ഇസ്രായേലിനെ വീണ്ടും ആക്രമിക്കാൻ തയ്യാറെടുത്ത് ഇറാൻ: പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ

ലോകത്തെ ആകമാനം പരിഭ്രാന്തിയിലാക്കിയ ഇറാൻ ഇസ്രായേൽ സംഘർഷം ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് ഇറാൻ ഇപ്പോൾ വ്യക്തമാക്കുന്നത്.
ഇസ്രയേലുമായുള്ള ഒരു യുദ്ധം ഏത് നിമിഷവും വീണ്ടും ആരംഭിച്ചേക്കാമെന്നാണ് ഇറാന് പറയുന്നത്. നിലവിലെ ശാന്തത താല്‍ക്കാലിക വിരാമമാണെന്ന് ഇറാന്റെ പ്രഥമ വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ അറഫ് മുന്നറിയിപ്പ് നല്‍കിയതായി അന്താരാഷ്ട്ര മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ‘ഏത് നിമിഷവും ഉണ്ടായേക്കാവുന്ന ഏറ്റുമുട്ടലിനായി തങ്ങള്‍ തയ്യാറാണ്. ഇപ്പോള്‍ ഞങ്ങള്‍ വെടിനിര്‍ത്തലില്‍ പോലുമല്ല, ഞങ്ങള്‍ ശത്രുതയുടെ വിരാമത്തിലാണ്’, എന്നാണ് അദ്ദേഹം പറഞ്ഞത്.
രാജ്യം ഏറ്റവും മോശമായ ഒരു സാഹചര്യത്തെ നേരിടാനുള്ള പദ്ധതികള്‍ക്ക് തയ്യാറെടുക്കുകയാണെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സൈനിക ഉപദേശകന് യഹ്യ റഹിം സഫാവിയും പ്രതികരിച്ചു. ‘ഞങ്ങള്‍ ഇപ്പോള്‍ വെടിനിര്‍ത്തലില്ല. ഞങ്ങളിപ്പോള്‍ യുദ്ധമുഖത്താണ്. അത് എപ്പോള്‍ വേണമെങ്കിലും തകര്‍ന്നേക്കാം. അവിടെയൊരു പ്രോട്ടോക്കോളുമില്ല. നിയന്ത്രങ്ങളില്ല. ഞങ്ങളും ഇസ്രയേലികളും അമേരിക്കയും തമ്മില്‍ ഒരു കരാറുമില്ല’, എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇക്കഴിഞ്ഞ ജൂണ്‍ പതിമൂന്നിനായിരുന്നു ഇറാന്റെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ടത്. ഇറാൻറെ സായുധ സേനാ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബാഖിരി അടക്കം ആറോളം മുതിര്‍ന്ന ഉദ്യോഗസ്ഥരെയായിരുന്നു അന്ന് ഇറാന് നഷ്ടമായത്. ആണവ ശാസ്ത്രജ്ഞര്‍ അടക്കം കൊല്ലപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ ഇസ്രയേലിനെതിരെ ഇറാനും ശക്തമായ തിരിച്ചടി നല്കി. തുറമുഖ നഗരമായ ഹൈഫ അടക്കം പ്രധാന കേന്ദ്രങ്ങളില്‍ ഇറാന് ആക്രമണം നടത്തി. ഇസ്രയേലിന്റെ ഗവേഷണ ആസ്ഥാനമായ വീസ്മാന് ഇന്‍സ്റ്റിറ്റ്യൂട്ടിന് നേരെയും ഇറാന് ശക്തമായ ആക്രമണം നടത്തി. പിന്നീട് അമേരിക്കയും ഇറാന്-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ പങ്കാളികളായി. ഇതോടെ കാര്യങ്ങൾ കൂടുതൽ വഷളാവുകയും ഇറാന്റെ ആണവ നിലയങ്ങൾക്ക് നേരെ അമേരിക്കൻ ബോംബർ വിമാനങ്ങൾ ആക്രമണം നടത്തുകയും ചെയ്തിരുന്നു.
തൊട്ടു പിന്നാലെ ഖത്തറിലെ അമേരിക്കൻ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ ആക്രമണം ഉണ്ടായി. അതോടെ അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരികയായിരുന്നു. ഖത്തറും ഈ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പങ്കാളികളായിരുന്നു.
ഇറാനെതിരെ മറ്റൊരു ആക്രമണം സംഘടിപ്പിക്കുമെന്ന് ഇസ്രായേൽ പട്ടാളമേധാവി ഇയാൽ സമീർ മൂന്നുദിവസം മുമ്പ് ഭീഷണി മുഴക്കിയിരുന്നു. ജൂൺ 13ന് നടത്തിയ ആക്രമണം ഇറാനെ മുൻകൂട്ടി പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു എന്നും അദ്ദേഹം പറയുകയുണ്ടായി.
2 ദിവസത്തെ യുദ്ധത്തിൽ ഇറാനിലെ 606 സാധാരണക്കാരും ഒട്ടേറെ സൈനികരും കൊല്ലപെട്ടിരുന്നു. ഇറാന്റെ തിരിച്ചടിയിൽ 31 പേർ കൊല്ലപ്പെടുകയും മുവ്വായിരത്തോളം പേർക്ക് പരുക്ക് ഏൽക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഇരു കൂട്ടരും ഭീഷണി മുഴക്കുന്നതോടെ പശ്ചിമേഷ്യ ഒരിക്കൽ കൂടി ഒരു യുദ്ധത്തിന്റെ നിഴലിലേക്ക് നീങ്ങുകയാണ്.