റാപ്പര്‍ വേടനെക്കുറിച്ച് പഠിപ്പിക്കാന്‍ കേരള യൂണിവേഴ്സിറ്റി; 4 വര്‍ഷ ഡിഗ്രി കോഴ്സില്‍ ഇംഗ്ലീഷ് മൂന്നാം സെമസ്റ്ററില്‍ പാഠഭാഗം

റാപ്പര്‍ വേടനെക്കുറിച്ച് പഠിപ്പിക്കാന്‍ കേരള സര്‍വകലാശാല. നാല് വര്‍ഷ ഡിഗ്രി കോഴ്സില്‍ ഇംഗ്ലീഷ് മൂന്നാം സെമസ്റ്ററിലാണ് പാഠഭാഗം ഉള്ളത്. വേടന്റെ സംഗീതം സാമൂഹിക നീതിയിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ അവകാശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി പാഠഭാഗം പറയുന്നു.
കേരള സര്‍വകലാശാല നാല് വര്‍ഷ ഡിഗ്രി കോഴ്സില്‍ ഇംഗ്ലിഷ് ഡിപ്പാര്‍ട്മെന്റുകള്‍ പഠിപ്പിക്കേണ്ട മള്‍ട്ടി ഡിസിപ്ലിനറി കോഴ്സായ ‘കേരള സ്റ്റഡീസ് ആര്‍ട്ട് ആന്‍ഡ് കള്‍ചര്‍’ എന്ന സിലബസിലാണ് വേടനെക്കുറിച്ച് പറയുന്നത്. ഡികോഡിങ് ദ് റൈസ് ഓഫ് മലയാളം റാപ്: എ ഡീപ് ഡൈവ് എന്ന ലേഖനമാണ് പഠിക്കേണ്ടത്. ഇതില്‍ രണ്ടാമത്തെ മോഡ്യൂളില്‍ ദി കീ ആര്‍ട്ടിസ്റ്റ് ഇന്‍ മലയാളം റാപ്പ് എന്ന ഉപതലക്കെട്ടില്‍ ഒരു പാരഗ്രാഫ് വേടനെക്കുറിച്ചാണ്.
സാമൂഹിക നീതിയിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ അവകാശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് വേടന്റെ വരികള്‍. അടിച്ചമര്‍ത്തപ്പെട്ടവരുടെ പോരാട്ടങ്ങളും, ശബ്ദവുമാണ് അവ. തന്റെ സംഗീതത്തിലൂടെ, മലയാള റാപ്പ് രംഗത്ത് ചെറുത്തുനില്‍പ്പിന്റെയും ശാക്തീകരണത്തിന്റെയും പ്രതീകമായി വേടന് മാറിക്കഴിഞ്ഞെന്നും ലേഖനത്തില്‍ പറയുന്നു. നാല് വര്‍ഷ ഡിഗ്രി കോഴ്സ് പഠിക്കുന്നവര്‍ക്ക്, മൂന്നാം സെമസ്റ്ററില്‍ തെരഞ്ഞെടുക്കാവുന്ന പേപ്പറാണ് കേരള സ്റ്റഡീസ് ആര്‍ട്ട് ആന്‍ഡ് കള്‍ചര്‍. മൂന്നാം സെമസ്റ്റര്‍ പഠനം പൂര്‍ത്തിയായിക്കഴിഞ്ഞു. കാലിക്കറ്റ് സര്‍വകലാശാല വേടന്റെ വരികള്‍ സിലബസില്‍ ഉള്‍പ്പെടുത്താന്‍ ആലോചിച്ചിരുന്നെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.