ആഡംബര ബുള്ളറ്റ് പ്രൂഫ് ട്രെയിനിൽ, ഡാൻസും വൈനുമൊക്കെയായി കിം ജോങ് ചൈനയിൽ എത്തി; പുടിനും, ഷി ജിൻപിങ്ങും, കിം ജോങ് ഉന്നും ഒരേ വേദിയിലെത്തുന്നു

വടക്കൻ കൊറിയൻ പരമോന്നത നേതാവായ കിം ജോങ് ഉൻ ചൈനയിലെത്തി. ബെയ്ജിങ്ങിൽ നടക്കുന്ന സൈനിക പരേഡിൽ പങ്കെടുക്കുന്നതിനാണ് കിം ജോങ് ഉൻ ചൈനീസ് അതിർത്തി കടന്നത് എത്തിയത്. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിൻ്റെയും 1930കളിലും 40കളിലും ജപ്പാനെതിരെ ചൈന നടത്തിയ ചെറുത്ത് നിൽപ്പിൻ്റെയും ഓർമ്മയ്ക്കായി സംഘടിപ്പിച്ചിരിക്കുന്ന സൈനിക പരേഡിൽ കിം ജോങ് ഉൻ പങ്കെടുക്കും.
ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങിനും റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനും ഒപ്പം കിം ജോങ് ഉൻ വേദി പങ്കിടും. 26ഓളം ലോക നേതാക്കൾ സൈനിക പരേഡിന് സാക്ഷികളാകുമെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച ടിയാൻമെൻ സ്ക്വയറിലാണ് ചൈനയുടെ സൈനിക ശക്തി വിളിച്ചറിയിക്കുന്ന സൈനിക പരേഡ് നടക്കുന്നത്.
അമേരിക്ക പ്രധാന വെല്ലുവിളിയായി കണക്കാക്കുന്ന ഷി ജിൻ പിങ്ങും വ്ളാഡമിർ പുടിനും കിം ജോങ് ഉന്നും ആദ്യമായാണ് ഒരേ വേദിയിൽ ഒരുമിച്ചെത്തുന്നത്. മൂന്ന് നേതാക്കളും ഒരുമിച്ച് യോഗം ചേരുന്നത് സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നാൽ മൂന്ന് നേതാക്കളും പങ്കെടുക്കുന്ന ത്രികക്ഷി ചർച്ചകൾക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
റഷ്യയുമായി അടുത്ത സൈനിക ബന്ധം പുലർത്തുന്ന കിം ജോങ് ഉൻ പുടിനുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനകളുണ്ട്. യുക്രെയ്ൻ യുദ്ധത്തിൽ സൈനികരെയും ആയുധങ്ങളെയും നൽകി ഉത്തരകൊറിയ റഷ്യയെ സഹായിച്ചിരുന്നു. അതേപോലെ ചൈനയുമായും അടുത്ത ബന്ധമാണ് ഉത്തരകൊറിയക്കുള്ളത്.
സൈനിക പരേഡിൽ പങ്കെടുക്കുന്നതിനായി കിം ജോങ് ഉൻ തൻ്റെ പ്രത്യേക ട്രെയിനിൽ ആണ് ചൈനയിലെത്തിയത്. 2019ന് ശേഷം ആദ്യമായാണ് കിം ജോങ് ഉൻ ചൈനയിലെത്തുന്നത്. 2011ൽ അധികാരത്തിലെത്തിയതിന് ശേഷം അഞ്ച് തവണ ഉത്തരകൊറിയൻ നേതാവ് ചൈനയിൽ വന്നിട്ടുണ്ട്.
ചൈന യാത്ര ആരംഭിക്കുന്നതിനു മുമ്പ് ഉത്തരകൊറിയയിലെ പുതിയ മിസൈൽ ഫാക്ടറി കിം സന്ദർശിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. ഉത്തരകൊറിയൻ നേതാക്കൻനാർ പരാമ്പര്യമായി ഉപയോഗിച്ചു വരുന്ന ആഡംബര ബുള്ളറ്റ് ട്രെയിനിലാണ് ഇദ്ദേഹം യാത്ര ആരംഭിച്ചത്. 2 വർഷം മുമ്പ് റഷ്യയിലേക്ക് യാത്ര പോയതും ഇതേ ട്രെയിനിലായിരുന്നു.
കിം ജോങിന് പറക്കാൻ കുറച്ച് ഭയമാണെന്നാണ് വിശ്വാസം. പക്ഷെ ഇടക്ക് ഫ്ളൈറ്റിൽ പോകാറുമുണ്ട്. ഈ ഭയം കിമ്മിന്റെ കുടുംബത്തിന് പാരമ്പര്യമായി കിട്ടിയതാണ്. അതായത്, കിമ്മിന്റെ പിതാവിനും മുത്തച്ഛനുമൊക്കെ വിമാനങ്ങളെ ഭയമായിരുന്നു എന്നാണ് വിദേശ മാധ്യമങ്ങള്‍ പറയുന്നത്. കിമ്മിനെപ്പോലെതന്നെ, ഈ രണ്ട് കൊറിയൻ നേതാക്കളും യാത്രകൾ ഒഴിവാക്കുകയും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം രാജ്യത്തിന് പുറത്തു പോകുകയും ചെയ്തിരുന്നവരാണ്.
അപ്പോഴും കഴിയുന്നിടത്തോളം സ്വന്തം ട്രെയിനിൽ മാത്രമായിരുന്നു ഇരുവരുടെയും യാത്ര. പറക്കുമ്പോൾ ശത്രുക്കളാൽ വെടിയേറ്റ് വീഴുമെന്നോ വിമാനം തകര്‍ക്കുമെന്നോ ഒക്കെ ഇവര്‍ ഭയപ്പെട്ടിരുന്നു. പറക്കാനുള്ള ഭയം മാത്രമല്ല, കൊലപാതകത്തെക്കുറിച്ചുള്ള ഭയവും ഇതിന്റെ പിന്നിലുണ്ട്.
ട്രെയിനിൽ യാത്ര ചെയ്യുന്ന കുടുംബ പാരമ്പര്യം ആരംഭിച്ചത് കിമ്മിന്റെ മുത്തച്ഛൻ കിം സാങ്ങിൽ നിന്നാണ്. അദ്ദേഹത്തിന് പഴയ സോവിയറ്റ് യൂണിയൻ തലവൻ ജോസഫ് സ്റ്റാലിൻ ഒരു ട്രെയിൻ സമ്മാനിച്ചിരുന്നു. അദ്ദേഹത്തിന്റെ മകൻ കിം ജോങ് രണ്ടാമനും പറക്കാൻ ഭയമായിരുന്നു. എന്നാല്‍ ഒരു ട്രെയിൻ യാത്രക്കിടെ ഹൃദയാഘാതം മൂലമായിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എല്ലാവിധ സൗകര്യങ്ങളുമുള്ളതാണ് ഈ ട്രെയിൻ. ബുള്ളറ്റ് പ്രൂഫ് ട്രെയിനാണിത്. ഇതില്‍ ഉയർന്ന സെക്യൂരിറ്റിയുള്ള 90 മുറികളുണ്ട്. യാത്രയിൽ സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും ആകാശത്ത് അകമ്പടിയായുണ്ടാകും. ഈ ട്രെയിനിന് സഞ്ചരിക്കാൻ വേണ്ടി മാത്രം ഉത്തര കൊറിയയിൽ 20 റെയിൽവേ സ്റ്റേഷനുകൾ നിർമിച്ചിട്ടുണ്ട്.
ട്രെയിനിൽ കിമ്മിനെ രസിപ്പിക്കാൻ യുവനര്‍ത്തകിമാര്‍, ഫ്രഞ്ച് വൈൻ, അങ്ങനെ എല്ലാ ആഡംബരങ്ങളുമുണ്ട്. 2019 ൽ, അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള തന്റെ കൂടിക്കാഴ്ചയ്ക്കായി വിയറ്റ്നാമിലേക്ക് ത ട്രെയിനിൽ ചൈനയിലൂടെ 4,500 കിലോമീറ്റർ യാത്ര ചെയ്ത ആളാണ് കിം.