സ്വർണ്ണവും മരതകവുമായി ”സാൻ ജോസും” 4000 ആഡംബര കാറുകളുമായി ”ഫെലിസിറ്റി എയ്സും”
കടലിൽ മുങ്ങിക്കിടക്കുന്ന രണ്ട് നിധിപേടകങ്ങൾ

ലോകത്തെ ഞെട്ടിച്ച് കൊണ്ട് പല വലിയ കപ്പൽ അപകടങ്ങളും നടന്നിട്ടുണ്ട്. ആയിരക്കണക്കിന് ആളുകൾ മരിച്ച കപ്പൽ അപകടങ്ങൾ താനേ ഒരുപാടുണ്ട്. നാശനഷ്ടങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ ലേകത്തെ ഏറ്റവും വലിയ കപ്പലപകടം 1708-ലേതായിരിക്കും. സാൻ ജോസ് എന്ന സ്പാനിഷ് നാവികസേനയുടെ പടക്കപ്പൽ മുങ്ങിത്താഴ്ന്നത്, നാശനഷ്ടങ്ങളുടെ കണക്കിൽ പുതിയ ചരിത്രം കുറിച്ച് കൊണ്ടാണ്. 1698-ല് വെള്ളത്തിലിറക്കിയ കപ്പലാണ് സാൻ ജോസ്.
1708-ൽ കൊളംബിയയിലെ കാർട്ടജീന തുറമുഖ നഗരത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് സാൻ ജോസ് മുങ്ങുന്നത്. സ്വർണവും വെള്ളിയും മരതകവും അടക്കമുള്ള വില കൂടിയ വസ്തുക്കളാണ് അതിലുണ്ടായിരുന്നത്.
സ്പെയിനും ബ്രിട്ടനും തമ്മിൽ യുദ്ധം നടക്കുന്ന സമയമായിരുന്നു അത്. യാത്ര പോകുന്ന വഴിയിൽ സാൻ ജോസിനെ ഒരു ബ്രിട്ടീഷ് യുദ്ധക്കപ്പൽ തടഞ്ഞിരുന്നു. കപ്പലിലെ നിധി പിടിച്ചെടുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. പക്ഷേ, ആ ശ്രമത്തിൽ ഒരു പീരങ്കിയുണ്ട കപ്പലിനെ ലക്ഷ്യമാക്കി എത്തിയിരുന്നു.
അതോടെ സാൻ ജോസ് പൊട്ടിത്തെറിച്ച് മിനിറ്റുകൾക്കുള്ളിൽ മുങ്ങുകയും ചെയ്തു. 2023-ലെ കണക്കുകൾ പ്രകാരം 17 ബില്യൺ യുഎസ് ഡോളർ വിലമതിക്കുന്ന ചരക്കുകളാണ് ആ കപ്പലിൽ ഉണ്ടായിരുന്നത്.
കടലിന്റെ 600 മീറ്റർ ആഴത്തിൽ ഈ കപ്പലുണ്ടെന്ന് 2015-ൽ ഒരു പര്യവേഷണസംഘം സ്ഥിരീകരിച്ചു. കൊളംബിയയ്ക്കടുത്തുള്ള ബാരു ദ്വീപിനോട് ചേർന്നാണ് കപ്പൽ കണ്ടെത്തിയത്. ശാസ്ത്രീയമായ പരിശോധനയ്ക്കൊടുവിൽ അവർ ഉറപ്പിച്ചുപറഞ്ഞു, അത് കാണാതായ സാൻ ജോസ് തന്നെയെന്ന്. അതിനുശേഷവും കപ്പലിൻറെ ഉടമസ്ഥാവകാശത്തിന്റെ പേരിൽ തർക്കം തുടർന്നു. കൊളംബിയൻ, സ്പാനിഷ് സർക്കാരുകൾ മുന്നോട്ടുവന്നു. ഇതിന്റെ അവശിഷ്ടങ്ങൾ തിരിച്ചെടുത്ത് മ്യൂസിയമാക്കണം എന്നായിരുന്നു കൊളംബിയയുടെ ആവശ്യം.
ഇതേപോലെ മിറ്റ്സുയി ഒ എസ് കെ ലൈൻസിന്റെ ഉടമസ്ഥതയിലുള്ള കപ്പലായിരുന്നു ഫെലിസിറ്റി എയ്സ്. 2005-ൽ ജപ്പാനിലാണിത് നിർമിച്ചത്. കാറുകളും ട്രക്കുകളും കൊണ്ടുപോകുന്നതിനായി പ്രത്യേകരീതിയിൽ രൂപകൽപന ചെയ്തതായിരുന്നു ഫെലിസിറ്റി എന്ന കപ്പൽ.
ചുരുങ്ങിയത് 4000 കാറുകൾ വഹിക്കാനുള്ള ശേഷിയും അതിനുണ്ടായിരുന്നു. 2022 ഫെബ്രുവരി 10-ന് ജർമനിയിൽനിന്ന് വണ്ടികളുമായി ഫെലിസിറ്റി അമേരിക്കയിലേക്ക് യാത്ര തിരിച്ചു. 1900-ത്തോളം ഓഡി കാറുകൾ, 1117 പോർഷെ കാറുകൾ, 85 ലംബോർഗിനി, 189 ബെന്റ്ലി എന്നിവ ഉൾപ്പെടെ 3900-ത്തോളം കാറുകളാണ് കപ്പലിലുണ്ടായിരുന്നത്. യാത്ര തുടങ്ങി ആറാം ദിവസം കപ്പലിന് തീപിടിച്ചു. പോർഗുച്ചലിലെ അസോറസിനു തെക്കുഭാഗത്തായിരുന്നു അപ്പോൾ കപ്പൽ ഉണ്ടായിരുന്നത്. ഉടനെ പോർച്ചുഗീസ് നേവി സ്ഥലത്തെത്തി, കപ്പലിലുള്ള 22 ജീവനക്കാരെയും രക്ഷിച്ചു.
എന്നാൽ കപ്പലിലെ തീയണയ്ക്കാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചില്ല. കുറച്ചുദിവസം കപ്പൽ സമുദ്രത്തിൽ ഒഴുകിനടന്നു. പിന്നീട് പതുക്കെ ചെരിയാൻ തുടങ്ങി. ഒടുവിൽ 2022 മാർച്ച് ആദ്യം കപ്പൽ മറിഞ്ഞ് മുങ്ങിപ്പോവുകയും ചെയ്തു. ഏകദേശം 400 മില്യൺ ഡോളറിലധികം വിലമതിക്കുന്ന ചരക്കുകളാണ് കപ്പലിലുണ്ടായിരുന്നതെന്ന് പിന്നീട് റിപ്പോർട്ട് ചെയ്യപ്പെട്ടു.
അപ്പോഴും തീപിടുത്തത്തിനുള്ള കാരണമൊന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല. 2024-ൽ മിറ്റ്സുയി ഒഎസ്കെ ലൈൻസ്, പോർഷെ കമ്പനിക്കെതിരെ കേസുകൊടുത്തു. പോർഷെയുടെ ഇലക്ട്രിക് വാഹനത്തിലെ ബാറ്ററിയാണ് ഈ തീപിടുത്തത്തിന് കാരണമെന്നായിരുന്നു അവരുടെ വാദം.
കപ്പലിന്റെ ഇൻഷുറൻസ് കമ്പനിയായ അലയൻസും കേസിൽ കക്ഷിയായി. ഇലക്ട്രിക് വാഹനങ്ങൾ കൊണ്ടുപോകുമ്പോൾ ആവശ്യമായ മുൻകരുതലുകളെക്കുറിച്ച് കപ്പലുടമകളെ അറിയിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്നായിരുന്നു കേസിലെ ആരോപണം.
എന്നാൽ വീണ്ടെടുക്കൽ ഒന്നും നടന്നതുമില്ല. അറ്റ്ലാന്റിക് സമുദ്രത്തിൽ ഏതാണ്ട് പതിനായിരം അടി താഴ്ചയിലാണ് ഈ കപ്പൽ കിടക്കുന്നത്.