ഓണപ്പുടവ സമര്‍പ്പണം, പതിനായിരം പേര്‍ക്ക് പ്രസാദ ഊട്ട്, രണ്ടു മണി മുതല്‍ ബുഫേ; തിരുവോണ നിറവില്‍ ഗുരുവായൂര്‍

തിരുവോണ ദിവസമായ ഇന്ന് പതിവ് ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ വിശേഷാല്‍ കാഴ്ച ശീവേലിയും മേളവും ഉണ്ടാകും. പുലര്‍ച്ചെ നാലരയ്ക്കാണ് ഗുരുവായൂരപ്പന് ഓണപ്പുടവ സമര്‍പ്പണം. ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന് നമ്പൂതിരിപ്പാട് ആദ്യം ഓണപ്പുടവ സമര്‍പ്പിക്കും. തുടര്‍ന്ന് ദേവസ്വം ചെയര്‍മാനും ഭരണസമിതി അംഗങ്ങളും ഭക്തരും ഓണപ്പുടവ സമര്‍പ്പിക്കും. ഉഷപൂജ വരെ ഭഗവാന് ഓണപ്പുടവ സമര്‍പ്പിക്കാം.
തിരുവോണത്തിന് പതിനായിരം പേര്‍ക്കുള്ള വിശേഷാല്‍ പ്രസാദ ഊട്ട് രാവിലെ 9ന് തുടങ്ങും. പ്രസാദ ഊട്ടിനുള്ള വരി (ക്യൂ) ഉച്ചയ്ക്ക് 2 മണിക്ക് അവസാനിപ്പിക്കും. 2 മണി മുതല്‍ ബുഫേ തുടങ്ങും. കാളന്, ഓലന്‍, എരിശ്ശേരി, പഴം പ്രഥമന്‍, മോര്,പപ്പടം, അച്ചാര്‍, ഉള്‍പ്പെടെയുളള വിഭവങ്ങള്‍ ഉണ്ടാകും. പ്രഭാത ഭക്ഷണം ഉണ്ടാവില്ല.
ഓണനാളുകളില്‍ ഗുരുവായൂരപ്പ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്കെല്ലാം ദര്‍ശനം ഒരുക്കും. ഭക്തരുടെ സൗകര്യാര്‍ത്ഥം സെപ്റ്റംബര്‍ 7 ഞായറാഴ്ച വരെ ദര്‍ശനസമയം ഒരു മണിക്കൂര്‍ കൂട്ടി. ക്ഷേത്രം നട ഉച്ചയ്ക്ക് 3.30 ന് തുറക്കും.