ളതാണ്. സുരേഷ് ഗോപി അനധികൃതമായി ചേർത്ത വോട്ടുകളെക്കുറിച്ചാണ് കോൺഗ്രസ് പറഞ്ഞത്. ജയിച്ചു മന്ത്രിയായി. ഇതോടെ ഉത്തരവാദിത്വം കഴിഞ്ഞുവെന്നാണ് സുരേഷ് ഗോപി പറയുന്നത്.
ഞങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് മറുപടി പറയേണ്ടത് ജനപ്രതിനിധിയാണ്. ഈ പ്രയോഗത്തിലൂടെ തൃശൂരിലെ വോട്ടർമാരെയും ജനങ്ങളെയും അവഹേളിച്ചു.തെറ്റ് പറ്റിയപ്പോൾ പിടിച്ചു നിൽക്കാൻ വേണ്ടി നൽകിയ മറുപടിയാണിത്. എന്ത് പദപ്രയോഗം നടത്തിയാലും കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് പിന്നോട്ട് പോകില്ല. സുരേഷ് ഗോപി ഇനിയെങ്കിലും കണ്ണാടിയിൽ നോക്കാതെ മറുപടി പറയണമെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. പലസ്ഥലങ്ങളിലും വോട്ടുകൾ ചേർത്തിട്ടുണ്ടെന്ന് ബിജെപി നേതാക്കൾ തന്നെ സമ്മതിച്ചത് ഒരു കുറ്റസമ്മതമാണ്.
തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നിട്ടുണ്ടോ എന്ന് ഇപ്പോഴും സംശയിക്കുന്നു. പരിശോധനകൾ പൂർത്തിയാകുന്നതിനുശേഷം അക്കാര്യങ്ങളിൽ കൂടുതൽ പ്രതികരണങ്ങൾ നടത്തുമെന്നും ജോസഫ് പറഞ്ഞു.
പല കാര്യങ്ങളിലും സുരേഷ്ഗോപിയുടെ പ്രതികരണം വിചിത്രമായ രീതിയിലാണ്. വോട്ടർ പട്ടികയിൽ ക്രമക്കേട് കണ്ടാൽ, അത് വിളിച്ച് പറയാനും പരാതി കൊടുക്കാനും ആർക്കും അവകാശമുണ്ട്. തെറ്റായി ആളുകളെ വോട്ടർ പട്ടികയിൽ ചേർത്താണ് സുരേഷ്ഗോപി ജയിച്ചതെന്ന ആരോപണം ഉണ്ടായാൽ അതിന് മാന്യമായി തന്നെ മറുപടി പറയണം. രേഖകൾ അടക്കം ഇക്കാര്യം ചോദിക്കുമ്പോൾ അവർ വാനരന്മാരാണ് എന്നൊക്കെ പറയുന്നത് അല്പത്തരമാണ്. ഒരു കേന്ദ്ര മന്ത്രിക്കും ചേരുന്നതല്ല അത്തരം വാക്കുകൾ.