അഭിജിത്തോ അബിനോ?; യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി ചര്‍ച്ചകള്‍ സജീവം

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹി ശ്രാവണ്‍ റാവു കേരള നേതാക്കളെ കണ്ടു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ സംബന്ധിച്ച് ഇതുവരെ സമവായമായിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ നിയമിക്കാതെ മുന്നോട്ടു പോകാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
നിലവിലെ സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി, കെഎസ് യു മുന്‍ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്, ബിനു ചുള്ളിയില്‍ തുടങ്ങിയവരുടെ പേരുകളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. രമേശ് ചെന്നിത്തല അബിന്‍ വര്‍ക്കിയെ പിന്തുണയ്ക്കുന്നു. കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പില്‍ ഒന്നര ലക്ഷത്തിലേറെ വോട്ടു നേടിയ അബിനെ പ്രസിഡന്റ് ആക്കാതിരുന്നാല്‍ നീതിനിഷേധമാകുമെന്നാണ് ഐ ഗ്രൂപ്പ് പറയുന്നത്.
കെ എം അഭിജിത്തിന്റെ പേരാണ് എ ഗ്രൂപ്പ് മുന്നോട്ടു വെക്കുന്നത്. കെ സി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന പക്ഷം ബിനു ചുള്ളിയിലിനെയും നിര്‍ദേശിക്കുന്നുണ്ട്. ഒ ജെ ജനീഷും നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. ലൈംഗിക ആരോപണത്തെത്തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചതിനെത്തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് ഒഴിവു വന്നത്. 16 ദിവസമായി യൂത്ത് കോൺഗ്രസിന് അധ്യക്ഷനില്ലാത്തത് സംഘടനാപരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.