രാഹുലിൻറെ ശല്യം ഒഴിവാക്കാൻ ശാസ്ത്രമേള പാലക്കാട് നിന്നും ഷൊർണ്ണൂരിലേക്ക് മാറ്റി; എംഎൽഎ സ്ഥാനം രാജിവെക്കേണ്ടി വന്നാൽ റിപ്പോർട്ടർ ചാനൽ ആക്രമിക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാവ്

രാഹുൽ എംഎല്‍എയെ ഒഴിവാക്കാൻ ശാസ്ത്രമേളയുടെ വേദി സംസ്ഥാന സർക്കാർ മാറ്റിയിരിക്കുകയാണ്. പാലക്കാട് നടത്താനിരുന്ന സംസ്ഥാന ശാസ്ത്രമേളയുടെ വേദി ഷൊർണ്ണൂരിലേക്കാണ് ഇപ്പോൾ മാറ്റിയത്. നവംബർ 7 മുതൽ 10 വരെയാണ് സംസ്ഥാന ശാസ്ത്രമേള നടക്കുന്നത്.
സ്ഥലം എംഎല്‍എയെ സംഘാടക സമിതി ചെയർമാനോ കൺവീനറോ ആക്കേണ്ടി വരും എന്നത് കൊണ്ടാണ് സർക്കാരിന്റെ ഈ നീക്കം. കുട്ടികൾക്ക് ഇടയിലൂടെ രാഹുൽ പോയാൽ എന്താണ് ഉണ്ടാകുക എന്ന് പറയാൻ പറ്റില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
‘അഹങ്കാരത്തിന് കൈയും കാലും വെച്ച മുഖമാണ് രാഹുൽ മാങ്കൂട്ടത്തിലിനുള്ളത്. എടാ, വിജയാ… എന്നാണ് ഒരു പ്രസംഗത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ രാഹുൽ അഭിസംബോധന ചെയ്തത്. എന്നാൽ ഞങ്ങളെല്ലാം കോൺഗ്രസ്സിലെ മുതിർന്ന നേതാക്കളോട് അങ്ങേയറ്റത്തെ മാന്യതയും ബഹുമാനവും നിലനിർത്തിയാണ് പെരുമാറിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ പാർട്ടിയിൽ ഒറ്റപ്പെടുകയാണ്. എന്നാലും ചില യൂത്ത് കോൺഗ്രസ്സുകാർ രാഹുലിനൊപ്പം നിൽക്കുന്നുണ്ട്. പക്ഷെ അവരൊക്കെ നൽകുന്ന സപ്പോർട്ട് ആണ്, ഇപ്പോൾ രാഹുൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. രാഹുലിനെതിരെ പരാതി പറഞവരെ അത്രക്ക് മോശമായിട്ടാണ് ഇവർ ആക്രമിക്കുന്നത്. കോൺഗ്രസ്സിലെ വനിതാ നേതാക്കളെയും ഇവർ അധിക്ഷേപിക്കുന്നുണ്ട്.
ഇപ്പോൾ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെയും യൂത്ത് കോണ്‍ഗ്രസ് നേതാവ് ഭീഷണി ഉയർത്തുന്നുണ്ട് . രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെച്ചാല്‍ റിപ്പോര്‍ട്ടര്‍ ടിവി അടിച്ച് തകര്‍ക്കുമെന്ന ഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ് പാറശ്ശാല മണ്ഡലം സെക്രട്ടറി കൊല്ലയില്‍ ശ്യാംലാല്‍ ആണ് രംഗത്തെത്തിയത്. തിരുവനന്തപുരത്തെ യൂത്ത് കോണ്‍ഗ്രസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി സന്ദേശം വന്നത്.
‘രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കുകയാണെങ്കില്‍ നമ്മള് 20 പേര് കയറി റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഫീസ് അടിച്ചു പൊട്ടിക്കും. അതിനിപ്പോ റിമാന്‍ഡ് ആയാലും കുഴപ്പമില്ല’, എന്നാണ് ശ്യാംലാല്‍ പറയുന്നത്. 312 പേരുള്ള ഗ്രൂപ്പിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി സന്ദേശം വന്നത്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ നേമം ഷജീര്‍ അടക്കമുള്ളവര്‍ ഈ ഗ്രൂപ്പിലുണ്ട്.
ആരോപണം ഉയർന്ന ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ രാഹുലിന് വേണ്ടിഒരുപാട് പേര് എത്തിയിരുന്നു. എന്നാൽ പിന്നീട് അത് കുറഞ്ഞ് വരുന്ന കാഴ്ചയാണ് കണ്ടത്. നേതാക്കൾ അടക്കമുള്ള കോൺഗ്രസ്സ് പ്രവർത്തകർ രാഹുലിനെ മാറ്റി നിർത്തണമെന്ന അഭിപ്രായം ഉള്ളവർ തന്നെയാണ്. കൂടെ നടന്ന് എന്തെങ്കിലും ചില്ലറ കിട്ടിയ ആളുകൾ ഇപ്പോളും രാഹുൽ മാങ്കൂട്ടത്തിലിന് ജയ് വിളിക്കുന്നുണ്ട്. രണ്ടോ മൂന്നോ ദിവസം കൂടി അത് തുടരാനാണ് സാധ്യത. ഇനിയൊരു മുന്നേറ്റമോ, അല്ലെങ്കിൽ മടങ്ങി വരവോ രാഹുലിന് ഇല്ലെന്ന് മനസ്സിലാകുന്നതോടെ അടുത്ത നേതാവിനെ തേടി ഇത്തരം ആളുകൾ പൊയ്ക്കൊള്ളും.