സാക്ഷി പ്രതിയായി, വാദി മൊഴിമാറ്റി പറഞ്ഞു; ധർമ്മസ്ഥലയിൽ സത്യം തോൽക്കുമ്പോൾ ജയിക്കുന്നതാര്??

ധര്‍മ്മസ്ഥല കേസിൽ വലിയ വഴിത്തിരിവാണിപ്പോൾ ഉണ്ടായിരിക്കുന്നത്. ധർമസ്ഥലയിൽ സ്ത്രീകളും കുട്ടികളുമായി നൂറിലധികം പേരുടെ മൃതദേഹം കുഴിച്ചുമൂടേണ്ടി വന്നെന്ന വെളിപ്പെടുത്തൽ വ്യാജമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. കൂടാതെ ഇയാളുടെ പേരും വിവരങ്ങളും അന്വേഷണ സംഘം പുറത്തുവിട്ടു. സി എൻ ചിന്നയ്യ ആണ് ധർമസ്ഥലയിലെ പരാതിക്കാരൻ. ഇയാൾക്കുള്ള എവിഡൻസ് പ്രൊട്ടക്ഷൻ സംരക്ഷണം പിൻവലിച്ചു. വ്യാജ പരാതി നൽകൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്ന് പുലരും വരെ ചോദ്യം ചെയ്ത ശേഷമാണ് നടപടി. ബെൽത്തങ്കടി എസ്ഐടി ഓഫീസിലാണ് ഇയാൾ ഇപ്പോൾ ഉള്ളത്.
അതിനിടെ, മകളെ ധര്‍മസ്ഥലയില്‍ കാണാതായെന്ന് പൊലീസിൽ പരാതി നൽകിയ സുജാത ഭട്ട് എന്ന സ്ത്രീ ഇപ്പോൾ പറയുന്നത്, ഭീഷണിക്ക് വഴങ്ങിയാണ് അങ്ങനെയൊരു കഥ പറഞ്ഞതെന്നാണ്. തനിക്ക് അനന്യ ഭട്ട് എന്നൊരു മകളില്ലെന്നും ഇവർ നൽകിയ മൊഴിയിൽ പറയുന്നു. തനിക്ക് പെണ്മക്കൾ ഇല്ലെന്നാണ് ഇവർ പറയുന്നത്. സുജാത ഭട്ടിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി ആവശ്യപ്പെട്ടിരിക്കെയാണ് പുതിയ വെളിപ്പെടുത്തൽ. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് സുജാത ഭട്ട് എസ്ഐടി സംഘത്തെ അറിയിക്കുകയും ചെയ്തു.
നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹം മറവ് ചെയ്തെന്നായിരുന്നു ശുചീകരണ തൊഴിലാളിയായ സി എൻ ചിന്നയ്യയുടെ വെളിപ്പെടുത്തൽ. ധർമ്മസ്ഥലയിലെ 13 ഇടങ്ങളാണ് അന്വേഷണ സംഘത്തിന് മുമ്പാകെ സാക്ഷി ചൂണ്ടികാണിച്ചത്. ഇവിടെയെല്ലാം അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും വെളിപ്പെടുത്തലിന് അനുസരിച്ച് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല എന്നാണ് പറയുന്നത്.
എന്നാൽ 100 അസ്ഥികൂടങ്ങൾ കണ്ടെടുത്തു എന്നാണ് പ്രമുഖ ചാനലുകളായ ന്യൂസ് 18, ഇന്ത്യ ടുഡേ എന്നിവരടക്കം റിപ്പോർട് നൽകിയിരുന്നത്. ആകെയുള്ള 13 സ്പോട്ടുകളിൽ, സൈറ്റ് നമ്പർ ആറിൽ നിന്നും, സൈറ്റ് നമ്പർ പതിനൊന്നിൽ നിന്നുമാണ് ഭൂരിഭാഗം അവശിഷ്ടങ്ങൾ കിട്ടിയതെന്നും, അതെല്ലാം തന്നെ പതിനാറ് വർഷങ്ങൾ പഴക്കമുള്ളതാണെന്നും ആയിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇതെല്ലം ഇപ്പോൾ ഇവർക്ക് തന്നെ വിഴുങ്ങേണ്ട അവസ്ഥയാണുള്ളത് .
കോടതിയില്‍ സാക്ഷി നല്കിയ കസ്റ്റോഡിയനായ മഹേഷ് തിമറോടിയെ കഴിഞ്ഞ ദിവസം കേസില്‍ റിമാന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് സാക്ഷിയെ എസ്ഐടി അറസ്റ്റ് ചെയ്യുന്നത്.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കാണാതായ അനന്യയുടെ ‘അമ്മ സുജാത ഭട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. ധർമ്മസ്ഥലയിലെ കൂട്ടക്കൊലകളുമായി ബന്ധപ്പെട്ട് താൻ നടത്തിയ എല്ലാ ആരോപണങ്ങളും കെട്ടിച്ചമച്ചതാണെന്ന് അവർ സമ്മതിച്ചു. “ചിലർ എന്നോട് അങ്ങനെ പറയാൻ ആവശ്യപ്പെട്ടു. സ്വത്ത് തർക്കമാണ് ഇതിന് പിന്നിലെ പ്രധാന കാരണം,” എന്നും അവർ പറഞ്ഞു.
തന്റെ മുത്തച്ഛന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ധർമ്മസ്ഥല ക്ഷേത്ര അധികൃതർ കൈവശപ്പെടുത്തിയതാണ് തർക്കത്തിന് കാരണമെന്നും അവർ പറഞ്ഞു. ഇപ്പോൾ ഈ ആരോപണങ്ങൾ ഉന്നയിക്കാൻ ആക്ടിവിസ്റ്റുകളായ ഗിരീഷ് മട്ടന്നവർ, ടി. ജയന്തി എന്നിവർ തന്നെ പ്രോത്സാഹിപ്പിച്ചെന്നും അവർ ആരോപിച്ചു. അതേസമയം, താൻ ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല എന്നും സുജാത പറയുന്നുണ്ട്.
വാദികൾ ആയും സാക്ഷികൾ ആയും വന്നവർ എല്ലാം പ്രതികൾ ആകുന്ന കാഴ്ചയാണ് ഇപ്പോൾ ധർമ്മസ്ഥാലയിൽ കാണുന്നത്. അന്വേഷണവും തെരച്ചിലുമൊക്കെ രഹസ്യമായത് കൊണ്ട് കൃത്യമായ വിവരങ്ങൾ ആർക്കും ലഭിക്കുന്നുമില്ല. തെരച്ചിൽ തുടങ്ങിയ മുതൽ അവിടെ നിന്നും ലൈവ് എന്ന പേരിൽ അസ്ഥികൂട വാർത്തകൾ നൽകിയിരുന്ന ന്യൂസ് ഏയ്റ്റിനെ ഇപ്പോൾ കാണുന്നുമില്ല.
എന്തായാലും ഇതൊക്കെ ഇങ്ങനെയേ അവസാനിക്കൂ എന്ന് ഭൂരിപക്ഷം ആളുകളും കരുതിയിരുന്നു. കർണാടകയിലെ ഭരണപക്ഷവും പ്രതിപക്ഷവും എല്ലാം ഇക്കാര്യത്തിൽ ക്ഷേത്രം മുതലാളി ഹെഗ്ഡെക്കൊപ്പമാണ്. പരാതി പറഞ്ഞവർ പ്രതിയായി മാറുന്ന മറ്റൊരു കേസ് കൂടെ അങ്ങനെ അവസാനിക്കുകയാണ്.