അൻസാറുല്ലയുടെ ആക്രമണത്തിന് മറുപടിയായി ഇസ്രായേൽ ആക്രമണം, 6 മരണം; അവസാന ഹൂതി പോരാളിയും ഇല്ലാതാകും വരെ പോരാടുമെന്ന് യഹ്യ സരി

യമൻ തലസ്ഥാനമായ സനയിൽ ഇന്നലെ ഉച്ചയോടെ ഇസ്രേയൽ വ്യോമാക്രമണം നടത്തി. ഹൂതി നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. വലിയ സ്ഫോടന ശബ്ദങ്ങളാണ് ആക്രമണത്തിന് പിന്നാലെ ഉയർന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സനയിൽ തങ്ങൾ ആക്രമണം നടത്തിയതായി ഇസ്രയേലും സ്ഥിരീകരിച്ചിട്ടുണ്ട്. പ്രസിഡൻഷ്യൽ കോംപ്ലക്സും മിസൈൽ താവളങ്ങളും ലക്ഷ്യമിട്ടാണ് ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയത്.
സെൻട്രൽ സനയിലെ മുൻസിപ്പാലിറ്റി കെട്ടിടം ആക്രമണത്തിൽ തകർന്നിട്ടുണ്ടെന്ന് ഹൂതി സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. തുറമുഖ നഗരമായ ഹുദൈദയിലും ആക്രമണം നടന്നതായി ഇസ്രയേൽ വാർത്താ മാധ്യമമായ മാരിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹൂതികള്‍ ഇസ്രയേലിനും പൗരന്മാർക്കും നേരെ നിരന്തരം നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണ് സനയിൽ നടത്തിയ ആക്രമണമെന്നാണ് ഇസ്രയേലി സേന എക്സിലൂടെ പ്രതികരിച്ചത്.
ക്ലസ്റ്റർ പോർമുനയുള്ള മിസൈല്‍ ഉപയോഗിച്ചാണ് നേരത്തെ ഇസ്രയേലിന് നേരെ ഹൂതികൾ ആക്രമണം നടത്തിയതെന്നും ആദ്യമായാണ് ഇത്തരമൊരു ആയുധം അവർ ഉപയോഗിച്ചതെന്നും ഇസ്രയേൽ വ്യോമസേന അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇസ്രയേൽ പലസ്തീൻ സംഘർഷം ആരംഭിച്ചതിന് പിന്നാലെ നിരന്തരമായി ഹൂതികൾ ഇസ്രയേലിന് നേരെ മിസൈൽ ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നുണ്ടായിരുന്നു. ഇതില്‍ ഭൂരിഭാഗം ആക്രമണങ്ങളും ഇസ്രയേൽ തടഞ്ഞിരുന്നു, എന്നാൽ ഹൂതികൾ നടത്തിയ ഏതാനും ആക്രമണങ്ങൾ ഇസ്രയേലിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു. അതിന്റെ തിരിച്ചടിയാണ് ഇന്നലെ നടന്ന ആക്രമണം എന്നാണ് റിപ്പോർട്ടുകൾ.
ഇന്നലെ നടത്തിയ വ്യോമ ആക്രമണത്തില്‍ പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്ന സൈനിക താവളം, രണ്ട് പവര്‍ സ്റ്റേഷനുകള്‍, ഒരു ഇന്ധന ഡിപ്പോ എന്നിവ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു.
‘ഹൂതി ഭരണകൂടത്തിന്റെ സൈനിക നീക്കങ്ങള്‍ നടത്തുന്ന ഒരു സൈനിക കേന്ദ്രത്തിനുള്ളിലാണ് പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. തകര്‍ത്ത രണ്ട് പവര്‍ പ്ലാന്റുകളും ‘സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി വിതരണം ചെയ്യുന്ന പ്രധാന കേന്ദ്രങ്ങളായിരുന്നു എന്നും ഇസ്രയേല്‍ പ്രതിരോധസേന അറിയിച്ചു.
ഒരു ഡസനോളം വിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തതായും നാല് ലക്ഷ്യസ്ഥാനങ്ങളിലായി ബോംബുകള്‍ അടക്കം 30-ല്‍ അധികം ആയുധങ്ങള്‍ ഉപയോഗിച്ചതായും ഐഡിഎഫ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇസ്രയേല്‍ ആക്രമണം ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് ഹൂതികള്‍ പ്രതികരിച്ചു. ‘പ്രസിഡന്‍ഷ്യല്‍ ആസ്ഥാനത്ത് നിലവില്‍ ജീവനക്കാരില്ല, അത് ഉപയോഗത്തിലുമില്ല. ഇസ്രയേല്‍ സനായില്‍ നടത്തിയ ആക്രമണത്തിന്റെ ഒരു ഭാഗം വ്യോമ പ്രതിരോധ സേന നിര്‍വീര്യമാക്കി’യെന്നും ഹൂതികള്‍ പ്രതികരിച്ചു.
അൻസാറുല്ല നടത്തിയ ആക്രമണത്തിന് പിന്നാലെയായിരുന്നു ഇസ്രായേൽ ആക്രമണം.
നേരത്തെയും യെമനിലെ ഹൂത്തി നിയന്ത്രണത്തിലുള്ള മൂന്ന് തുറമുഖങ്ങളിലും ഒരു വൈദ്യുത നിലയത്തിലും ഇസ്രായേൽ സൈന്യം ബോംബാക്രമണം നടത്തിയിരുന്നു. ചെങ്കടൽ തീരത്തുള്ള ഹുദൈദ, റാസ്-ഇസ, അസ്-സാലിഫ് തുറമുഖങ്ങൾ, റാസ് കാതിബ് പവർ പ്ലാന്റ് എന്നിവയാണ് ആക്രമിക്കപ്പെട്ടത്. അന്ന് ഹൂത്തികൾ പിടിച്ചെടുത്ത്, ഹുദൈദ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ഗാലക്സി ലീഡർ എന്ന കപ്പലിലെ റഡാർ സംവിധാനത്തെയും ആക്രമിച്ചതായി പറയുന്നുണ്ട്.
2023ൽ ഗസ്സയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചതിന് ശേഷം നൂറുകണക്കിന് മിസൈലുകളാണ് ഹൂത്തികൾ ഇസ്രായേലിന് നേരെ പായിച്ചിട്ടുള്ളത്. ചെങ്കടൽ ഇടനാഴിയിലെ വാണിജ്യ കപ്പലുകൾക്ക് നേരെയും ഹൂത്തികൾ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ജനുവരിയിൽ ഹമാസും ഇസ്രായേലും തമ്മിൽ വെടിനിർത്തൽ കരാർ ഒപ്പിട്ടതിനെത്തുടർന്ന് ഹൂത്തികൾ ആക്രമണം നിർത്തിവച്ചെങ്കിലും പിന്നീട് അൻസാറുള്ള അടക്കമുള്ള ഗ്രൂപ്പുകൾ ആക്രമണം വീണ്ടും തുടരുകയായിരുന്നു.
അതേസമയം ഫലസ്തീനെ പിന്തുക്കുന്നതിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടേക്ക് ഇല്ലെന്ന് ഹൂതികൾ പ്രസ്താവിച്ചു. ഇതുവരെ നടത്തിയ എല്ലാ ആക്രമണങ്ങൾക്കും, കൊടും ക്രൂരതകൾക്കും ഒരു ദിവസം ഇസ്രായേൽ മറുപടി പറയേണ്ടി വരും. ലോകരാജ്യങ്ങൾക്ക് ഇസ്രാഈലിനോടുള്ള അമർഷം വർധിച്ച് വരികയാണ്. അവസാനത്തെ ഹൂതി പോരാളിയും ഇല്ലാതാകുന്നത് വരെ തങ്ങൾ പോരാട്ടം തുടരുമെന്നും ഹൂതി വക്താവ് യഹ്യ സാരി അറിയിച്ചു